Connect with us

From the print

റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപ്പന

ഓണക്കാലത്ത് വില്‍പന 375 കോടി കടന്നതായി സപ്ലൈകോ.

Published

|

Last Updated

തിരുവനന്തപുരം | ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്ത് സപ്ലൈകോയുടെ വില്‍പ്പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതില്‍ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയിലൂടെയാണ് ലഭിച്ചത്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടി ഭേദിച്ച് 15.7 കോടിയില്‍ വില്‍പ്പന എത്തിയത് കഴിഞ്ഞ മാസം 27 നായിരുന്നു. ആഗസ്റ്റ് അവസാന വാരം തൊട്ട് പ്രതിദിന വില്‍പ്പന റെക്കോര്‍ഡുകള്‍ ഭേദിച്ചു.

ആഗസ്റ്റ് 29ന് വില്‍പ്പന 17.91 കോടിയും 30ന് 19.4 കോടിയും ഈ മാസം ഒന്നിന് 22.2 കോടിയും രണ്ടിന് 24.99 കോടിയും മൂന്നിന് 24.22 കോടിയും കടന്നു. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാന്‍ സപ്ലൈകോക്ക് കഴിഞ്ഞു. ഈ മാസം മൂന്ന് വരെ 1.19 ലക്ഷം ക്വിന്റല്‍ അരി വില്‍പ്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റര്‍ ശബരി വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റര്‍ കേര വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 4.95 കോടി രൂപയുടെയും വിറ്റുവരവുണ്ടായി.

ജില്ലാ ഫെയറുകളില്‍ 4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളില്‍ 14.41 കോടി രൂപയുടെയും വില്‍പ്പന നടന്നു. മഞ്ഞ കാര്‍ഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കുന്ന ഓണക്കിറ്റിന്റെ വിതരണം ഉത്രാട ദിനമായ ഇന്നലെ ഉച്ചവരെ 90 ശതമാനം പൂര്‍ത്തിയായി.

 

---- facebook comment plugin here -----

Latest