Articles
ഒരു പ്രമേയം കൊണ്ട് യുദ്ധം അവസാനിക്കില്ല
ഗസ്സയില്‍ തുടരുന്ന മാനുഷിക ദുരന്തം തടയാന്‍ അന്താരാഷ്ട്ര സംഘടനകളും രാഷ്ട്രങ്ങളും നടത്തുന്ന ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടുകൊണ്ടിരിക്കെ യു എന്‍ രക്ഷാ സമിതിയില്‍ നിന്നുള്ള സദ്‌വാര്‍ത്ത ലോകത്തിന്റെ പ്രതീക്ഷക്ക് വെളിച്ചം പകരുന്നതാണ്. എന്നാല്‍ രക്ഷാ സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ ഇസ്‌റാഈല്‍ സന്നദ്ധമായാല്‍ മാത്രമേ പ്രമേയത്തിന് അര്‍ഥമുള്ളൂ. ടെല്‍അവീവില്‍ നിന്നുള്ള പ്രതികരണം ആശാവഹമല്ല.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ യു എന്‍ രക്ഷാ സമിതിയില്‍ അമേരിക്ക സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്യപ്പെട്ടുവെങ്കിലും രക്തച്ചൊരിച്ചില്‍ നിര്‍ത്താന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. മാത്രമല്ല, രക്ഷാ സമിതിയില്‍ അമേരിക്ക പുതുതായി സ്വീകരിച്ച നിലപാട് ഇസ്‌റാഈലിനോടുള്ള ആ രാജ്യത്തിന്റെ മനം മാറ്റമായി കാണേണ്ടതുമില്ല. രക്ഷാ സമിതിയില്‍ കണ്ടത് ബെഞ്ചമിന്‍ നെതന്യാഹുവും ജോ ബൈഡനും തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തിന്റെ പ്രതിഫലനമാണ്. രണ്ട് ഭരണാധികാരികള്‍ തമ്മിലുള്ള തര്‍ക്കത്തെ രാജ്യങ്ങള്‍ തമ്മിലുള്ള നിലപാട് മാറ്റമായി കാണേണ്ടതില്ല. ജോ ബൈഡന്‍ സഹികെട്ട് നടത്തിയ ചുവടുമാറ്റമാണ് യു എന്‍ രക്ഷാ സമിതിയില്‍ പ്രകടമായതെന്നാണ് അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് വിശദീകരിക്കുന്നത്. അതിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് അമേരിക്ക ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ച് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ അനല്‍ ഷൈലിന്‍ രാജിവെച്ചു.
രക്ഷാ സമിതിയിലെ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അമേരിക്കയുടെ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത്, ഫലസ്തീന്‍ വിഷയത്തില്‍ ഇസ്‌റാഈലിനുള്ള അമേരിക്കയുടെ പിന്തുണ തുടരുമെന്നാണ്. ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ തുടരുന്ന മനുഷ്യക്കുരുതിയെ അപലപിക്കാന്‍ അമേരിക്ക ഇപ്പോഴും തയ്യാറായിട്ടില്ല. സിവിലിയന്മാരെ സംരക്ഷിക്കാനും ഗസ്സക്ക് കൂടുതല്‍ സഹായം അനുവദിക്കാനും ബൈഡന്‍ ഇസ്‌റാഈലിനോട് അഭ്യര്‍ഥിച്ചിരുന്നു. ഗസ്സയില്‍ മരണസംഖ്യ വര്‍ധിക്കുകയാണ്. അഭയാര്‍ഥികള്‍ക്കുള്ള അന്താരാഷ്ട്ര സഹായങ്ങള്‍ തടയുന്ന ഇസ്‌റാഈല്‍ നടപടിയോടുള്ള അമേരിക്കയുടെ വിയോജിപ്പ് നെതന്യാഹു ആവര്‍ത്തിച്ച് അവഗണിക്കുന്നതില്‍ ബൈഡന്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. സുഹൃദ് രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്കക്ക് അകത്ത് നിന്നും ഇസ്‌റാഈലിന്റെ കിരാത നടപടിക്കെതിരെ ഉയരുന്ന പ്രതിഷേധം അവഗണിക്കാനാകാത്ത അവസ്ഥയിലായിരുന്നു ബൈഡന്‍.
