Connect with us

സാഹിത്യം

വാക്കുകൾ പൂക്കുന്ന ഉദ്യാനം

വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഗുൽസാർ എഴുതിയ നിരവധി കഥകൾ വലിയ സഹൃദയ ശ്രദ്ധ നേടുകയുണ്ടായി. ആദ്യ നോവൽ " Two' വിഭജനം സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിലും മനസ്സിലും സൃഷ്ടിച്ച വലിയ മുറിവുകളുടെ കഥ പറയുന്നു. ആദ്യ കവിതാസമാഹാരം " Selected Poems' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് വെളിച്ചം കണ്ട " Neglected Poems' വലിയ തോതിൽ ജനശ്രദ്ധ നേടുകയുണ്ടായി.

Published

|

Last Updated

റുദു കവിതക്ക് പനിനീർപ്പൂക്കളുടെ സുഗന്ധം നൽകിയ കവിയാണ് 2023ലെ ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഗുൽസാർ. ഇന്ത്യയിൽ ഉറുദു സാഹിത്യത്തിന്റെ വളർച്ചയിൽ വളരെ വലിയ പങ്കുവഹിച്ച എഴുത്തുകാരനാണ് അദ്ദേഹം. വിഖ്യാതനായ കവി എന്ന നിലയിലാണ് ഉറുദു സാഹിത്യലോകത്ത് ഗുൽസാറിന്റെ സ്ഥാനമെങ്കിലും അവക്കൊപ്പം ഒട്ടേറെ ചെറുകഥകളും നോവലുകളും ആ തൂലികയിൽനിന്നും പിറവിയെടുത്തിട്ടുണ്ട്. ഹിന്ദി ചലച്ചിത്രലോകത്തും ഗുൽസാർ എന്ന പേര് സുപരിചിതമാണ്.

1936 ആഗസ്റ്റ് 18ന് പഞ്ചാബിലെ ദിനാ(ഇപ്പോൾ പാക്കിസ്ഥാനിൽ) യിൽ ജനിച്ച സംപൂരൻ സിംഗ് കർള ചെറുപ്പം മുതൽ സംഗീതത്തിലും സാഹിത്യത്തിലും ആകൃഷ്ടനായിരുന്നു. വിഖ്യാത സംഗീതജ്ഞരായ രവിശങ്കർ, അലി അക്‌ബർ തുടങ്ങിയവർ നയിച്ചിരുന്ന നിരവധി സംഗീതസഭകളിൽ അദ്ദേഹം പങ്കെടുക്കുമായിരുന്നു. വിഭജനത്തെത്തുടർന്നുണ്ടായ അനിശ്ചിതമായ സാമൂഹികാന്തരീക്ഷത്തിൽ ജന്മസ്ഥലം ഉപേക്ഷിക്കേണ്ടിവന്ന കുടുംബം അമൃത്്സറിൽ താമസമാക്കി. തുടർന്ന് ജീവസന്ധാരണത്തിനായി മുംബൈയിലെത്തിയ സംപൂരൻ സിംഗിന് അവിടുത്തെ ഒരു വർക്ക്‌ഷോപ്പിൽ ജോലികിട്ടി. അവിടെ വെച്ച് തികച്ചും യാദൃച്ഛികമായാണ് ബോളിവുഡിന്റെ അഭ്രത്തിളക്കത്തിലേക്ക് അദ്ദേഹം നടന്നു കയറിയത്. പ്രശസ്ത സംവിധായകൻ ബിമൽ റോയ്, കവിയും ഗാനരചയിതാവുമായ ശൈലേന്ദ്ര എന്നിവരുമായുള്ള സൗഹൃദമാണ് ചലച്ചിത്രത്തിന്റെ ലോകത്തേക്കുള്ള വഴി തുറന്നത്.

