Connect with us

ആത്മായനം

പാഠമാകേണ്ട പതനം

തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കുകയും അതിൽ നിന്ന് പിന്മാറാനുള്ള വഴികൾ തേടുകയും പശ്ചാത്താപ മനസ്സോടെയും ദൈവഭക്തിയോടെയും മനസ്സിനെ നന്മയിലേക്ക് തിരിച്ചു വെക്കുകയുമാണ് ശരിയായ നടപടി.

Published

|

Last Updated

വിശുദ്ധ ഖുർആൻ പല തവണ ആവർത്തിച്ച ചരിത്രമാണ് ഇബ്്ലീസിന്റെ പതനം. ആ സംഭവത്തിൽ നിന്ന് മനുഷ്യർക്കേറെ പഠിക്കാനുണ്ടെന്നതു തന്നെയാണ് ഈ ആവർത്തനത്തിന്റെ കാരണങ്ങളിലൊന്ന്. വിശുദ്ധ ഖുർആൻ ഒരു കാര്യം ആവർത്തിക്കുന്നത് ആഴവും പരപ്പുമുള്ള ആശയങ്ങളുടെ നിരന്തരോത്പാദനം ലക്ഷ്യം വെച്ചു കൂടിയാണ്.

മനുഷ്യരെ സൃഷ്ടിക്കാനൊരുങ്ങവേ അല്ലാഹു അവന്റെ മലക്കുകളോട് അഭിപ്രായമാരാഞ്ഞു. കലാപങ്ങളും രക്തച്ചൊരിച്ചിലും ഉണ്ടാക്കുന്ന ഒരു വിഭാഗത്തെ നീ സൃഷ്ടിക്കുകയാണോ എന്ന നിഷേധാത്മക പ്രതികരണമാണ് അവരിൽ നിന്നുണ്ടായത്. “നിങ്ങളറിയാത്ത കാര്യങ്ങൾ എനിക്കറിയാം’ എന്ന തീർപ്പിൽ അല്ലാഹു ആദമിനെ സൃഷ്ടിച്ചു. ആദമിന് സർവവിജ്ഞാനങ്ങളും നൽകി. സർവതിന്റെയും നാമങ്ങൾ പഠിപ്പിച്ചു. തുടർന്ന് വിവിധങ്ങളായ വസ്തുക്കൾ കാണിച്ചുകൊണ്ട് അവയുടെ നാമങ്ങൾ പറയാൻ അല്ലാഹു മലക്കുകളോട് ആവശ്യപ്പെട്ടു.

അവർക്കറിയില്ലായിരുന്നു.അവർ ആശങ്കയോടെ പറഞ്ഞു “നീ പരിശുദ്ധൻ, നീ തന്നിട്ടില്ലാത്ത ഒരറിവും ഞങ്ങൾക്കില്ല’. അല്ലാഹുവിന്റെ കൽപ്പനപ്രകാരം ആദം (അ) മലക്കുകൾക്ക് ആ വസ്തുക്കളുടെ നാമങ്ങൾ പറഞ്ഞുകൊടുത്തു. ഈ അധ്യാപനത്തിന് ആദരസൂചകമായി ആദമിന് സുജൂദ് ചെയ്യണമെന്ന് അല്ലാഹു മലക്കുകളോടെല്ലാം കൽപ്പിച്ചു (അല്ലാഹുവിന്റെ കൽപ്പന പ്രകാരം ചെയ്യുന്ന ആ സുജൂദും യഥാർഥത്തിൽ അല്ലാഹുവിന് തന്നെയുള്ളതാണ്). അവരൊന്നടങ്കം ആദമിന് മുന്നിൽ സുജൂദ് ചെയ്ത് അല്ലാഹുവിനെ അനുസരിച്ചു. അവരുടെ നേതാവായ ഇബ്്ലീസ് മാത്രം വിട്ടുനിന്നു. ഇതേ കുറിച്ച് അല്ലാഹു ഇബ്‌ലീസിനോട് ചോദിച്ചു. “ഞാൻ അവനെക്കാൾ ഉന്നതനാണ്’ എന്നായിരുന്നു ഇബ്്ലീസിന്റെ പ്രതികരണം. ഉള്ളിലെ അഹംബോധം പുറത്തുവന്നപ്പോൾ അവനെ സ്വർഗത്തിൽ നിന്നും വിലക്കി; പുറത്താക്കി. അഹങ്കാരം കാരണം അവൻ ശപിക്കപ്പെട്ടവനായി തീർന്നു. നമുക്കീ സംഭവത്തിലെ പാഠങ്ങൾ ഒന്ന് ചികഞ്ഞാലോ…?
ശരി, പറയാം:

