prathivaram coverstory
തിരഞ്ഞെടുപ്പ് ചരിത്രത്തിലേക്കൊരു ‘ഓട്ടുമാല’
സ്വന്തം സമുദായ, ദേശ ചരിത്രം രേഖപ്പെടുത്തുക എന്നതിനൊപ്പം തങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ സ്ഥാനപ്പെടുത്തൽ കൂടി പാട്ടുകളിലൂടെ മാപ്പിള സമൂഹം നിർവഹിച്ചു. ആ അർഥത്തിൽ ‘ഓട്ടുമാല’ കേവല ആസ്വാദനത്തിനുള്ള പാട്ടല്ല. മലബാറിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള സുപ്രധാന ഉപാദാനമാണ്.
കേരളം വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോരിലും ചൂടിലുമമരുമ്പോൾ, ഒമ്പത് പതിറ്റാണ്ടുകൾക്കപ്പുറം ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മലബാറിന്റെ രാഷ്ട്രീയ ചിത്രം എങ്ങനെയായിരുന്നു എന്ന് ഓർമിപ്പിക്കുകയാണ് ഒരപൂർവ മാപ്പിളപ്പാട്ട് കൃതി. 1932ൽ നടന്ന മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കും ഏറനാട് താലൂക്ക് ബോർഡിലേക്കുമുള്ള തിരഞ്ഞെടുപ്പിന്റെ അണിയറ കാഴ്ചകളും വാശിയേറിയ രംഗങ്ങളും സരസമായി പങ്കുവെക്കുന്ന ഈ കാവ്യമാണ് “ഓട്ടുമാല’ (വോട്ട് മാല).
പ്രശസ്ത മാപ്പിള കവി പുലിക്കോട്ടിൽ ഹൈദറും അദ്ദേഹത്തിന്റെ സഹചാരി പോക്കാവിൽ അഹമ്മദ് കുട്ടി മൊല്ലയും ചേർന്ന് രചിച്ച ഈ കൃതി, മലബാറിന്റെ പ്രാദേശിക ജനാധിപത്യ ചരിത്രത്തിലേക്കുള്ള ഒരു അമൂല്യ കവാടമാണ്. അറബി – മലയാളത്തിൽ രചിക്കപ്പെട്ട് 1933ൽ അച്ചടിച്ച ഈ കൃതിയിൽ “വോട്ട്’ എന്നതിന് “ഓട്ട്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. പുലിക്കോട്ടിലിന്റെ പ്രധാന സമാഹാരങ്ങളിൽ പോലും ഉൾപ്പെടാത്ത ഈ രേഖ, അപൂർവ ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പുകാരനായ പനക്കൽ അബ്ദുർറഹ്മാൻ മുസ്‍ലിയാരുടെ ശേഖരത്തിൽനിന്ന് ഗവേഷകനായ എൻ കെ ശമീർ കരിപ്പൂർ കണ്ടെടുത്തതോടെയാണ് ശ്രദ്ധേയമാകുന്നത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പോലും കൗതുകമുണർത്തുന്ന വായന നൽകുന്ന ഈ “ഓട്ടുമാല’ മലബാറിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ ആദ്യ ചുവടുകൾ രേഖപ്പെടുത്തുന്നു.
ത്രിതല പഞ്ചായത്തിന്റെ ആദ്യ രൂപം
1792ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പു സുൽത്താനിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മലബാറിന്റെ അധികാരം ലഭിച്ചു. ഇത് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമാവുകയും പിന്നീട് കേരളപ്പിറവി വരെ ആ നില തുടരുകയും ചെയ്തു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മാപ്പിളമാരുടെ മുൻകൈയിൽ അതിശക്തമായ സായുധ സമരങ്ങൾ ഉണ്ടായ കാലഘട്ടമായിരുന്നു ഇത്. അതിനെ തണുപ്പിക്കാൻ ബ്രിട്ടീഷ് ഭരണത്തിന്റെ ഭരണപരമായ പല പരിഷ്കാരങ്ങളും ഇവിടെ നടപ്പാക്കി. ഇതിന്റെ ഭാഗമായാണ് റിപ്പൺ പ്രഭുവിന്റെ (1880–1884) ഭരണപരിഷ്കാരങ്ങൾ മുന്നോട്ട് വെച്ച പ്രാദേശിക സ്വയംഭരണ സങ്കൽപ്പങ്ങൾ മലബാറിലും പ്രാവർത്തികമാക്കിയത്.
