Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്; ഗ്രൂപ്പ് വഴക്ക് ചൂണ്ടിക്കാട്ടി രാഹുലിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

സംസ്ഥാന അധ്യക്ഷനില്ലാതെ സംഘടന പ്രതിസന്ധിയില്‍

Published

|

Last Updated

തിരുവനന്തപുരം | ലൈംഗിക പീഡന പരാതിയില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തായതോടെ പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാന്‍ കഴിയാതെ യൂത്ത് കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. സര്‍ക്കാറിനെതിരെ സമരങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയാതെ സംഘടന കുഴങ്ങുകയാണ്.

കുന്നംകുളം പോലീസ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുന്നതിന് സംഘനക്ക് നാഥനില്ലാത്തത് തിരിച്ചടിയായെന്നാണു വിലയിരുത്തപ്പെടുന്നത്.

ഗ്രൂപ്പ് വൈരം മറന്ന് ഒറ്റെക്കെട്ടായി മുന്നോട്ടു പോയിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവിക്കായി ഗ്രൂപ്പിന്റെ പേരില്‍ ചേരിതിരിഞ്ഞിരിക്കയാണ്. ഇത് ഏറ്റുമുട്ടലായി തെരുവിലേക്ക് നീങ്ങുമെന്ന സാഹചര്യം മുന്നില്‍ കണ്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. സമവായം ഉണ്ടാക്കി പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി ശ്രാവണ്‍ റാവു കേരള നേതാക്കളുമായി ചര്‍ച്ച നടത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പേരില്‍ കേരളത്തില്‍ വീണ്ടും ഗ്രൂപ്പ് പോരു തലപൊക്കുന്നതായി കാണിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും വേഗം തിരികെ എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. രാഹുലിനെ തിരികെ കൊണ്ടുവന്നു പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ചില നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന്റെ മുന്നില്‍ വച്ചതായാണ് വിവരം. ലൈംഗികാരോപണം ഉയര്‍ന്ന ഉടനെ രാഹുലിനെ സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതു രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടുന്ന നേതൃത്വമാണെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
രാഹുലിനു പകരം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ സംബന്ധിച്ച് ഇതുവരെ സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് രാഹുലിനെ അനൂകൂലിക്കുന്നവര്‍ ആശ്വാസമായി കാണുകയാണ്.

നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്, ബിനു ചുള്ളിയില്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. രമേശ് ചെന്നിത്തല അബിന്‍ വര്‍ക്കിയെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിലേറെ വോട്ടു നേടിയ അബിനെ പ്രസിഡന്റ് ആക്കാതിരുന്നാല്‍ സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നാണ് ഐ ഗ്രൂപ്പ് വാദിക്കുന്നത്. കെ എം അഭിജിത്തിന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ടു വെക്കുന്നത്. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന പക്ഷം ബിനു ചുള്ളിയിലിനെയും നിര്‍ദേശിക്കുന്നു. ഒ ജെ ജനീഷും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം വൈകുന്നതിനെതിരെ സംസ്ഥാന സെകട്ടറി ജഷീര്‍ പള്ളി വയല്‍ നേരത്തെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ നാഥനില്ലാ കളരിയാണെന്നും ജഷീര്‍ പള്ളി വയല്‍ വിമര്‍ശിച്ചിരുന്നു.

 

 

Latest