Connect with us

Prathivaram

സ്വാതന്ത്ര്യ സ്മരണയിൽ ഒരു പള്ളി

അകത്ത് തിരുനബി(സ)യുടെ ജന്മദിനമായ റബീഉൽ അവ്വൽ പന്ത്രണ്ടിനെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകൾ. അവയിലാണ് ഇസ്തിഖ്്ലാലിന്റെ അഭിമാന സ്തംഭമായ ഖുബ്ബ സ്ഥാപിച്ചിട്ടുള്ളത്

Published

|

Last Updated

രാവിലെ ഏതാണ്ട് ആറരയായിട്ടുണ്ട്. ഇസ്തിഖ്്ലാൽ മസ്ജിദിലെത്തുമ്പോൾ. സയ്യിദ് അബൂബക്കർ ബാഹസൻ ജമലുല്ലൈൽ തങ്ങളുടെ ദർഗ സന്ദർശിച്ചുള്ള വരവാണ്. തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിം ആരാധനാലയമായ മസ്ജിദ്, നഗരത്തിലെ പ്രധാന  ആകർഷണങ്ങളിലൊന്നാണ്.

ഇസ്തിഖ്്ലാൽ എന്നാൽ സ്വാതന്ത്ര്യം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീരദേശാഭിമാനികളുടെ സ്മരണാർഥമായിരുന്നു പള്ളിയുടെ നിർമാണം. നഗര മധ്യത്തിൽ മെർദേക്ക സ്‌ക്വയറിനും കത്തോലിക് ഇമ്മാനുവൽ ചർച്ചിനുമടുത്തായാണ് പള്ളിയുടെ സ്ഥാനം.
1945ലായിരുന്നു ഡച്ചുകാരിൽ നിന്ന് ഇന്തോനേഷ്യ സ്വാതന്ത്ര്യം നേടിയത്. നന്ദി സൂചകമായി പ്രൗഢമായ ഒരു ദേശീയ പള്ളി നിർമിക്കാൻ രാജ്യം തീരുമാനിച്ചു. മാതൃകക്കായി ഡിസൈനിംഗ് മത്സരം സംഘടിപ്പിച്ചു.അതിൽ വിജയിച്ചതാകട്ടെ ഫ്രെഡറിക് സിലബാൻ എന്ന ക്രിസ്ത്യാനിയും!

ഒരു പാസ്റ്ററുടെ മകനായിരുന്നു അദ്ദേഹം. നിർമാണത്തിനായി വിവിധ സ്ഥലങ്ങൾ പരിഗണനക്ക് വന്നെങ്കിലും മെർദേക്ക സ്ക്വയറിനടുത്ത തന്ത്രപ്രധാനമായ പ്രദേശത്തുതന്നെയാകട്ടെ എന്നായിരുന്നു പ്രസിഡന്റ് സുകാർണോയുടെ നിർദേശം. രാജ്യത്തിന്റെ ഭരണഘടന നിഷ്കർഷിക്കുന്ന രൂപത്തിൽ ഇമ്മാനുവൽ ചർച്ചിന് സമീപത്താകണം പള്ളി എന്ന കാഴ്ചപ്പാടും സുകാർണോ മുന്നോട്ടുവെച്ചു.

അന്താരാഷ്ട്ര തലത്തിൽ ഇന്തോനേഷ്യയെ അടയാളപ്പെടുത്തിയ തീരുമാനമായി അത് മാറി. രാജ്യത്ത് മാത്രമല്ല, എല്ലായിടങ്ങളിലും പ്രകീർത്തിക്കപ്പെടുന്ന മതസൗഹാർദത്തിന്റെ പ്രതീകമായി അങ്ങനെ മസ്ജിദ് ഇസ്തിഖ്്ലാൽ. രണ്ട് പതിറ്റാണ്ടുകാലം നീണ്ടുനിന്ന നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ 1978ലാണ് പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. ഇന്തോനേഷ്യയുടെ രണ്ടാം പ്രസിഡൻ്റ് സുഹാർത്തോ ആയിരുന്നു ഉദ്ഘാടകൻ. ഒന്നേകാൽ ലക്ഷം പേർക്ക് ഒരേസമയം നിസ്കരിക്കാനുള്ള സൗകര്യമുണ്ട് ഇസ്തിഖ്്ലാൽ മസ്ജിദിൽ. പുറമേ നിന്ന് കാണുമ്പോൾ അതീവ ഭംഗിയുള്ളതായി അനുഭവപ്പെടില്ലെങ്കിലും അകത്തുകയറിയാലാണ് പള്ളിയുടെ മനോഹാരിത തിരിച്ചറിയാനാകുക.