എന്നാല്‍ ഫലസ്തീനില്‍ സമാധാനം കൈവരുത്താന്‍ അമേരിക്ക ചെയ്യേണ്ടത് ഇസ്‌റാഈലിനുള്ള ആയുധ കൈമാറ്റം നിര്‍ത്തിവെക്കലാണ്. അമേരിക്ക അതിന് തയ്യാറായിട്ടില്ല. സ്ത്രീകളും കുട്ടികളുമടക്കം 35,000ലേറെ പേര്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടു. അഭയാര്‍ഥി കേന്ദ്രങ്ങള്‍ പോലും ബോംബിംഗിന് വിധേയമായിക്കൊണ്ടിരിക്കുമ്പോഴും ഇസ്‌റാഈലിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാത്യൂ മില്ലര്‍ കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ മാധ്യമങ്ങളോട് പറഞ്ഞത്, യുദ്ധം ആരംഭിച്ച് ആറ് മാസത്തോടടുത്തുവെങ്കിലും ഇസ്‌റാഈല്‍ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചിട്ടില്ല എന്നാണ്. യു എന്‍ രക്ഷാ സമിതിയുടെ പ്രമേയത്തിനു ശേഷവും ഇസ്‌റാഈലിന് 2.5 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്.
അഞ്ച് മാസമായി ഇസ്റാഈല്‍ ഗസ്സയില്‍ തുടരുന്ന അക്രമം തടയുന്നതിന് നൈജീരിയ അവതരിപ്പിച്ച വെടിനിര്‍ത്തല്‍ പ്രമേയം യു എന്‍ രക്ഷാ സമിതി പാസ്സാക്കുകയുണ്ടായി. നേരത്തേ മൂന്ന് തവണ രക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയത്തിനെതിരെ വീറ്റോ അധികാരം ഉപയോഗിച്ച അമേരിക്ക ഇത്തവണ വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. അതുകൊണ്ട് പതിനഞ്ചംഗ രക്ഷാ സമിതിയില്‍ പതിനാല് വോട്ട് നേടി പ്രമേയം പാസ്സാകുകയാണ് ഉണ്ടായത്. നേരത്തേ വോട്ടെടുപ്പില്‍ നിന്ന് മാറി നിന്ന അമേരിക്കയുടെ സഖ്യകക്ഷിയായ ബ്രിട്ടന്‍ ഇത്തവണ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു എന്നത് ആശാവഹമാണ്.
ഗസ്സയില്‍ തുടരുന്ന മാനുഷിക ദുരന്തം തടയാന്‍ അന്താരാഷ്ട്ര സംഘടനകളും രാഷ്ട്രങ്ങളും നടത്തുന്ന ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടുകൊണ്ടിരിക്കെ യു എന്‍ രക്ഷാ സമിതിയില്‍ നിന്നുള്ള ഈ സദ്‌വാര്‍ത്ത സമാധാനവും സുരക്ഷയും നിലനിന്നു കാണാനുള്ള ലോകത്തിന്റെ പ്രതീക്ഷക്ക് വെളിച്ചം പകരുന്നതാണ്. എന്നാല്‍ രക്ഷാ സമിതിയുടെ തീരുമാനം അംഗീകരിക്കാന്‍ ഇസ്‌റാഈല്‍ സന്നദ്ധമായാല്‍ മാത്രമേ പ്രമേയത്തിന് അര്‍ഥമുള്ളൂ. ടെല്‍അവീവില്‍ നിന്നുള്ള പ്രതികരണം ആശാവഹമല്ല. വെടിനിര്‍ത്തല്‍ പ്രമേയത്തെ വീറ്റോ ചെയ്യാത്തതില്‍ ഇസ്‌റാഈല്‍ ഭരണകൂടം അമേരിക്കക്കെതിരെ വാളോങ്ങുകയാണ്. ജോ ബൈഡന്‍ ഇസ്‌റാഈലിനെ വഞ്ചിച്ചു എന്ന രീതിയിലാണ് പ്രതികരണം. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസില്‍ നിന്നുള്ള പ്രതികരണം തീക്ഷ്ണമായിരുന്നു. ലോക പോലീസിന്റെ ഭാഷയിലാണ് നെതന്യാഹു അമേരിക്കയെ വിമര്‍ശിച്ചത്. ബന്ദികളെ മോചിപ്പിക്കാനുള്ള ഇസ്‌റാഈല്‍ ശ്രമത്തെ അമേരിക്ക തുരങ്കം വെക്കുകയാണെന്നും ഹമാസിനെ പിന്തുണക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും നെതന്യാഹുവിന്റെ ഓഫീസ് കുറ്റപ്പെടുത്തി. ഇത് ബൈഡന്റെ മുഖത്തേറ്റ അടിയാണ്. തങ്ങളുടെ സഹായത്തോടെ നിലനില്‍ക്കുന്ന ഒരു രാജ്യം പരസ്യമായി തങ്ങളെ കുറ്റപ്പെടുത്തിയിട്ടും പ്രതികരിക്കാനാകാത്ത അമേരിക്കയുടെ അവസ്ഥയില്‍ ലോക നേതാക്കള്‍ അത്ഭുതപ്പെടുകയാണ്. തങ്ങളാണ് സൂപ്പര്‍ പവര്‍ എന്ന അമേരിക്കയുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമായി ഇസ്‌റാഈലിന്റെ നിലപാടിനെ വിലയിരുത്തപ്പെടുന്നു. പ്രമേയം തടയുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
