National
ഇ ഡി നോട്ടീസ് ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയുടെ പ്രതികാരമെന്ന് എ എ പി നേതാവ് അതിഷി
ഫെബ്രുവരി 26 ന് ചോദ്യം ചെയ്യലിനായി ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കെജ് രിവാളിന് ഏഴാമത്തെ സമന്‍സ് അയച്ചത്
ന്യൂഡല്‍ഹി | ചണ്ഡീഗഡിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ സുപ്രീംകോടതിയില്‍ നിന്നേറ്റ തിരിച്ചടിയുടെ പ്രതികാരമായാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ഇ ഡി പുതിയ സമന്‍സ് അയച്ചതെന്ന് എ എ പി നേതാവ് അതിഷി. എ എ പി യെയും കെജ് രിവാളിനെയും ഭയപ്പെടുത്താനാണ് ഇ ഡി യെ ഉപയോഗിച്ച് ബി ജെ പി ശ്രമിക്കുന്നതെന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ അതിഷി ആരോപിച്ചു. ഫെബ്രുവരി 26 ന് ചോദ്യം ചെയ്യലിനായി ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കെജ്‍രിവാളിന് ഏഴാമത്തെ സമന്‍സ് അയച്ചത്.
എന്നാല്‍ നിയമവിരുദ്ധമാണെന്ന് കാണിച്ച് എല്ലാ സമന്‍സുകളും കെജ് രിവാള്‍ തള്ളി. ചൊവ്വാഴ്ചയാണ് ചണ്ഡീഗഡിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് സ്ഥിരീകരിച്ചത്. ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിച്ച് ബി ജെ പി വിജയിച്ചതിനെ കോടതി അസാധുവാക്കുകയും ചെയ്തു. ശേഷം എ എ പി – കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ പുതിയ മേയറായി പ്രഖ്യാപിക്കുകയുമായിരുന്നു.
എ എ പി യും കെജ്‍രിവാളും ഇ ഡി യെ ഭയക്കുന്നില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബി ജെ പി ക്കെതിരെ ഇനിയും പോരാടുമെന്നും അതിഷി വ്യക്തമാക്കി.