Kerala
നെയ്യാറ്റിന്‍കരയില്‍ ബേക്കറിയുടമായ സ്ത്രീയുടെ മരണം; കോണ്‍ഗ്രസ് കൗണ്‍സിലറെ പ്രതി ചേര്‍ത്തു
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിനെ പോലീസ് പ്രതി ചേര്‍ത്തത്.

തിരുവനന്തപുരം| നെയ്യാറ്റിന്‍കരയില്‍ ബേക്കറി ഉടമയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിനെ പോലീസ് പ്രതി ചേര്‍ത്തത്. വായ്പ ശരിയാക്കാമെന്ന രീതിയില്‍ സമീപിച്ച് നിരന്തരം കൗണ്‍സിലര്‍ മോശമായി പെരുമാറിയെന്നാണ് മക്കള്‍ക്കെഴുതിയ ആത്മഹത്യാ കുറിപ്പില്‍ സ്ത്രീ പറയുന്നത്. മൂന്നുമാസം മുമ്പ് വീട്ടമ്മ ഒരു ബേക്കറി തുടങ്ങിയിരുന്നു. ജോസ് ഫ്രാങ്ക്‌ളിന്‍ പ്രസിഡന്റ് ആയ സൊസൈറ്റി വഴി ഇവര്‍ വായ്പക്ക് ശ്രമിച്ചിരുന്നു.
ഫോണ്‍ രേഖകളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്‌ളിന്‍. എന്നാല്‍ ആരോപണം ജോസ് ഫ്രാങ്ക്‌ലിന്‍ നിഷേധിച്ചു. സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് കൗണ്‍സിലറുടെ വാദം. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്നു മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുറിപ്പ് കണ്ടെടുത്തതോടെയാണ് ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തിയത്.