Connect with us

Kerala

66 കുട്ടികളുടെ മരണം; ഇന്ത്യൻ നിർമിത കഫ്സിറപ്പ് തിരിച്ചുവിളിച്ച് ഗാംബിയ; ഹരിയാന സർക്കാർ സാംപിൾ പരിശോധനക്കയച്ചു

പശ്ചിമാഫ്രിക്കൻ രാജ്യത്ത് 66 കുട്ടികൾ മരിക്കാനിടയായത് ആഫ്രിക്ക അടക്കം ഭൂഖണ്ഡങ്ങളിലേക്ക് മരുന്നുകൾ കയറ്റി അയക്കുന്ന "ലോകത്തിന്റെ ഫാർമസി" എന്ന ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്കേറ്റ പ്രഹരം

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ കമ്പനി നിർമിച്ച കുട്ടികളുടെ കഫ് സിറപ്പ് പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയ തിരിച്ചുവിളിച്ചു. ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായത് ഈ കഫ്സിറാപ്പാകാമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. അതേസമയം, മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച കഫ് സിറപ്പിന്റെ സാംപിൾ ഹരിയാന സർക്കാർ സെൻട്രൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചു. പരിശോധനയിൽ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.

മുഴുവൻ വീടുകളിൽ നിന്നും കഫ് സിറപ്പ് തിരിച്ചെടുക്കുന്നതിനുള്ള വൻ ഡോർ ടു ഡോർ ക്യാമ്പയിനാണ് ഗാംബിയയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി വീടുകൾ തോറും വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. ന്യൂഡൽഹി ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ആണ് കുട്ടികളുടെ മരണത്തിന് കാരണമായെന്ന് സംശയിക്കുന്ന ചുമ സിറപ്പ് നിർമ്മിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പശ്ചിമാഫ്രിക്കൻ രാജ്യത്ത് 66 കുട്ടികൾ മരിക്കാനിടയായത് ആഫ്രിക്ക അടക്കം ഭൂഖണ്ഡങ്ങളിലേക്ക് മരുന്നുകൾ കയറ്റി അയക്കുന്ന “ലോകത്തിന്റെ ഫാർമസി” എന്ന ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്കേറ്റ പ്രഹരമാണ്.

മെയ്ഡൻ കഫ് സിറപ്പിൽ ഡൈതലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും “അസ്വീകാര്യമായ” അളവിൽ ചേർത്തതായി ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഇത് ഗുരുതര വൃക്ക രോഗത്തിന് കാരണമാകുമെന്ന് ഡബ്ല്യൂ എച്ച് ഒ ചൂണ്ടിക്കാട്ടി.

1990 നവംബറിൽ പ്രവർത്തനം ആരംഭിച്ച മെയ്ഡൻ, ഗാംബിയയിലേക്ക് മാത്രമാണ് സിറപ്പ് നിർമ്മിച്ച് കയറ്റുമതി ചെയ്തതെന്ന് ഇന്ത്യൻ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഹരിയാനയിലെ ന്യൂഡൽഹിക്കടുത്തുള്ള കുണ്ഡ്ലിയിലും പാനിപ്പട്ടിലും തങ്ങൾക്ക് രണ്ട് നിർമ്മാണ പ്ലാന്റുകളുണ്ടെന്നും അടുത്തിടെ മറ്റൊന്ന് സ്ഥാപിച്ചിട്ടുണ്ടെന്നും മെയ്ഡൻ അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു.

2.2 ദശലക്ഷം സിറപ്പ് കുപ്പികൾ, 600 ദശലക്ഷം ഗുളികകൾ, 18 ദശലക്ഷം കുത്തിവയ്പ്പുകൾ, 300,000 തൈലം ട്യൂബുകൾ, 1.2 ബില്യൺ ഗുളികകൾ എന്നിങ്ങനെയാണ് കമ്പനിയുടെ വാർഷിക ഉത്പാദന ശേഷി. മെയ്ഡൻ കമ്പനിയുടെ കഫ് സിറപ്പുകൾ നിലവിൽ ഇന്ത്യയിൽ വിൽക്കുന്നില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ സാധാരണയായി ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിന് മുമ്പ് പരിശോധിക്കാറുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Latest