Uae
മുഖം കണ്ടാല്‍ ആളെ അറിയാം; പാസ്‌പോര്‍ട് കാണിക്കേണ്ടതില്ല
ദുബൈ വിസക്കാര്‍ക്കു വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട് ഉപയോഗിക്കേണ്ടി വരില്ല .

ദുബൈ ്ദുബൈ താമസ കുടിയേറ്റ വകുപ്പിന്റെ (ജി ഡി ആര്‍ എഫ് എ )എല്ലാ സേവനങ്ങളും ഉടന്‍ തന്നെ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയിലൂടെ നല്‍കാന്‍ കഴിയുമെന്നു പ്രോജക്ട് മാനേജ്മെന്റ് ഓഫീസ് ഡയറക്ടര്‍ ഫാത്തിമ സാലം അല്‍ മസ്റൂയി സിറാജിനോട് പറഞ്ഞു .ജൈറ്റെക്സില്‍ ജി ഡി ആര്‍ എഫ് എയുടെ ബയോമെട്രിക് സംവിധാനങ്ങള്‍ പരിചയപ്പെടുത്തുകയായിരുന്നു അവര്‍ .ദുബൈ വിസക്കാര്‍ക്കു വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട് ഉപയോഗിക്കേണ്ടി വരില്ല .
ഈ പദ്ധതി പൂര്‍ണ്ണമായി നടപ്പിലായാല്‍, ദുബൈ നിവാസികള്‍ക്ക് സ്മാര്‍ട് ഫോണ്‍ വഴി എല്ലാ സേവനങ്ങളും ലഭിക്കും . വിസയ്ക്കും എന്‍ട്രി പെര്‍മിറ്റിനും വീട്ടില്‍ നിന്ന് പോലും അപേക്ഷിക്കാന്‍ കഴിയും. ബയോ മെട്രിക് സേവനം വേഗം ആരംഭിക്കുന്നതിന് അതോറിറ്റി ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ‘എല്ലാ ജിഡിആര്‍എഫ്എ സേവനങ്ങളും ഇടപാടുകളും ഫേഷ്യല്‍ ബയോമെട്രിക്സ് വഴിയാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. താമസാനുമതി , വിസ പോലുള്ള സേവനങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ ജി ഡി ആര്‍ എഫ് എ ആപ്പില്‍ മുഖം കാണിച്ചാല്‍ മതി . എല്ലാ ജി ഡി ആര്‍ എഫ് എ സേവനങ്ങള്‍ക്കും മുഖ ബയോമെട്രിക്‌സ് ഉപയുക്തമാക്കും .അധികൃതര്‍ക്ക് പരിശോധിക്കാനും എളുപ്പമാകും .
അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ടതില്ല . പാസ്പോര്‍ട്ടോ മറ്റേതെങ്കിലും രേഖകളോ കാണിക്കേണ്ടതില്ല ”അവര്‍ പറഞ്ഞു.ആളുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ വിമാനത്താവളങ്ങളില്‍ സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിക്കുമ്പോള്‍ പോകാനും വരാനും പാസ്‌പോര്‍ട് കാണിക്കേണ്ടതില്ല . ഒരു ഫേഷ്യല്‍ ബയോമെട്രിക് സംവിധാനം പരീക്ഷണാര്‍ത്ഥം ഇതിനകം വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുണ്ട് . ഉടന്‍ എല്ലാ സേവനങ്ങളിലേക്കും ‘മുഖ പരിചയം’ വ്യാപിപ്പിക്കാനാണ് ശ്രമം. ഈ മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യ വ്യാപകമാക്കാന്‍ കുറച്ച് സമയമെടുക്കും, കാരണം ഓരോ സേവനങ്ങള്‍ക്കും വ്യത്യസ്തമായ നടപടിക്രമങ്ങളുണ്ട്.ഈ സേവനങ്ങള്‍ ആരംഭിക്കുന്നതിന് സമയപരിധി നല്‍കുന്നത് ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) നിലവില്‍ വിസ സേവനങ്ങള്‍, എന്‍ട്രി പെര്‍മിറ്റുകള്‍, താമസാനുമതി സേവനങ്ങള്‍ എന്നിവയും മറ്റും വാഗ്ദാനം ചെയ്യുന്നു.ജീവിതോപാധി തേടി വിദേശികള്‍ ദുബൈയിലേക്കു ഒഴുകുകയാണ് . ഈ വര്‍ഷം ആദ്യം എമിറേറ്റിലെ ജനസംഖ്യ 35 ലക്ഷം കവിഞ്ഞു. സേവനങ്ങളെ ഒരു ആപ്ലിക്കേഷനില്‍ ഏകീകരിക്കുമെന്നും ഏത് അന്വേഷണത്തിനും അതോറിറ്റിയുമായി നിമിഷങ്ങള്‍ക്കകം ബന്ധപ്പെടാന്‍ താമസക്കാരെ പ്രാപ്തമാക്കുമെന്നും അല്‍ മസ്റൂയി വ്യക്തമാക്കി