Articles
എന്നിട്ടും അവരുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്നതെന്തിന്?
അക്രമത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കി കശ്മീരികള്‍ അഭയമൊരുക്കി. ആശുപത്രികളിലെത്തിക്കാനും അവര്‍ക്ക് കാവല്‍ നില്‍ക്കാനും തുടക്കത്തിലുണ്ടായിരുന്നത് നാട്ടുകാരായിരുന്നു. ടാക്‌സി ഡ്രൈവര്‍മാര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ സൗജന്യ യാത്ര ഉറപ്പ് നല്‍കി. അടുത്ത ദിവസം നാടൊരുമിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാര സംഘടനകളും മത സാമൂഹിക സംഘടനകളും അക്രമത്തെ അപലപിച്ചു.

കൊല്ലപ്പെടുന്നത് നമ്മളാണ്, കൊലപാതകികളായി മുദ്രകുത്തപ്പെടുന്നതും നമ്മളാണ്- ഓരോ കശ്മീരി മുസ്്ലിമും സ്വയം പറഞ്ഞുകൊണ്ടിരിക്കുന്ന വാചകമാണിത്. ഏപ്രില്‍ 22ന് പഹല്‍ഗാമിലെ വിനോദ സഞ്ചാര കേന്ദ്രമായ ബൈസരണില്‍ 27 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ ഏറെ ദുഃഖിക്കുന്നവരാണ് കശ്മീരികള്‍. ദശകങ്ങള്‍ നീണ്ട അസ്വസ്ഥതയുടെ ചരിത്രമുള്ള പ്രദേശമാണ് കശ്മീര്‍. ഭീകരരുടെ പ്രധാന ലക്ഷ്യം സുരക്ഷാ സേനയും പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തീവ്രവാദ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന തദ്ദേശീയരുമായിരുന്നു. എന്നാല്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുള്ള ഭീകരാക്രമണം ആദ്യമാണ്. ഈ ദാരുണ സംഭവം കശ്മീരിനെയും കശ്മീരികളെയും കൂട്ടശിക്ഷക്ക് വിധേയമാക്കുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, പുല്‍വാമയില്‍ സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തി. 40 ജവാന്മാര്‍ കൊല്ലപ്പെട്ടു. പുല്‍വാമ സംഭവത്തിനു കാരണം അങ്ങേയറ്റത്തെ സുരക്ഷാ വീഴ്ചയും ഇന്റലിജന്‍സ് പരാജയവുമാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിട്ടും ഉചിതമായ നടപടി സ്വീകരിച്ചില്ല. ആക്രമണ ഭീഷണി കാരണം സൈനികരെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് വിമാനമാര്‍ഗമയക്കാതെ റോഡ് മാര്‍ഗം അയച്ചു. സ്ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം ദിവസങ്ങളോളം വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അന്നുയര്‍ന്നു കേട്ടത്.
കശ്മീരിൽ തീവ്രവാദം വര്‍ധിക്കാന്‍ കാരണം ഭരണഘടനയുടെ 370ാം വകുപ്പ് ആണെന്നായിരുന്നു ബി ജെ പിയുള്‍പ്പെട്ട സംഘ്പരിവാര്‍ സംഘടനകളുടെ പരാതി. 2019ല്‍ രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് പാര്‍ലിമെന്റില്‍ 370ാം വകുപ്പ് റദ്ദാക്കുന്ന ബില്ല് പാസ്സാക്കി. അതോടെ തീവ്രവാദവും ഭീകരവാദവും കശ്മീരില്‍ ഇല്ലാതാകുമെന്ന് വിശ്വസിച്ചു. പുല്‍വാമ സംഭവത്തിന് പ്രതികാരമായി പാകിസ്താനിലെ ബാലാകോട്ടില്‍ ബോംബാക്രമണം നടത്തി ഭീകരതയുടെ വിപത്ത് ഇല്ലാതാക്കിയെന്നും അവകാശപ്പെട്ടു. തീവ്രവാദ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് തടയാനെന്നു പറഞ്ഞ് 2016ല്‍ മോദി സര്‍ക്കാര്‍ നോട്ടുനിരോധനമേര്‍പ്പെടുത്തി. ഇതുകൊണ്ടൊന്നും കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സാധിച്ചില്ല. കശ്മീര്‍ ജനതയുടെ സുരക്ഷ ചോദ്യ ചിഹ്നമായി തുടരുകയാണ്. പഹല്‍ഗാം ആക്രമണത്തിനു ശേഷം കശ്മീര്‍ ജനത കൂടുതല്‍ പരിഭ്രാന്തിയിലാണ്. അവര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെടുന്നു. ദേശീയ ടെലിവിഷന്‍ ചാനലുകളും സാമൂഹിക മാധ്യമങ്ങളും കശ്മീരികളുടെ ദേശസ്‌നേഹത്തെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുകയാണ്. പാകിസ്താനുമായി യുദ്ധത്തിനുള്ള ഇന്ധനം നല്‍കുകയാണ് ടി വി ചാനലുകളെന്ന് അവര്‍ ഭയക്കുന്നു. പാകിസ്താന്റെ സുരക്ഷയോ നിലനില്‍പ്പോ കശ്മീരികള്‍ക്ക് വിഷയമല്ല. യുദ്ധത്തിന്റെ കെടുതി ഏറ്റവും കൂടുതല്‍ ബാധിക്കുക അതിര്‍ത്തി സംസ്ഥാനമായ കശ്മീരിനെയായിരിക്കും. യുദ്ധം അവരെ കൂടുതല്‍ ഭയാനകതയിലേക്ക് കൊണ്ടെത്തിക്കും.