പാഠം 1

അഹങ്കാരം എല്ലാത്തിനെയും കീഴ്മേൽ മറിച്ചിടും. താൻ അപരനെക്കാൾ മികച്ചവനാണെന്ന ധാരണയിൽ നിന്ന് മുളക്കുന്നതാണ് അഹങ്കാരം. അഹങ്കാരം കാരണമായി അറിവ്, ചിന്ത, ധർമബോധം, മര്യാദ തുടങ്ങിയ സദ്ഗുണങ്ങളെല്ലാം മരവിച്ചു പോകും. മലക്കുകൾക്കിടയിൽ സർവാദരണീയനായിരുന്ന ഇബ്‌ലീസ് എത്ര വേഗത്തിലാണ് പതനത്തിനു കീഴ്പ്പെട്ടത്. തന്നെ സംബന്ധിച്ച് അതിരുകളില്ലാത്ത അഭിമാനവും അന്യരോടുള്ള അമിതമായ അവമതിപ്പും ദൈവിക ദൃഷ്ടാന്തങ്ങളെ നിഷേധിക്കാൻ പോലും കാരണമായിത്തീരുന്നു. സത്യനിഷേധികൾക്ക് ഇഹത്തിലും പരത്തിലും പരാജയവും നിന്ദ്യതയും ഏറ്റുവാങ്ങാനിടയാക്കുന്നത് അഹങ്കാരം നിമിത്തമായിരിക്കുമെന്ന് ഖുർആനിൽ പറയുന്നുണ്ട്. “അന്യായമായി ഭൂമിയിൽ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഞാൻ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തങ്ങളും ദർശിച്ചാലും അവരതിൽ വിശ്വസിക്കുകയില്ല. നേർമാർഗം കണ്ടാൽ അവരതിനെ മാർഗമായി സ്വീകരിക്കില്ല. ദുർമാർഗം കണ്ടാൽ അവരത് വഴിയായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർ നിഷേധിച്ചു കളയുകയും അവയെപ്പറ്റി അവർ അശ്രദ്ധരായിരിക്കുകയും ചെയ്യുന്നതിന്റെ ഫലമാണത്’ (വിശുദ്ധ ഖുർആൻ 7:146).

പാഠം 2

തെറ്റിനെ ന്യായീകരിക്കരുത്

തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കുകയും അതിൽ നിന്ന് പിന്മാറാനുള്ള വഴികൾ തേടുകയും പശ്ചാത്താപ മനസ്സോടെയും ദൈവഭക്തിയോടെയും മനസ്സിനെ നന്മയിലേക്ക് തിരിച്ചു വെക്കുകയുമാണ് ശരിയായ നടപടി.ന്യായീകരണം കൊണ്ട് കൂടുതൽ ഗുരുതരാവസ്ഥകളെയാണ് വിളിച്ചുവരുത്തുക.അത് മുഖേന കുറ്റങ്ങൾ വലിയതോതിൽ വർധിക്കുകയേ ചെയ്യൂ. അല്ലാഹുവിന്റെ നിർദേശം പാലിക്കാതിരുന്ന ഇബ്‌ലീസ്, ചെയ്ത തെറ്റിനെ ന്യായീകരണം കൊണ്ട് മോടി പിടിപ്പിക്കാനാണ് ശ്രമിച്ചത്. നീ അല്ലാഹുവിനെ സൂക്ഷിക്കൂ എന്ന് നിർദേശിക്കപ്പെടുമ്പോൾ കുറ്റകരമായ ദുരഭിമാനം അവനെ പിടികൂടുന്നു. അവന് നരകം മതി. അത് നീച സങ്കേതമത്രേ.’ (വി. ഖു. 2/206) എന്ന സൂക്തം ദൈവിക കൽപ്പനകൾ അനുസരിക്കാതിരിക്കാൻ ന്യായീകരണങ്ങൾ കാണുന്ന സർവർക്കുമുള്ള മുൻകരുതലാണ്.