അമേരിക്കയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇസ്‌റാഈല്‍ മന്ത്രിമാരുടെ അമേരിക്കന്‍ സന്ദര്‍ശനം ഇസ്‌റാഈല്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ലോകത്തിന്റെ മുമ്പില്‍ തങ്ങള്‍ ഒറ്റപ്പെടുന്നത് ഒഴിവാക്കാന്‍ രണ്ട് ദിവസത്തിന് ശേഷം ഇസ്‌റാഈല്‍ പ്രധാനമന്ത്രി മലക്കം മറിയുകയുണ്ടായി. ഇസ്‌റാഈല്‍ മന്ത്രിമാര്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നത് റദ്ദാക്കിയ തീരുമാനം നെതന്യാഹു പിന്‍വലിച്ചിരിക്കുകയാണ്. കൂടാതെ നേരത്തേ നിശ്ചയിച്ച വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരാനും ഇസ്‌റാഈല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഖത്വറിലും ഈജിപ്തിലും സന്ദര്‍ശനം നടത്താന്‍ മൊസാദിന്റെ ഉദ്യോഗസ്ഥർക്ക് നെതന്യാഹു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള വ്യവസ്ഥ വെടിനിര്‍ത്തല്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താത്തതിലാണ് ഇസ്‌റാഈലിന്റെ അമര്‍ഷം. യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ പ്രമേയങ്ങള്‍ അനുസരിക്കേണ്ടത് നിയമപരമായി അതതു രാജ്യങ്ങളുടെ ബാധ്യതയായി കണക്കാക്കപ്പെടുന്നു. തങ്ങള്‍ക്കെതിരെയുള്ള യു എന്‍ പ്രമേയങ്ങള്‍ക്ക് ഒരിക്കല്‍ പോലും വിലകല്‍പ്പിക്കാത്ത ഇസ്‌റാഈലില്‍ നിന്ന് മറിച്ചൊരു തീരുമാനം ഉണ്ടാകണമെങ്കില്‍ ഇസ്‌റാഈലിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ അമേരിക്ക തയ്യാറാകണം.
സെനറ്റ് അംഗങ്ങളുടെ എതിര്‍പ്പുകള്‍ മറികടന്ന് ഇസ്‌റാഈലിനെ ആയുധമണിയിക്കാന്‍ താത്പര്യം കാണിച്ച ബൈഡനില്‍ നിന്ന് അത്തരം ഒരു നീക്കം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൂടാ. ഫലസ്തീനിനെതിരെ ഇസ്‌റാഈല്‍ ഭീഷണി ആവര്‍ത്തിക്കുന്നത് അമേരിക്ക നല്‍കിയ ആയുധത്തിന്റെ ബലത്തിലാണ്. ഗസ്സയില്‍ നിന്ന് യുദ്ധം റഫയിലേക്ക് വ്യാപിപ്പിക്കാന്‍ നെതന്യാഹു ശ്രമം നടത്തിയതും അമേരിക്കയില്‍ നിന്നുള്ള ആയുധ ശേഖരത്തിന്റെ ഹുങ്കിലാണ്. മാത്രമല്ല അടുത്ത മിത്രമായ ഇസ്‌റാഈലിനെ കൈവിടാന്‍ അമേരിക്കക്കാകില്ല.
ഇസ്‌റാഈലുമായുള്ള അമേരിക്കയുടെ ഹൃദയ ബന്ധം ഇസ്‌റാഈല്‍ സ്ഥാപിതമായ 1948 മുതലുള്ളതാണ്. ഇസ്‌റാഈല്‍ രൂപവത്കരിച്ച് ഒരു മണിക്കൂര്‍ തികയും മുന്പേ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ആ രാജ്യത്തെ അംഗീകരിക്കുകയുണ്ടായി. അതിനു ശേഷം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന പല സന്ദര്‍ഭങ്ങളുണ്ടായിരുന്നുവെങ്കിലും അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയായിരുന്നു. ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരെ തുടരുന്ന അതിക്രമങ്ങളില്‍ നിന്ന് ഇസ്‌റാഈലിനെ പിന്തിരിപ്പിക്കാന്‍ അമേരിക്കക്ക് സാധിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഒരു പ്രമേയം കൊണ്ട് മാത്രം അത് സാധ്യമല്ല.