Connect with us

Kerala

കള്ളക്കേസെടുത്ത് ജയിലിലടച്ച കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണം: കെ സി വേണുഗോപാല്‍ എം പി

കേരളത്തിലെ ബി ജെ പി നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി പോയവരാണ്. ഇപ്പോള്‍ ആരെയും കാണാനില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | കള്ളക്കേസെടുത്ത് ജയിലിലടച്ച കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണമെന്നും അതിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ലോക്സഭയില്‍ ശൂന്യവേളയിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ആക്രമിച്ചത്. ആക്രമണ സമയത്ത് അവരെ രക്ഷിക്കുന്നതിനു പകരം ഛത്തീസ്ഗഢ് പോലീസ് കൈയും കെട്ടി നോക്കിനിന്നു. കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവരാണ് ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍. ഒരു കുറ്റവും ചെയ്യാത്ത അവരെ അകാരണമായിട്ടാണ് കഴിഞ്ഞ അഞ്ചുദിവസമായി ജയിലിലിട്ടിരിക്കുന്നതെന്നും ഇത് ക്രൂരതയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കും താന്‍ കത്തുനല്‍കി. പക്ഷെ ഒരു നടപടിയുമുണ്ടായില്ല. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബജ്റംഗ്ദളിന്റെ ആരോപണം ആവര്‍ത്തിക്കുകയാണ് ചെയ്തത്. അത് അനുവദിക്കാനാവില്ല. ബിജെപി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുഴുവന്‍ ക്രൈസ്തവ സഭയും പ്രതിഷേധവുമായി തെരുവിലാണ്. ഇത് ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണം മാത്രമല്ല. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പുനല്‍കിയത്. കേരളത്തിലെ ബി ജെ പി നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി പോയവരാണ്. ഇപ്പോള്‍ ആരെയും കാണാനില്ല.

അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്എന്ന കോണ്‍ഗ്രിഗേഷന്‍ ആലപ്പുഴ പാര്‍ലിമെന്റ് മണ്ഡലത്തിലെ ചേര്‍ത്തലയിലാണ് പ്രവര്‍ത്തിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്കും അശരണരായവര്‍ക്കും പാലിയേറ്റീവ് കെയറില്‍ കഴിയുന്ന രോഗികള്‍ക്കും ഉള്‍പ്പെടെ ആശ്വാസം എത്തിക്കുന്ന ഒരു സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍മാരെയാണ് ഭരണകൂടം ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ വലിയ ക്രൈസ്തവ സ്നേഹം പ്രകടിപ്പിക്കുന്ന ബി ജെ പി കേരളത്തിന് പുറത്ത് ക്രൈസ്തവ സമൂഹത്തെ വേട്ടയാടുകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

Latest