പഹല്‍ഗാം ഭീകരാക്രമണം കശ്മീരികള്‍ക്ക് ഏറ്റ ഇരട്ട പ്രഹരമാണ്. വിനോദ സഞ്ചാരികളുടെ വരവ് കുറയുന്നതോടെ കശ്മീരികളുടെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കും. സംസ്ഥാനത്തിന്റെ മുഖ്യ തൊഴില്‍ മേഖല ടൂറിസമാണ്. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം നടന്നത് മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നറിയപ്പെടുന്ന മനോഹരമായ പൈന്‍ വന പുല്‍മേടായ ബൈസരണിലാണ്. പീക്ക് സീസണില്‍ പ്രതിദിനം 10,000ത്തോളം സന്ദര്‍ശകര്‍ എത്താറുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. പഹല്‍ഗാമിലെ തൊണ്ണൂറ് ശതമാനം പേരുടെയും ജീവിത മാര്‍ഗം ടൂറിസത്തില്‍ നിന്നുള്ള വരുമാനമാണ്. അക്രമികളുടേതെന്ന് കരുതപ്പെടുന്നവരുടെ ഒരു ഡസനോളം വീടുകള്‍ സൈനികരും മറ്റും ചേര്‍ന്ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുണ്ടായി. പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്നാഗ്, കുപ്്വാര, ബന്ദിപ്പോര എന്നീ ജില്ലകളിലാണ് വീടുകള്‍ തകര്‍ത്തത്. അക്രമികളെന്ന് കരുതപ്പെടുന്നവര്‍ക്ക് വര്‍ഷങ്ങളായി ഈ വീടുകളുമായി ബന്ധമില്ല. സൈനികരുടെ ഈ നടപടി കടുത്ത വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വീട് പൊളിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഭീകരാക്രമണത്തിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാര്‍ഥികളും വ്യാപാരികളും ഭീഷണി നേരിടുകയാണ്. പഠനം പാതി വഴിയില്‍ നിര്‍ത്തിയും ജോലിയും വ്യാപാരവും ഉപേക്ഷിച്ചും പലരും മടങ്ങുകയാണ്. കൂട്ടക്കൊലയെ മറയാക്കി കശ്മീരികളെ അപമാനിക്കാനും വേട്ടയാടാനും വര്‍ഗീയ ശക്തികള്‍ തങ്ങളുടെ ശ്രമത്തിന് ആക്കം കൂട്ടുകയാണ്. ഇത്തരം ശക്തികള്‍ക്ക് ചില സംസ്ഥാന സര്‍ക്കാറുകള്‍ ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചു, “ജനങ്ങളെ അകറ്റുന്ന തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ട സമയമാണിത്. കുറ്റവാളികളെ ശിക്ഷിക്കുക. അവരോട് ഒരു ദയയും കാണിക്കരുത്. എന്നാല്‍ നിരപരാധികള്‍ ഒരു കാരണവശാലും ശിക്ഷിക്കപ്പെടരുത്’. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ആക്രമിക്കപ്പെടുന്ന കശ്മീരികള്‍ക്കു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ അപേക്ഷയാണ് ഈ കുറിപ്പ്. പഠനത്തിനും ജോലിക്കും ഉത്തര്‍ പ്രദേശിലെ പ്രയാഗ്്രാജില്‍ താമസിക്കുന്ന കശ്മീരി യുവാക്കളോട് വീടൊഴിയാന്‍ ഉടമസ്ഥര്‍ ആവശ്യപ്പെടുകയുണ്ടായി. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും കശ്മീരികള്‍ ഇതേ അവസ്ഥ നേരിടുകയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ കോളജുകളില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ഥികളെ ഉടന്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു രക്ഷാ ദള്‍ എന്ന സംഘടന കോളജ് അധികൃതര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ചണ്ഡീഗഢിലെ ഡെറാബസിയിലെ കോളജിലെ കശ്മീരി വിദ്യാര്‍ഥികളെ രാത്രി ഹോസ്റ്റലില്‍ കടന്ന് നാട്ടുകാരടക്കമുള്ള സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയുണ്ടായി. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരോ പോലീസോ സംഭവത്തില്‍ ഇടപെടുകയുണ്ടായില്ല.
വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരുക്കേറ്റവരെയും അവരോടൊപ്പമുള്ളവരെയും നാട്ടുകാര്‍ തങ്ങളുടെ സ്വരക്ഷ മറന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച സംഭവങ്ങള്‍ ഇക്കൂട്ടര്‍ മറച്ചു വെക്കുകയാണ്. അക്രമത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കി കശ്മീരികള്‍ അഭയമൊരുക്കി. ആശുപത്രികളിലെത്തിക്കാനും അവര്‍ക്ക് കാവല്‍ നില്‍ക്കാനും തുടക്കത്തിലുണ്ടായിരുന്നത് നാട്ടുകാരായിരുന്നു. ടാക്‌സി ഡ്രൈവര്‍മാര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ സൗജന്യ യാത്ര ഉറപ്പ് നല്‍കി. അടുത്ത ദിവസം നാടൊരുമിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാര സംഘടനകളും മത സാമൂഹിക സംഘടനകളും അക്രമത്തെ അപലപിച്ചു. പഹല്‍ഗാമിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ബന്ദാചരിച്ചു. സംസ്ഥാനത്ത് സമ്പൂര്‍ണ ബന്ദ് നടക്കുന്നത് 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമാണ്. കശ്മീരിലെ മുഴുവന്‍ പള്ളികളിലും ഖത്തീബുമാര്‍ വെള്ളിയാഴ്ച പ്രഭാഷണങ്ങളില്‍ ഈ ക്രൂരതയെ അപലപിക്കുകയുണ്ടായി.
പഹല്‍ഗാം രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. യാത്രാ സൗകര്യവും നെറ്റ്്വര്‍ക്ക് സംവിധാനവും ലഭ്യമല്ലാത്ത ഇവിടെ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതായിരുന്നു. സംഭവ സമയം പട്ടാളമോ പോലീസോ ഉണ്ടായിരുന്നില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ഇന്റലിജന്‍സ് സംവിധാനത്തിന്റെ പരാജയം ഇവിടം തുറന്നു കാട്ടപ്പെടുകയാണ്. എന്നിട്ടും നാട്ടുകാര്‍ ഒറ്റക്കെട്ടായി ഭീകരവാദികള്‍ക്കെതിരെ ഒരുമിച്ചു. അവര്‍ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയത് അധികൃതരുടെ അനാസ്ഥക്കെതിരെയായിരുന്നില്ല, രാജ്യത്തിന് ഭീഷണിയായ ഭീകരവാദികള്‍ക്കെതിരെയാണ്.എന്നിട്ടും കശ്മീര്‍ ജനതയുടെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുകയാണ്.
സോഷ്യല്‍ മീഡിയയും വാര്‍ത്താ ചാനലുകളും ജനമനസ്സുകളില്‍ കശ്മീരികളെ ശത്രുക്കളായി പ്രതിഷ്ഠിക്കുകയാണ്. തീവ്രവാദികളില്‍ നിന്ന് തോക്കുകള്‍ തട്ടിയെടുത്ത് വിനോദ സഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍ നഷ്ടമായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായും അക്രമത്തില്‍ കൊല്ലപെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകള്‍ ആതിര തന്റെ പുതിയ സഹോദരന്മാരെന്ന് വിളിച്ചു പറഞ്ഞ സമീറും മുസഫറും ചത്തീസ്ഗഢില്‍ നിന്നുള്ള ബി ജെ പി നേതാവ് അരവിന്ദ് അഗര്‍വാള്‍, ഭാര്യ പൂജ, ഇവരുടെ നാല് വയസ്സുള്ള മകള്‍ എന്നിവരെ ഭീകരരില്‍ നിന്ന് രക്ഷപ്പെടുത്തിയ നസാകത്ത് അഹമ്മദ് ഷായും കശ്മീരികളാണ്. കശ്മീരിന്റെ യഥാര്‍ഥ മുഖം ഇവരെ പോലുള്ളവരാണ്.