International
യെമന്‍ ഡ്രോണ്‍ അക്രമണം: അന്വേഷണം ആരംഭിച്ച് ഇസ്‌റാഈല്‍
ആക്രമണത്തിന്റെ ആഘാതം ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല

തെല്‍ അവീവ് | ചെങ്കടല്‍ നഗരമായ എലാറ്റിന് സമീപമുള്ള റാമോണ്‍ വിമാനത്താവളത്തിലെ ആഗമന ഹാളില്‍ യെമന്‍ വിക്ഷേപിച്ച ഡ്രോണ്‍ ഇടിച്ചുകയറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ഇസ്‌റാഈല്‍ സേന. യെമന്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്‌റാഈല്‍ വിമാനത്താവള അതോറിറ്റി റാമോണ്‍ വിമാനത്താവളത്തിലെ വ്യോമാതിര്‍ത്തി അടച്ചിട്ടിരുന്നു.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുള്ള ആഘാതത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല. ഡ്രോണ്‍ തടഞ്ഞിട്ടതാണോ നേരിട്ട് ഇടിച്ചതാണോ എന്നതാണ് പുറത്തുവരാനുള്ളത്. നേരത്തേ യെമനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ വ്യോമസേന തടഞ്ഞതായി ഇസ്‌റാഈല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. രണ്ടെണ്ണം ഇസ്‌റാഈലിലേക്ക് കടക്കുന്നതിന് മുമ്പ് തടഞ്ഞെന്നായിരുന്നു വിശദീകരണം. എന്നാല്‍ മൂന്നാമത്തേതിനെ കുറിച്ച് വിശദീകരിച്ചിട്ടില്ല.
ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് നിസ്സാരമായി പരുക്കേറ്റതായി ഇസ്‌റാഈലി രക്ഷാപ്രവര്‍ത്തന സേവനങ്ങളെ ഉദ്ധരിച്ച് ഇസ്‌റാഈലി പത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു.