Connect with us

International

രണ്ട് വർഷത്തിനിടയിൽ ഗസ്സയിൽ കൊലപ്പെടുത്തിയത് 64,275 പേരെ

ഇന്നും ഇസ്റാഈൽ സേന 44 പേരെ കൊലപ്പെടുത്തി, ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമെന്ന് യുനിസെഫ്

Published

|

Last Updated

ഗസ്സ | ഗസ്സയിൽ ഇസ്റാഈൽ വംശഹത്യ തുടരുന്നതിനിടെ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 64,275 ആയി ഉയർന്നു. 2023 ഒക്ടോബർ 7,  മുതൽ ഇന്ന് ഉച്ച വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്. ഇതിൽ ആയിരക്കണക്കിന് പേർ ഇപ്പോഴും ഇസ്റാഈൽ ആക്രമണങ്ങളിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം തുടങ്ങിയത് മുതൽ 370 പേർ പട്ടിണി മൂലം മാത്രം മരണപ്പെട്ടതായും അതിൽ 131 പേർ കുട്ടികളാണെന്നും അൽ ജസീറ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ന് ഗസ്സയിലുടനീളം ഇസ്റാഈല്‍ സൈന്യം കുറഞ്ഞത് 44 പേരെ കൊന്നു.

മാർച്ച് 18ന് നിലവിൽ വന്ന വെടിനിർത്തൽ ലംഘിച്ച ഇസ്റാഈൽ അതിനുശേഷം മാത്രം 11,699 പേരെ വധിച്ചു. ജനുവരി 19നും മാർച്ച് 17-നും ഇടയിൽ വെടിനിർത്തൽ കാലത്ത് പോലും 170 പേരെ കൊലപ്പെടുത്തിയതായി റിപോർട്ടിൽ പറയുന്നു. വെടിനിർത്തൽ കരാറിലെത്തുന്നത് വരെ ഒക്ടോബർ 7, 2023 മുതൽ ജനുവരി 18, 2025 വരെ 46,913 പേർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.  ഉപഗ്രഹ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഗസ്സ സിറ്റി, ഖാൻ യൂനിസ്, റാഫ അടക്കമുള്ള പ്രദേശങ്ങൾ ഗുരുതരമായി തകർന്നതായി വിലയിരുത്തപ്പെടുന്നു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസും ഈ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ന് ഗസ്സ നഗരത്തിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. കുറഞ്ഞത് ഏഴ് കുട്ടികളും കൊല്ലപ്പെട്ടു. ഗസ്സ പിടിച്ചെടുക്കാനുള്ള ആക്രമണം ‘നഗരത്തിന്റെ ഹൃദയഭാഗത്ത്’ എത്തിയെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്യുന്നു. ഗസ്സ നഗരത്തിൻ്റെ 40 ശതമാനം ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്റാഈല്‍ സൈന്യം അവകാശപ്പെടുകയും ജനവാസ വീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആക്രമണം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് യു എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) അറിയിച്ചു. നിലവിലെ സാഹചര്യത്തെ ‘ചിന്തിക്കാന്‍ പോലും കഴിയാത്തത്’ എന്നാണ് യുനിസെഫ് വിശേഷിപ്പിച്ചത്.

Latest