National
എസ് ഐ ആര്‍: അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സമയം നീട്ടിനല്‍കി
ഉത്തര്‍പ്രദേശില്‍ രണ്ടാഴ്ചയും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചയും തമിഴ്‌നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയുമാണ് സമയം അനുവദിച്ചത്.
ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍) നടപടികള്‍ക്ക് സമയം നീട്ടിനല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍പ്രദേശില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ചത്തേക്കും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്കും തമിഴ്‌നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയുമാണ് സമയം അനുവദിച്ചത്.
അതേസമയം, കൂടുതല്‍ സമയം വേണമെന്ന പശ്ചിമ ബംഗാളിന്റെ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചില്ല. ബംഗാളില്‍ കാലാവധി ഇന്ന് രാത്രിയോടെ അവസാനിക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ കാലാവധി ഒരാഴ്ച കൂടി നീട്ടിനല്‍കിയിരുന്നു. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തീയതി ആറിടങ്ങളില്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു, ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്. കേരളത്തില്‍ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.


