National
ഇൻസ്റ്റാഗ്രാമിൽ യുവതിയെ കുറിച്ച് പോസ്റ്റിട്ടു; യുവാവിനെ യുവതിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു
കൊല്ലപ്പെട്ട സതീഷ് മുമ്പ് യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്

കരിംനഗർ | തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ, യുവതിയെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട യുവാവിനെ യുവതിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. സാരംഗപൂർ മണ്ഡലിലെ റെച്ചപ്പള്ളി ഗ്രാമത്തിൽ താമസിക്കുന്ന എടുരുഗട്ല സതീഷ് (28) ആണ് മരിച്ചത്.
കൊല്ലപ്പെട്ട സതീഷ് മുമ്പ് യുവതിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. വിവാഹലോചനകൾ വന്നതോടെ യുവതി പ്രണയ ബന്ധം തുടരൻ താത്പര്യമില്ലെന്ന് യുവാവിനെ അറിയിച്ചു. ഇതിൽ അസ്വസ്ഥനായ സതീഷ് യുവതിയോടുള്ള സ്നേഹം പ്രകടിപ്പിച്ചുകൊണ്ട്, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിടുകയായിരുന്നു. അവളെ ആരും വിവാഹം കഴിക്കരുതെന്നും അയാൾ മുന്നറിയിപ്പ് നൽകി.
ഈ പോസ്റ്റ് യുവതിയുടെ വീട്ടുകാരെ ചൊടിപ്പിച്ചു. തുടർന്ന് ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ അവർ സതീഷിന്റെ വീട്ടിലെത്തി.തുടർന്നുണ്ടായ തർക്കത്തിനിടെ, അവർ സതീഷിനെ വടികൊണ്ട് ആക്രമിച്ചു. മർദനത്തിന്റെ ശക്തിയിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നാഥരി വിനാഞ്ജി, ശാന്ത വിനാഞ്ജി, ജല എന്നീ മൂന്ന് പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.