“ഗുൽസാർ’ എന്ന തൂലികാനാമം സ്വീകരിച്ചുകൊണ്ട് ബന്ദിനി എന്ന ചലച്ചിത്രത്തിന് ഗാനമെഴുതിക്കൊണ്ടായിരുന്നു തുടക്കം. എസ് ഡി ബർമൻ എന്ന സംഗീതപ്രതിഭ ചിട്ടപ്പെടുത്തിയ ‘മോരാ ഗോരാ ആംഖ് ലയിലേ’ എന്ന ഗാനം ആലപിച്ചത് ലതാ മങ്കേഷ്‌കർ ആയിരുന്നു. ആദ്യഗാനം നൽകിയ അഭൂതപൂർവമായ വിജയം തുടർന്നുവന്ന ഒട്ടേറെ ഗാനങ്ങൾ രചിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി. അവിടുന്നങ്ങോട്ട് ഏകദേശം ആറു പതിറ്റാണ്ടോളം ഉറുദു കവിതയിലും ചലച്ചിത്രത്തിലും തന്റെ പ്രതിഭയുടെ സുഗന്ധം പടർത്തുകയാണ് ഗുൽസാർ.
കാവ്യരംഗത്തും ചലച്ചിത്രരംഗത്തും ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾക്ക് അദ്ദേഹം അർഹനായിരുന്നു. സാഹിത്യ അക്കാദമി അവാർഡിനു പുറമെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, പത്മവിഭൂഷൺ തുടങ്ങിയ രാജ്യത്തെ അത്യുന്നത ബഹുമതികൾ ഗുൽസാറിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ 2009ൽ ഓസ്കാറും 2010 ൽ ഗ്രാമി അവാർഡും അദ്ദേഹം കരസ്ഥമാക്കി. ഇപ്പോൾ 2023 ലെ ജ്ഞാനപീഠവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുമ്പോൾ അർഹമായ കൈകളിൽ ഇന്ത്യയുടെ അത്യുന്നത സാഹിത്യബഹുമതി എത്തിച്ചേർന്നതിന്റെ ആഹ്ലാദത്തിലാണ് സഹൃദയലോകം.

ഉറുദു സാഹിത്യത്തിന്റെ ഉയർച്ചയിലും വളർച്ചയിലും വലിയ പങ്കു വഹിച്ച എഴുത്തുകാരനാണ് ഗുൽസാർ. ഉർദുവിന് പുറമെ പഞ്ചാബി, ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം എഴുതിയിട്ടുണ്ട്. വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഗുൽസാർ എഴുതിയ നിരവധി കഥകൾ വലിയ സഹൃദയ ശ്രദ്ധ നേടുകയുണ്ടായി. ആദ്യ നോവൽ ” Two’ വിഭജനം സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിലും മനസ്സിലും സൃഷ്ടിച്ച വലിയ മുറിവുകളുടെ കഥ പറയുന്നു. ആദ്യ കവിതാസമാഹാരം”Selected Poems’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് വെളിച്ചം കണ്ട”Neglected Poems’ വലിയ തോതിൽ ജനശ്രദ്ധ നേടുകയുണ്ടായി. ഏറ്റവും പുതിയ കവിതകളുടെ സമാഹാരമായ ” Suspected Poems’ സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ വിശകലനം ചെയ്യുന്നവയാണ്. ഇവ കൂടാതെ ടാഗോറിന്റെ പ്രശസ്തമായ ഉദ്യാനപാലകൻ (The Gardner) എന്ന കവിത ഉൾപ്പെടെ നിരവധി കവിതകൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. ഗുൽസാറിന്റെ പ്രശസ്തമായ ചെറുകഥകളുടെ സമാഹാരമാണ് ” Half A Rupee Stories’.
“Mirza Galib’ എന്ന പേരിൽ തയ്യാറാക്കിയ തിരക്കഥയും ഏറെ പ്രശസ്തമാണ്.
സമകാലിക ഉറുദു കവിതയുടെ മേഖലയിൽ ആഗോളതലത്തിൽത്തന്നെ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പടുന്ന എഴുത്തുകാരനാണ് ഗുൽസാർ.

അതോടൊപ്പം തന്നെ സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ ഹിന്ദി ചലച്ചിത്രലോകത്തും അനിതരസാധാരണമായ വിജയം കൊയ്തെടുത്ത വ്യക്തിയാണ് അദ്ദേഹം. ഗുൽസാർ എന്ന ഉറുദു പദത്തിന് പനിനീർപ്പൂക്കളുടെ ശയ്യ, ഉദ്യാനം എന്നൊക്കെയാണ് അർഥം. പനിനീർ പൂക്കളുടെ സുഗന്ധം പൊഴിക്കുന്ന നിരവധി രചനകൾ ഈ എഴുത്തുകാരന്റെ തൂലികയിൽനിന്നും ഇനിയും പിറവികൊള്ളുമെന്നതിൽ സംശയമില്ല.

Latest