Kerala
റേവ് പാര്‍ട്ടികള്‍ക്ക് 'സ്നോബോള്‍'; മോഡലിംഗ് ആര്‍ട്ടിസ്റ്റ് എം ഡി എം എയുമായി പിടിയില്‍
മോഡലിംഗ് ആര്‍ട്ടിസ്റ്റായ ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി നടുവിലപറമ്പില്‍ വീട്ടില്‍, റോസ് ഹെമ്മ (ഷെറിന്‍ ചാരു-29) ആണ് പിടിയിലായത്.

കാക്കനാട് | കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് വേണ്ടി മയക്ക് മരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസ് പിടിയില്‍. മോഡലിംഗ് ആര്‍ട്ടിസ്റ്റായ ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി നടുവിലപറമ്പില്‍ വീട്ടില്‍, റോസ് ഹെമ്മ (ഷെറിന്‍ ചാരു-29) ആണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ദൗത്യ സംഘത്തിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 1.90 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
ഉപഭോക്താക്കള്‍ക്കിടയില്‍ ‘സ്നോബോള്‍ ‘ എന്ന കോഡിലാണ് ഇവര്‍ മയക്കു മരുന്ന് കൈമാറിയിരുന്നത്. രാത്രി കാലങ്ങളില്‍ മാത്രം ഡ്രഗ്‌സുമായി പുറത്തിറങ്ങുന്ന ഇവര്‍ ഉപഭോക്താക്കളുടെ തന്നെ വാഹനങ്ങളില്‍ ലിഫ്റ്റ് അടിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മയക്ക് മരുന്ന് കൈമാറ്റം ചെയ്ത് വരുകയായിരുന്നു.
റിസോര്‍ട്ടുകളും മറ്റും കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികളില്‍ മയക്ക് മരുന്ന് എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നത് ഹെമ്മയായിരുന്നു. റേവ് പാര്‍ട്ടികളിലെ രാസലഹരിയുടെ വിതരണം പൂര്‍ണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ നിയന്ത്രണത്തിലുള്ള സംഘമായിരുന്നു. ഇവര്‍ മുഖാന്തരം മാത്രമേ നിശാ പാര്‍ട്ടികളില്‍ രാസലഹരി എത്തിയിരുന്നുള്ളു.
നേരത്തെ പിടിയിലായ നിരവധി യുവതീ യുവാക്കള്‍, ആഡംബര വാഹനങ്ങളില്‍ വന്നിറങ്ങുന്ന പ്രതിയെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ലായിരുന്നു. കൊച്ചിയിലെ ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള ഹെമ്മയെ ഭയമുള്ളതിനാല്‍ പിടിക്കപ്പെടുന്നവര്‍ പലരും ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറുമല്ലായിരുന്നു.
പകല്‍ സമയം മുഴുവന്‍ മുറിയില്‍ കഴിഞ്ഞ ശേഷം രാത്രി മയക്കു മരുന്ന് എത്തിച്ച് നല്‍കുന്നതായിരുന്നു വില്‍പ്പനയുടെ രീതി. ഓണ്‍ലൈനായി വ്യത്യസ്ത ആളുകളുടെ പേരില്‍ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസം മാത്രം താമസിച്ച ശേഷം ഇവര്‍ അടുത്ത സ്ഥലത്തേക്ക് താമസം മാറും. പ്രധാന ഇടനിലക്കാരനായ ഒരു യുവാവ് എക്സൈസ് പ്രത്യേക സംഘത്തിന്റെ പിടിയിലായതോടെയാണ് പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്സൈസിന് ലഭിച്ചത്.
ഹെമ്മ പിടിയിലായതോടെ നഗരത്തിലെ മയക്കുമരുന്ന് ഇടപാടു നടത്തുന്ന നിരവധി പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഹെമ്മ പ്രവര്‍ത്തിച്ചു വരുന്ന മോഡലിംഗ് രംഗത്തും മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട അന്വേഷണമുണ്ടാകും.