1884ൽ ബ്രിട്ടീഷ് പാർലിമെന്റ്പാസ്സാക്കിയ പ്രത്യേക നിയമപ്രകാരമാണ് അന്ന് ഡിസ്ട്രിക്ട് ബോർഡുകൾ രൂപവത്കരിച്ചത്. കോഴിക്കോട് ആയിരുന്നു മലബാർ ഡിസ്ട്രിക്്ട് ബോർഡിന്റെ ആസ്ഥാനം. 1930 കാലയളവിൽ മലബാറിൽ 10 താലൂക്കുകളാണ് ഉണ്ടായിരുന്നത്. 1757 വില്ലേജുകളും. ഏറനാട് താലൂക്കിൽ 94 വില്ലേജുകളാണുണ്ടായിരുന്നത്. പ്രാദേശിക ഭരണം (Local Self-Government) നടപ്പാക്കുന്നതിൽ ഡിസ്ട്രിക്്ട് ബോർഡുകൾക്കും താലൂക്ക് ബോർഡുകൾക്കും വില്ലേജ് പഞ്ചായത്തുകൾക്കും പങ്കുണ്ടായിരുന്നു. 1884ൽ നിലവിൽ വന്ന ഡിസ്ട്രിക്്ട് ബോർഡുകൾ, താലൂക്ക് ബോർഡുകൾ, വില്ലേജ് പഞ്ചായത്തുകൾ എന്നിങ്ങനെയുള്ള ത്രിതല ഘടന, ഇടത്തലത്തിലുള്ള താലൂക്ക് ബോർഡുകൾ 1934ൽ നിർത്തലാക്കുന്നത് വരെ അഞ്ച് പതിറ്റാണ്ടോളം നിലനിന്നു.
ഈ സ്ഥാപനങ്ങൾ പ്രാദേശിക ഭരണത്തിൽ ഇന്ത്യക്കാർക്ക് പരിമിതമായ പങ്കാളിത്തം നൽകുകയും ഭാവിയിലെ ജനാധിപത്യ ഭരണത്തിന് അടിത്തറയിടുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ പരിമിതമായ അധികാരങ്ങളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, ഈ ബോർഡുകൾ സ്വാതന്ത്ര്യാനന്തര കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പരിഷ്കരിച്ച രൂപത്തിന് ഒരു മുൻഗാമിയായി വർത്തിച്ചു. ആദ്യ കാലത്ത് രാഷ്ട്രീയാടിസ്ഥാനത്തിലായിരുന്നില്ല മത്സരം. പൗരപ്രമുഖരും ജന്മിമാരും അവർക്ക് വേണ്ടപ്പെട്ടവരും സ്ഥാനാർഥികളായി. 1937 മുതൽ രാഷ്ട്രീയ കക്ഷികൾ നേരിട്ട് മത്സരിച്ചുതുടങ്ങി.
