Connect with us

National

വന്ദേഭാരത് ട്രെയിനിൽ ഇനി കിടന്നു യാത്ര ചെയ്യാം; സ്ലീപ്പർ വെർഷൻ അടുത്ത മാർച്ചോടെ

ഈ സാമ്പത്തിക വർഷത്തിൽ വന്ദേ മെട്രോയും ആരംഭിക്കുമെന്ന് റെയിൽവേ

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ റെയിൽവേയുടെ വേഗതാരമായ വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പർ വെർഷൻ അടുത്ത വർഷം മാർച്ചോടെ ഓടിത്തുടങ്ങും. ചെയർ കാർ സൗകര്യമുള്ള വന്ദേ ഭാരത് ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് സർവിസ് നടത്തുന്നത്. രാജധാനി എക്‌സ്പ്രസ് റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ ഓടിക്കാൻ റെയിൽവേ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാത്രിയിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ സ്ലീപ്പർ കോച്ചുകൾ നൽകേണ്ടത് അത്യാവശ്യമാണെന്ന തിരിച്ചറിവാണ് വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ തയ്യാറാക്കാൻ പ്രേരണയായത്.

വന്ദേഭാരതിന്റെ സ്ലീപ്പർ പതിപ്പ് ഈ സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുമെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറൽ മാനേജർ ബിജി മല്യ പറഞ്ഞു. സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ കോച്ചുകളുടെ നിർമാണം നിലവിൽ നടക്കുന്നുണ്ടെന്നും 2024 മാർച്ചിൽ ഇത് പുറത്തിറക്കുമെന്നും മല്യ പറഞ്ഞു. കൂടാതെ, ഈ സാമ്പത്തിക വർഷത്തിൽ വന്ദേ മെട്രോയും ആരംഭിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 12 കോച്ചുകളുള്ള ഈ മെട്രോ ട്രെയിൻ ജനുവരി മുതൽ ചെറിയ റൂട്ടുകളിൽ ഓടിക്കും.

റെയിൽ വികാസ് നിഗം ​​ലിമിറ്റഡും (RVNL) റഷ്യയുടെ TMH ഗ്രൂപ്പും ചേർന്ന കൺസോർഷ്യമാണ് സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ നിർമിക്കുന്നത്. ഈ കൺസോർഷ്യം 200 ൽ 120 സ്ലീപ്പർ വന്ദേ ഭാരത് നിർമിക്കാനുള്ള കരാറാണ് ഒപ്പുവെച്ചത്. ബാക്കിയുള്ള 80 ട്രെയിനുകൾ ടിറ്റാഗഡ് വാഗൺസിന്റെയും ഭെല്ലിന്റെയും കൺസോർഷ്യം നിർമിക്കും.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററായിരിക്കുമെന്ന് ആർവിഎൻഎൽ ജിഎം (മെക്കാനിക്കൽ) അലോക് കുമാർ മിശ്ര ഓഗസ്റ്റിൽ പറഞ്ഞിരുന്നു. 11 എസി3, നാല് എസി2, ഒരു എസി1 കോച്ചുകൾ ഉൾപ്പെടെ 16 കോച്ചുകളുണ്ടാകും. കോച്ചുകളുടെ എണ്ണം 20 അല്ലെങ്കിൽ 24 ആയി ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതിന്റെ നോൺ എസി പതിപ്പും പുറത്തിറക്കാൻ പദ്ധതിയുണ്ട്. ഈ വർഷം ഒക്‌ടോബർ 31ന് മുമ്പ് ഇത് ലോഞ്ച് ചെയ്യും. 22 കോച്ചുകളും ഇരുവശത്തുമായി ഓരോ ലോക്കോമോട്ടീവും അടങ്ങുന്നത നോൺ എസി പുഷ് പുൾ ട്രെയിനാകുമിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ 75 വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ 2019 ഫെബ്രുവരി 15 ന് ഓടിത്തുടങ്ങി. ഇതുവരെ 25 വന്ദേ ഭാരത് ട്രെയിനുകളാണ് പുറത്തിറക്കിയത്.