എല്ലാ നിലകളിൽ നിന്നും കാണാവുന്ന തരത്തിലുള്ള അകം പള്ളിയും ഭീമാകാരങ്ങളായ തൂണുകളും പ്രത്യേക രൂപത്തിലുള്ള മിമ്പറും മിഹ്റാബും ഇസ്തിഖ്്ലാൽ മസ്ജിദിന്റെ പ്രതാപം വിളിച്ചോതുന്നു. സ്റ്റീൽ കൊണ്ടാണ് അവയിലധികവും നിർമിച്ചിട്ടുള്ളത്. താഴ്ഭാഗത്ത് രണ്ട് നിലകളിലായി സംവിധാനിച്ച പാർക്കിംഗ് സൗകര്യം എടുത്തു പറയേണ്ടതാണ്. ഇവിടെ നിന്ന് പള്ളിയിലേക്കും ചർച്ചിലേക്കുമുള്ള വഴികൾ കാണാം. സൗഹൃദത്തിന്റെ തുരങ്കം എന്നാണിത് അറിയപ്പെടുന്നത്. ആഗോളതലത്തിൽ തന്നെ അറിയപ്പെടുന്ന മതമൈത്രിയുടെ പ്രതീകമാണിന്ന് ഈ ഇടനാഴി.

രാവിലെ ആയതിനാൽ പള്ളിയിൽ ആരുമുണ്ടായിരുന്നില്ല. പാർക്കിംഗിലെ ലിഫ്റ്റ് വഴി മുകളിലേക്ക് കയറി അംഗശുദ്ധി വരുത്തി അകം പള്ളിയിലേക്ക് പ്രവേശിച്ചു. പ്രവിശാലമായ ആ അകത്തളത്തിൽ വിരിച്ച ചുവന്ന പരവതാനിയിലൂടെ ഏകാന്തമായി മുന്നോട്ടു നടന്നു. ലോകത്തെ ഏറ്റവും വലിയ ഒമ്പതാമത്തെ പള്ളി. അതിന്റെ അകത്തെ വർണാഭമായ കാഴ്ചകൾ. അകതാരിൽ പ്രത്യേക ഊർജവും ആവേശവും നിറഞ്ഞ നിമിഷങ്ങൾ. പ്രഥമ സ്വഫിൽ വെച്ച് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിച്ച് പ്രാർഥന നിർവഹിച്ചു. വിശുദ്ധമായ ഈ മസ്ജിദിന്റെ പുണ്യം ലഭിക്കാൻ, ജനലക്ഷങ്ങളുടെ സാന്നിധ്യത്തിൽ ഇവിടെ നടക്കാറുള്ള ആത്മീയ മജ്‌ലിസുകളുടെ പങ്ക് ലഭിക്കാൻ.
അസ്മാഉൽ ഹുസ്നയിലെ പേരുകളിലുള്ള, ഏഴ് സ്വർഗങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് കവാടങ്ങളാണ് പള്ളിയിലുള്ളത്.

അകത്ത് തിരുനബി(സ)യുടെ ജന്മദിനമായ റബീഉൽ അവ്വൽ പന്ത്രണ്ടിനെ സൂചിപ്പിക്കുന്ന പന്ത്രണ്ട് തൂണുകൾ. അവയിലാണ് ഇസ്തിഖ്്ലാലിന്റെ അഭിമാന സ്തംഭമായ ഖുബ്ബ സ്ഥാപിച്ചിട്ടുള്ളത്. പള്ളിയുടെ അഞ്ച് നിലകൾ ഇസ്‌ലാം കാര്യങ്ങളുടെ പ്രതീകമാണ്.