പാഠം 3,

മതത്തിന്റെ നിർദേശങ്ങൾക്കുമേൽ അനവസരത്തിൽ അഭിപ്രായം പറയുന്നതും അർഹതയില്ലാതെ നിയമങ്ങൾ നിർമിക്കുന്നതും വിനാശകരമാണ്.ന്യായാന്യായങ്ങൾ രൂപപ്പെടുത്തേണ്ടത് ഇസ്്ലാമിന്റെ അച്ചുതണ്ടിൽ ആകണം. അതേക്കുറിച്ച് അവഗാഹമുള്ള പണ്ഡിതർക്ക് മാത്രമേ അതിന് അവകാശമുള്ളൂ. നമ്മൾ പുതിയത് ചമച്ചുണ്ടാക്കേണ്ടതില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ നിയമങ്ങൾ നിർമിക്കുക വഴി വലിയ വൈരുധ്യങ്ങളും തീർത്താൽ തീരാത്ത പ്രശ്നങ്ങളും മാത്രമാണ് ബാക്കിയാവുക. വിശുദ്ധ ഖുർആൻ ഈ കാര്യം വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നുണ്ട് : “അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ സ്വന്തം നിലക്ക് തീരുമാനമെടുക്കാൻ ഒരു സത്യവിശ്വാസിക്കും വിശ്വാസിനിക്കും അവകാശമില്ല. ആര് അല്ലാഹുവിനോടും അവന്റെ റസൂലിനോടും ധിക്കാരം കാണിക്കുന്നുവോ അവർ വ്യക്തമായും വഴിതെറ്റിയവരാണ് (സൂറ: അഹ്സാബ് 36) ആയത്തുകളും ഹദീസുകളും വളച്ചൊടിച്ച് ഇസ്്ലാമിന്റെ പേരിൽ വ്യാജം കെട്ടിച്ചമക്കുന്ന മത വൈകൃതവാദികൾ ഇബ്്ലീസിന്റെ ഈ നയത്തെയാണ് പിന്തുടരുന്നത്. ശരിയായ സ്രോതസ്സുകളിൽ നിന്ന് ഇസ്്ലാം പഠിക്കാത്തവരാണ് ഇത്തരം പ്രവൃത്തികൾക്ക് മുതിരുന്നത്.

പാഠം 4

സൃഷ്ടികളെ അനാദരിക്കരുത്.

ചെറുപ്രാണികൾ മുതൽ പ്രപഞ്ചത്തിലെ സർവ സൃഷ്ടികൾക്കും അല്ലാഹു വ്യത്യസ്ത ദൗത്യങ്ങൾ നൽകിയിട്ടുണ്ട്. ആ ദൗത്യത്തെ നിർവഹിക്കുന്നതിൽ അവർ സദാ വ്യാപൃതരാണ്. സൃഷ്ടികളിൽ തന്നെ കൂടുതൽ ആദരിക്കാൻ നിർദേശിക്കപ്പെട്ട കാര്യങ്ങളെ അങ്ങനെതന്നെ പരിഗണിക്കണം.അറിവിലും കർമങ്ങളിലും ഏറെ മികവു കാണിച്ച ഇബ്്്ലീസ് പരാജയപ്പെട്ടു പോയത് ഈ പരിഗണന നൽകാത്തത് കൊണ്ടാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുക എന്നത് തഖ്‌വയുടെ ഭാഗമാണ്. അക്കാര്യം വിശുദ്ധ ഖുർആൻ സൂറ: ഹജ്ജിലൂടെ പഠിപ്പിക്കുന്നുമുണ്ട്. നിങ്ങൾ അല്ലാഹുവിന്റെ ചിഹ്നങ്ങളെ അനാദരിക്കരുത് എന്ന് സൂറത്തുൽ മാഇദയും അടിവരയിടുന്നുണ്ട്.

പാഠം 5

വിവിധങ്ങളായ ആശയ വൈകല്യങ്ങളുടെ പ്രതിസന്ധി കാലത്ത് നമ്മൾ സത്യവിശ്വാസികളുടെ കൂടെയാണ് അടിയുറച്ചു നിൽക്കേണ്ടത്. വ്യാജ ആത്മീയതയും മത വൈകൃത ചിന്താഗതികളും അലങ്കാരങ്ങളുടെ ഉടയാട ധരിച്ച് പ്രത്യക്ഷപ്പെടുമ്പോൾ അവകളുടെ ചതിക്കുഴിയിൽ അകപ്പെടുന്നത് നാം കരുതിയിരിക്കണം. ശരികളുടെ സംഘങ്ങളിൽ ചേരാതെ സ്വന്തമായി നിലപാടെടുക്കുന്ന രീതി ശരിയല്ല. അതാണ് ഇബ്്ലീസിന് പരാജയം കൊണ്ട് കൊടുത്തത്. സുജൂദ് ചെയ്യുന്നവരുടെ കൂടെ നിൽക്കാൻ അവൻ വിസമ്മതിച്ചു എന്ന് ഖുർആൻ പറഞ്ഞത് ആ നിലപാടിനോടുള്ള വിമർശം ഉയർത്തിക്കൊണ്ടാണ്. “വല്ലവരും സന്മാർഗം വ്യക്തമായ ശേഷം സത്യദൂതന്റെ എതിർ ചേരിയിൽ ആവുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിൻപറ്റുകയും ചെയ്യുന്ന പക്ഷം അവന്റെ ഉത്തരവാദിത്വം നാം അവനെ തന്നെ ഏൽപ്പിക്കുന്നതാണ്.