പാട്ട് പറയുന്ന ചരിത്രം
‘ഓട്ടുമാല’യുടെ ആമുഖത്തിൽ പാട്ടിന്റെ ചരിത്ര സന്ദർഭം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
“ഈ പാട്ട് മലബാർ ഡിസ്ട്രിക്്ട് ബോർഡിലേക്കും ഏറനാട് താലൂക്ക് ബോർഡിലേക്കുമുള്ള തിരഞ്ഞെടുപ്പിൽ ഉണ്ടായ അതിശയ ബഹളങ്ങളെ കൊണ്ട് പി ഹൈദർ എന്നവരുടെ സഹായത്തോട് കൂടി പോക്കാവിൽ അഹമ്മദ് കുട്ടി മൊല്ലയാൽ ഉണ്ടാക്കപ്പെട്ടതും പകർപ്പകവകാശം ചാലിലകത്ത് ഇബ്്റാഹിം കുട്ടി എന്നയാൾക്ക് സിദ്ധിച്ചതും ആകുന്നു.’ പുലിക്കോട്ടിൽ ഹൈദർ എന്നതിന്റെ ചുരുക്ക രൂപമാണ് പി ഹൈദർ എന്നത്.
മാപ്പിള കാവ്യങ്ങളിലെ പതിവ് രീതിയാണ് പ്രവാചകന്റെയും അനുയായികളുടെയും പേരിൽ രക്ഷയും അല്ലാഹുവിന് സ്തുതിയും നൽകി ആരംഭിക്കുക എന്നുള്ളത്. ഏഴ് ഇശലുകളിലായാണ് ഈ കൃതി തയാറാക്കപ്പെട്ടത്. ആരംഭ ഇശലിൽ കാവ്യത്തിന്റെ വിഷയം ഇപ്രകാരം സൂചിപ്പിക്കുന്നു.
“ബാദി ഇമ്മലബാർ എങ്കുമേ ഇഹസനത്തതിൽ
വാഴും ബോർഡ് മെമ്പറെ തിരഞ്ഞെടുപ്പുണ്ടായതിൽ
ചേദിയാൽ ഇതെ കവി തുടങ്ങിടുന്ന് വോട്ടതിൽ
ചെയ്തേ ബാർത്താകോർത്ത് തിർത്തിടൂന്ന് നാട്ടുഭാഷയിൽ’
തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങളെ കുറിച്ചാണ് പിന്നീടുള്ള വിശദ വിവരണം:
“നാടൊട്ടെ വലിയൊരു ബഹളങ്ങൾ ഇതാ ഇപ്പോൾ
വോട്ടിന്റെ സബബാലുണ്ടായീ ബഹു
നാശങ്ങൾ പലെ പ്രഭുക്കളും സ്ഥാനം ലഭിക്കുവാൻ
കാശേറെ ചിലവാക്കിപ്പോയി
ഓട്ടി കാറതും ബസും പെരിയവുൾ അക്കമ്പനിക്ക്
ഉണ്ടായെ ലാഭത്തിനും ഇല്ല കയ്യും കണക്ക്’’
മാസങ്ങൾക്ക് മുമ്പേ പ്രഖ്യാപിക്കപ്പെടുന്ന ബോർഡ് ഇലക്്ഷനിൽ ഒരു സീറ്റിലെങ്കിലും സ്ഥാനാർഥിയായി നിൽക്കാൻ നാട്ടിലെ പൗര പ്രധാനികൾ തമ്മിലുള്ള പിടിയും വലിയും കവികൾ രസകരമായി അവതരിപ്പിക്കുന്നു. ജന്മികളും മറ്റു പ്രധാനികളും തങ്ങൾക്ക് അടുപ്പമുള്ളവരെ പിന്തുണച്ചും അവരുടെ വിജയത്തിനായി മലയും കുന്നും വയലും തോടും പുഴയും കടന്നിട്ട് വോട്ടഭ്യർഥനയുമായി ഓടി നടക്കുന്നതുമായ ചിത്രമാണ് കവികൾ പങ്കുവെക്കുന്നത്.
