Connect with us

child kidnap

ആറ് വയസുകാരിയുടെ തട്ടിക്കൊണ്ടുപോകല്‍; കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം

കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി പുതിയ രേഖാചിത്രം തയ്യാറാക്കി

Published

|

Last Updated

കൊല്ലം | ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി.

ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛന്‍ റെജി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ് റെജി. ഈ സ്ഥാനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

റെജിയുടെ ഒരു ഫോണ്‍ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം അമ്മയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ നടന്ന വിവിധ സംഭവങ്ങളില്‍ പോലീസിനു സംശയമുണ്ട്. ഈ പശ്ചാത്തലത്തില്‍ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്നാണു പോലീസ് പറയുന്നു.
പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്‌ളാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പോലീസ് പരിശോധിച്ചത്.

പ്രതികളുടെ ലക്ഷ്യം മറ്റെന്തെങ്കിലുമായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പശ്ചാത്തലം കൂടി പരിശോധിക്കുന്നത്. റെജി പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ നിന്നു വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്കു പോവുകയും തിങ്കളാഴ്ച രാവിലെ തിരികെ വരുന്നതുമായിരുന്നു പതിവ്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറു വയസ്സുകാരി ആശുപത്രി വിട്ടു. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ച് മൊഴിയെടുക്കുമെന്നു പോലീസ് അറിയിച്ചു. പോലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്.

കുട്ടി പറഞ്ഞ വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് തയ്യാറാക്കിയ പുതിയ രേഖാചിത്രംപുറത്തുവിട്ടു. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍ ഉണ്ടെന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടത്. സംഘത്തിലെ മറ്റു അംഗങ്ങളുടെ മുഖം ഓര്‍മയില്ലെന്ന് ആറു വയസുകാരി പറഞ്ഞു.

 

Latest