അവനെ നാം നരകത്തിൽ എറിയുന്നതുമാണ്. അത് നീചമായ സങ്കേതമത്രേ’ ( സൂറ: നിസാഅ് 115). തിരുദൂതരിലൂടെ (സ) പൂർത്തിയായി അധ്യാപനം നടത്തപ്പെട്ട വിശുദ്ധ മതം ഇനിയും നവീകരിക്കാനുണ്ടെന്ന പേരിൽ അതിന്റെ സൗന്ദര്യത്തെ കാർന്ന് വരണ്ട പുതിയ ചിന്താഗതികളെ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുന്നവർ യഥാർഥത്തിൽ ഇബ്്ലീസിന്റെ പക്ഷക്കാരാണ്. വിശ്വാസികളെ വിവിധങ്ങളായ ചേരികളാക്കി മതത്തെ സമൂഹമധ്യത്തിൽ വഷളാക്കാനുള്ള പ്രവർത്തനങ്ങൾ അവർ സദാ തുടരുന്നു. വിശുദ്ധ ഖുർആനിന്റെയും ഹദീസിന്റെയും ഔലിയാക്കളുടെയും മതചിഹ്നങ്ങളുടെയും പേരിൽ കളവ് ചമച്ചാണ് പലപ്പോഴും ഇത്തരക്കാരുടെ രംഗപ്രവേശം ഉണ്ടാവാറുള്ളത്. വലിയ ദുരന്തങ്ങളാണ് ഇവർ വരുത്തിവെക്കാറുള്ളത്. അഹ്്ലുസ്സുന്നയുടെ പണ്ഡിതന്മാർ തെളിച്ചുവെച്ച വഴിയിൽ ഉറച്ചുനിൽക്കാനുള്ള മനോധൈര്യമാണ് ഈ കാലത്ത് നമ്മൾ ആർജിക്കേണ്ടത്.

പാഠം 6

അല്ലാഹുവിന്റെ ശിക്ഷയെ തൊട്ട് നിർഭയനാകാൻ ഏത് ഉന്നതസ്ഥാനത്ത് ഇരിക്കുന്നവനും കഴിയില്ല.കാരണം, എത്ര മഹത്വമുള്ളവനാണെങ്കിലും അവൻ അല്ലാഹുവിന്റെ സൃഷ്ടിയും അടിമയുമാണ്. അല്ലാഹുവിനരികെ കൂടുതൽ ഔന്നത്യം ഉള്ളവർക്ക് ഭയഭക്തിയും കൂടും.
ആ ഭയഭക്തിയിൽ കളങ്കം വന്നാൽ പരാജയത്തിലേക്കാണത് നയിക്കുക. ധാരാളം കർമങ്ങൾ ചെയ്തു എന്ന് കരുതി അമിതമായി ആത്മവിശ്വാസം പുലർത്താനോ നിർഭയത്വം ഉണ്ടാവാനോ സാധ്യമല്ല. ആ നിർഭയ മനോഭാവമാണ് ഇബ്്ലീസിനെ പടുകുഴിയിൽ വീഴ്ത്തിയത്. അല്ലാഹുവിന്റെ ശിക്ഷയിൽ നിർഭയരാകുന്നവർ പരാജിതരാണെന്ന് ഖുർആനും പറഞ്ഞതാണ്. “അവർ അല്ലാഹുവിന്റെ ശിക്ഷയിൽ നിർഭയരാകുന്നുവോ? പരാജിതർ മാത്രമേ അല്ലാഹുവിന്റെ ശിക്ഷയിൽ നിർഭയരാകുന്നുള്ളൂ.’

ഇബ്്ലീസിന്റെ പതനം ഇതിലേറെ പാഠങ്ങൾ നമുക്ക് നൽകുന്നുണ്ട്.ഖുർആൻ ആയത്തുകളുടെ വിശദീകരണങ്ങളുടെയും ഗവേഷണ പഠനങ്ങളുടെയും ലോകം വിശാലമാണ്. അന്വേഷിക്കും തോറും നമ്മൾ മനുഷ്യരായി തീർന്നു കൊണ്ടിരിക്കും. ആ പരാജയത്തിൽ നിന്നും നമുക്ക് അനേകം വഴികൾ തുറന്നു കിട്ടും.

---- facebook comment plugin here -----

Latest