“യേച്ച് കാറതും ബസും അന്നാൾ അസ്തം വരേക്കും
വീട്ടിൽ ചെന്നിട്ടാളെ കേറ്റി കൊണ്ടന്നിറുത്തും’
ഇന്നത്തെപ്പോലെ തന്നെ വാശിയേറിയതായിരുന്നു അന്നത്തെയും പ്രചാരണം എന്ന് ഈ പാട്ട് സാക്ഷ്യപ്പെടുത്തുന്നു. സ്ഥാനാർഥിയാകാൻ നാട്ടിലെ പ്രമാണിമാരും ജന്മിമാരും തമ്മിലുള്ള വടംവലി മുതൽ, ജയിച്ചാൽ ‘നിങ്ങൾ പറയുന്നതു പോലെ ചെയ്യാം’ എന്ന പതിവ് വാഗ്ദാനങ്ങൾ വരെ അന്നും സജീവമായിരുന്നു. സാധുക്കളുടെ കുടിൽ മുതൽ കൊട്ടാരങ്ങൾ വരെ കയറിയിറങ്ങിയുള്ള വോട്ട് പിടുത്തം, വോട്ടെടുപ്പ് ദിവസം വോട്ടർമാരെ എത്തിക്കാൻ ബസും കാറും അയക്കുന്ന രീതി എന്നിവയെല്ലാം 1932ൽ തന്നെ മലബാറിൽ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങളാണെന്ന് ഈ ചരിത്രരേഖ പറയുന്നു.
‘ജയം കിട്ടി പലേപേർക്കും പെരുത്തുണ്ടായ് ബഹുമാനം
ജയിക്കാത്തോറ്റവർക്കില്ല ജനസ്വാധീനം-മുതലും
ചിലവിട്ട് വെറുതേയായ് അവരെ യത്നം
മഹാന്മാർഗൾ ജയിത്തോരും ജയിക്കാതോർകളും
അന്നെ മലബാറിൽ പെരുത്തുണ്ട് അവരിൽനിന്നെ.’
പണം വാരിയെറിഞ്ഞിട്ടും തോറ്റുപോയവരുടെ നിരാശയും ജയിച്ചവർക്ക് ലഭിക്കുന്ന ബഹുമാനവും കവി വരച്ചുകാട്ടുന്നു. പൊന്നാനി, പാലക്കാട്, കോഴിക്കോട്, വള്ളുവനാട് താലൂക്കുകളിലെല്ലാം അതേസമയം തിരഞ്ഞെടുപ്പ് നടന്നിരുന്നു.
സ്ഥാനാർഥികളിൽ പ്രശസ്തരായവരുടെ പേരും പാട്ടിൽ പരാമർശമുണ്ട്. ഒരാൾ എം പി അഹമ്മദ് കുരിക്കൾ, മറ്റൊരാൾ പി കുഞ്ഞറമു ഹാജി പൂഴിക്കുത്തുമാണ്. മലബാർ ഡിസ്ട്രിക്്ട് ബോർഡിലെ മഞ്ചേരി സർക്കിളിൽ ഒരു സീറ്റിൽ രണ്ടു പേരും മത്സരിച്ചു. കുഞ്ഞറമു ഹാജിയെ സഹായിക്കാൻ പല പൗരപ്രധാനികളും മുന്നോട്ടുവന്നു. അവരിൽ കൂരിമണ്ണിൽ ചേക്കു അധികാരി (1921ൽ മലബാർ സമര പോരാളികളാൽ കൊല്ലപ്പെട്ടു. ഖാൻ ബഹദൂർ കെ വി ചേക്കുട്ടി ഇൻസ്പെക്ടറുടെ സഹോദരൻ) പ്രധാനിയാണ്. പിന്നീടുള്ള വരികളിൽ കുഞ്ഞറമു ഹാജിയെ സഹായിച്ച പൗരപ്രമുഖരെയും കവിത പരിചയപ്പെടുത്തുന്നു. പ്രസ്തുത തിരഞ്ഞെടുപ്പിൽ കുഞ്ഞറമു ഹാജി നാലായിരത്തിലധികം വോട്ടിന് വിജയിക്കുകയും ചെയ്തു. അക്കാര്യം പാട്ടിൽ ഇങ്ങനെ പറയുന്നു.
