Connect with us

National

ഡല്‍ഹി ലഫ്.ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മേധാപട്കര്‍ കുറ്റക്കാരിയെന്ന് കോടതി

നര്‍മ്മദാ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് 2000 മുതല്‍ ഇരുവരും നിയമപോരാട്ടങ്ങള്‍ നടത്തിവരികയായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി കെ സക്സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ കുറ്റക്കാരിയെന്ന് ഡല്‍ഹി സാകേത് കോടതി. ടി വി ചാനലിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. ശിക്ഷ പിന്നീട് കോടതി വിധിക്കും.രണ്ടുവര്‍ഷം വരെ തടവോ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.2003ലാണ് മേധാപട്കര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

സക്സേന ഭീരുവാണെന്നും ദേശസ്നേഹിയല്ലെന്നും ഹവാല ഇടപാടില്‍ സക്സേനയ്ക്ക് ബന്ധമുണ്ടെന്നുമുള്ള മേധാപട്കറുടെ പ്രസ്താവനകള്‍ അപകീര്‍ത്തികരം മാത്രമല്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സാകേത് കോടതി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ്മ പറഞ്ഞു.

നര്‍മ്മദാ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് 2000 മുതല്‍ ഇരുവരും നിയമപോരാട്ടങ്ങള്‍ നടത്തിവരികയായിരുന്നു. നര്‍മ്മദാ ബച്ചാവോ ആന്ദോളനും തനിക്കുമെതിരെ പരസ്യങ്ങള്‍ നല്‍കുന്നതില്‍ സക്സേനയ്ക്കെതിരെ മേധാപട്കര്‍ നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മേധാപട്കര്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സക്സേനയും കേസ് ഫയല്‍ ചെയ്തു. സക്സേനയുടെ ആരോപണത്തെ ഖണ്ഡിക്കാനുള്ള തെളിവുകളൊന്നും മേധാപട്കര്‍ ഹാജരാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മേധാപട്കര്‍ മനഃപ്പൂര്‍വ്വമായി സക്സേനയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്.

 

Latest