National
ഇന്ത്യക്കാരായ 43 മത്സ്യബന്ധന പ്രവര്‍ത്തകര്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍; ആറ് ബോട്ടുകളും പിടികൂടി

രാമേശ്വരം | ഇന്ത്യക്കാരായ 43 മത്സ്യബന്ധന പ്രവര്‍ത്തകരെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആറ് ബോട്ടുകളും പിടിച്ചെടുത്തു. ഇവരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് മത്സ്യബന്ധന പ്രവര്‍ത്തകരുടെ അസോസിയേഷന്‍ വ്യക്തമാക്കി. തുടര്‍ന്ന് അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബര്‍ 18ന് 500 ബോട്ടുകളിലായി കടലില്‍ പോയ മത്സ്യബന്ധന പ്രവര്‍ത്തകര്‍ കച്ചാത്തീവ് ദ്വീപില്‍ മീന്‍പിടിക്കുന്നതിനിടെയാണ് ഇവരില്‍ 43 പേരെയും ആറ് ബോട്ടുകളും ശ്രീലങ്കന്‍ സേന പിടികൂടിയതെന്ന് മത്സ്യബന്ധന വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. അറസ്റ്റിലായവരെ കംഗേസന്‍തുറൈയിലെ സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോയതായാണ് വിവരം. മത്സ്യബന്ധന പ്രവര്‍ത്തകരെയും അവരുടെ ബോട്ടുകളും വിട്ടുകിട്ടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാമനാഥപുരം എം പി. കെ നവാസ് കനി കേന്ദ്ര മന്ത്രിമാരോട് അഭ്യര്‍ഥിച്ചു.