‘മുറാദ് പോലെ നാലായിരത്തിൻ മീതെ വോട്ട്
മുറക്ക് കിട്ടി കുഞ്ഞറമു എണ്ടോർക്ക്-അന്തെ ’
തുടർന്ന് വിജയികളായ കുറേയധികം സ്ഥാനാർഥികളുടെ പേര് കവികൾ പരമാർശിക്കുന്നു. മാപ്പിളപ്പാട്ടുകളുടെ പൊതുരീതിയാണ് രചിച്ച വർഷവും അച്ചടിച്ച വർഷവും കവിയുടെ പേരുമെല്ലാം കവിതയിൽ തന്നെ ചേർക്കുന്നത്. അതെല്ലാം സൂചിപ്പിച്ചാണ് കവികൾ രചന അവസാനിപ്പിക്കുന്നത്.
പാട്ട് എന്ന ചരിത്രകവാടം
തദ്ദേശീയ ചരിത്രങ്ങളെ പാട്ടായി രേഖപ്പെടുത്തുക എന്നത് മാപ്പിളപ്പാട്ട് പാരമ്പര്യത്തിലെ സജീവമായ ഒരു ശൈലിയായിരുന്നു. 1728ൽ നടന്ന മലപ്പുറം യുദ്ധത്തെ മലപ്പുറം പടയിലൂടെ മഹാകവി മോയിൻകുട്ടി വൈദ്യർ രേഖപ്പെടുത്തിയപ്പോൾ കേരളത്തിലെ ചരിത്രത്തിലേക്കുള്ള സുപ്രധാന ഉപാദാനമാണ് പിറന്നത്. ചേറൂർ പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട്, മണ്ണാർക്കാട് പടപ്പാട്ട് എന്നിവ സമാന രീതിയിലുള്ള തദ്ദേശീയ ചരിത്രത്തിന്റെ രേഖപ്പെടുത്തലുകൾ ആയിരുന്നെങ്കിലും അധിനിവേശ ഭരണകൂടം നിരോധിച്ചു. 1909ൽ മലബാറിലുണ്ടായ വലിയ കൊടുങ്കാറ്റിനെയും അതിൽ തകർന്നടിഞ്ഞ ഉരുകളെയും തുറമുഖ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയെയും കുറിച്ച സമഗ്ര ചരിത്ര രേഖപ്പെടുത്തലാണ് കാട്ടിൽ വീട്ടിൽ അഹമ്മദ് കോയ രചിച്ച തൂഫാൻ മാല.
പുലിക്കോട്ടിൽ ഹൈദർ ഉൾപ്പെടെയുള്ളവരുടെ 1924ലെ വെള്ളപ്പൊക്കത്തെ കുറിച്ച മാലകൾ, മലബാർ സമരകാലത്തെ രേഖപ്പെടുത്തുന്ന കാടായിക്കൽ മൊയ്തീൻകുട്ടി ഹാജിയുടെ ‘ഖുത്തുബുശ്ശുഹദാക്കളിലും ബന്താർ’ ഉൾപ്പെടെയുള്ള പാട്ടുകളെല്ലാം പ്രാദേശികമായ ചരിത്രത്തെ രേഖപ്പെടുത്താനുള്ള മാപ്പിള സമൂഹത്തിന്റെ ശ്രമങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രം.
സ്വന്തം സമുദായ, ദേശ ചരിത്രം രേഖപ്പെടുത്തുക എന്നതിനൊപ്പം തങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ സ്ഥാനപ്പെടുത്തൽ കൂടി ഇത്തരം പാട്ടുകളിലൂടെ മാപ്പിള സമൂഹം നിർവഹിച്ചു. ആ അർഥത്തിൽ ‘ഓട്ടുമാല’ കേവല ആസ്വാദനത്തിനുള്ള പാട്ടല്ല. മലബാറിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള സുപ്രധാന ഉപാദാനമാണ്.
.




