Uae
ആർ ടി എ ടീമിൽ അഭിമാനമുണ്ട്; ദൗത്യം അവസാനിച്ചിട്ടില്ലെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ്
വികസന പദ്ധതികളിൽ 175 ബില്യൺ ദിർഹം നിക്ഷേപിച്ചു

ദുബൈ|ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) സ്ഥാപിച്ചത് എമിറേറ്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നുവെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ ദുബൈ റോഡ്, ഗതാഗത പദ്ധതികളിൽ 175 ബില്യൺ ദിർഹമിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“എക്‌സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “20 വർഷം മുമ്പ് ഞങ്ങൾ ദുബൈയിൽ ആർ ടി എ സ്ഥാപിച്ചു. അടിസ്ഥാന സൗകര്യ പദ്ധതികൾ നിർമിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വിലമതിക്കാനാവാത്ത അറിവും വൈദഗ്ധ്യവും നേടി. ദൗത്യം അവസാനിച്ചിട്ടില്ല. ഉത്തരവാദിത്തം ഇരട്ടിയാണ്. നഗരത്തിന്റെ അസാധാരണമായ വളർച്ചാ വേഗതക്കനുസരിച്ച് ഗതാഗത വെല്ലുവിളികൾ വർധിക്കുകയാണ്. വികസന യാത്രയിലെ ഈ സുപ്രധാന വിഷയത്തിൽ വിട്ടുവീഴ്ചയില്ല. വരും കാലം മുമ്പുള്ളതിനേക്കാൾ പ്രധാനപ്പെട്ടതാണ്.’ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം കൂട്ടിച്ചേർത്തു.
അതിനിടെ, ദുബൈയുടെ ഗതാഗത മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനും ഏറ്റവും പുതിയ ഗവേഷണങ്ങളിലൂടെയും നൂതന സാങ്കേതികവിദ്യകളിലൂടെയും യാത്രാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി ആർ ടി എയുടെ റിസർച്ച്, ഡെവലപ്മെന്റ‌് വിഭാഗം, ഇന്നൊവേഷൻ 2030 തന്ത്രം പുറത്തിറക്കി. നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തന്ത്രം. ഗതാഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെയും ഗതാഗത നിയന്ത്രണ ഉപകരണങ്ങളുടെയും സുരക്ഷയും വഴക്കവും മെച്ചപ്പെടുത്തുക, അപകടങ്ങളും മരണനിരക്കും കുറക്കുക, ഗതാഗതക്കുരുക്ക് കുറക്കുക, പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർധിപ്പിക്കുക എന്നിവ ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നു.