തൗഹീദിനെ അടയാളപ്പെടുത്തുന്ന ഒറ്റ മിനാരം മാത്രമേ പള്ളിക്കുള്ളൂ. അതിന്റെ ഉയരമോ ഖുർആനിക സൂക്തങ്ങളുടെ എണ്ണത്തിലേക്ക് വെളിച്ചം വീശുന്ന 66.66 മീറ്ററും. അതിനു മുകളിൽ മുപ്പത് മീറ്റർ ഉയരത്തിൽ മറ്റൊരു ഗോപുരം. ഖുർആനിലെ മുപ്പത് ഭാഗങ്ങളാണ് അതിന്റെ പ്രമേയം. കൂടാതെ, ഇന്തോനേഷ്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും പൈതൃകത്തിന്റെയും സ്മരണാർഥമുള്ള മുദ്രകളും പലയിടങ്ങളിലായുണ്ട്.

അമേരിക്കൻ പ്രസിഡന്റുമാർ, മാർപാപ്പമാർ ഉൾപ്പെടെ അന്താരാഷ്ട്ര പ്രശസ്തരായ നിരവധി പേരുടെ സന്ദർശനം കൊണ്ട് വാർത്തകളിൽ നിരന്തരം ഇടം പിടിക്കാറുണ്ട് മസ്ജിദ് ഇസ്തിഖ്്ലാൽ. ഇന്റർനാഷനൽ കോൺഫറൻസുകൾ, സെമിനാറുകൾ, മതസൗഹാർദ സമ്മേളനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും ഇവിടെ നടക്കാറുണ്ട്. ഹീബ്രു അടക്കമുള്ള ഭാഷകൾ പഠിപ്പിക്കുന്ന കേന്ദ്രങ്ങളും പള്ളിയിൽ പ്രവർത്തിച്ചുവരുന്നു. ഇസ്തിഖ്്ലാൽ മസ്ജിദാണ് ജാവന്‍ സന്ദർശനത്തിലെ അവസാന സ്പോട്ട്. ഇനി സുമാത്രയിലെ ബന്ദേ അച്ചെയിലേക്കാണ്. അവിടെ രണ്ട് ദിവസം. അതുകഴിഞ്ഞ് നാട്ടിലേക്ക്.

കേരളവുമായി അടുത്ത പ്രദേശമാണ് സുമാത്ര. ഒരുപാട് കാലം കേരളീയർ അടുത്ത ബന്ധം പുലർത്തിയിരുന്ന നാട്. പക്ഷേ, ഇന്നങ്ങോട്ട് നേരിട്ട് യാത്രാ സൗകര്യങ്ങളില്ല. കണക്്ഷൻ ഫ്ലൈറ്റുകൾ ആശ്രയിക്കുകയേ മാർഗമുള്ളൂ. ജക്കാർത്ത ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്നാണ് അങ്ങോട്ട് പുറപ്പെടാനുള്ളത്. ഇന്തോനേഷ്യൻ സമയം പത്തിനാണ് വിമാനം. ഇസ്തിഖ്്ലാൽ കണ്ട് കൊതി തീരാതെ ശൈഖ് ഖൈറുൽ ഹിദായത്തിനൊപ്പം എയർപോർട്ടിലേക്ക് തിരിച്ചു. അദ്ദേഹത്തേയും സേവകൻ അഹ്്മദ് സിയാത്തോയേയും മറക്കാനാകില്ല.

വേണ്ടത്ര സ്വീകരണം നൽകാൻ സാധിച്ചില്ലെന്ന സങ്കടത്തിലാണവർ. അവർ ഉദ്ദേശിച്ച പോലെ ജക്കാർത്തയിൽ നേരത്തേ എത്താൻ സാധിച്ചിരുന്നുവെങ്കിൽ അനുഭവങ്ങൾ മറ്റൊന്നാകുമായിരുന്നു. ഏതായാലും, അപ്രതീക്ഷിതമായി ലഭിച്ച ആദിഥ്യത്തിൽ മനംനിറഞ്ഞ് ജക്കാർത്ത ഇന്റർനാഷനൽ എയർപോർട്ടിന്റെ ചെക്ക് ഇൻ പോയിന്റിൽ വെച്ച് അവരോട് സലാം ചൊല്ലി.

Latest