സാഹിത്യം
വൈരുധ്യങ്ങളുടെ എഴുത്ത്; വൈവിധ്യങ്ങളുടെയും
എഴുത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായിരുന്നു യുകിയോ മിഷിമ. നോവലിനു പുറമെ ചെറുകഥ, നാടകം, കവിത, സാഹിത്യവിമർശം, ഉപന്യാസം തുടങ്ങിയ മേഖലകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി.

ഇരുപതാം നൂറ്റാണ്ടിലെ ജാപ്പനീസ് സാഹിത്യത്തിൽ നിറസാന്നിധ്യമായിരുന്നു യൂകിയോ മിഷിമ. ജപ്പാന്റെ സാഹിത്യപാരമ്പര്യത്തെ രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് കൊണ്ടുപോയ എഴുത്തുകാരനാണ് അദ്ദേഹം. പലതവണ നൊബേൽ സമ്മാനത്തിന് ശിപാർശ ചെയ്യപ്പെട്ട മിഷിമ 1968ൽ നൊബേലിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു. നൊബേൽ നേടാനായില്ലെങ്കിലും ഉജ്ജ്വലമായ നോവലുകളിലൂടെ അദ്ദേഹം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയം കവർന്നു. ഈ എഴുത്തുകാരൻ ഇപ്പോൾ ജന്മശതാബ്ദിയുടെ നിറവിലാണ്.
1925 ൽ ടോക്കിയോവിലാണ് യുകിയോ മിഷിമ ജനിച്ചത്. യഥാർഥ പേര് ഹിരവോക്ക കിമിതാക്കെ. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് തൃപ്തികരമായ ശാരീരികക്ഷമതയുടെ അഭാവത്താൽ അദ്ദേഹത്തിന് പട്ടാളസേവനം നിഷേധിക്കപ്പെട്ടു. തുടർന്ന് ഒരു ഫാക്ടറിയിൽ കുറേക്കാലം സേവനമനുഷ്ഠിച്ചശേഷം യുദ്ധാനന്തരം ടോക്കിയോ സർവകലാശാലയിൽ നിയമ പഠനത്തിന് ചേർന്നു. പിന്നീട് സാമ്പത്തികകാര്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായി.
എഴുത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനായിരുന്നു യുകിയോ മിഷിമ. നോവലിനു പുറമെ ചെറുകഥ, നാടകം, കവിത, സാഹിത്യവിമർശം, ഉപന്യാസം തുടങ്ങിയ മേഖലകളിലും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. 1949ൽ വെളിച്ചം കണ്ട ആദ്യനോവൽ Confessions of a Mask മിഷിമയെ ദേശീയതലത്തിൽ ശ്രദ്ധേയനാക്കി. ആധുനിക ജാപ്പനീസ് സാഹിത്യത്തിലെ എക്കാലത്തേയും മികച്ച നോവലുകളിലൊന്നായാണ് ഈ രചനയെ നിരൂപകലോകം വിലയിരുത്തിയത്. തുടർന്ന് ഒട്ടേറെ നോവലുകൾ അദ്ദേഹം എഴുതി.
അവയിൽ ഏറെ പ്രമുഖമായവ Thirst for Love, Forbidden Colours, The Sound of Waves, After the Banquet എന്നിവയാണ്. നാടകങ്ങളിൽ Madame de Sade, Five Modern Nōh Plays എന്നിവ പ്രശസ്തമാണ്. 1966 ൽ പ്രസിദ്ധീകരിച്ച Death in Midsummer and Other Stories മിഷിമയുടെ പ്രധാന കഥാസമാഹാരമാണ്. ഇതിലെ Patriotism എന്ന കഥ അഗോളത്തലത്തിൽ തന്നെ പ്രശസ്തമായതാണ്. അദ്ദേഹത്തിന്റെ അവസാനത്തെ രചന The Sea of Fertility നാല് നോവലുകളുടെ – Spring snow, Runaway Horses, The Temple of Dawn, The Decay of the Angel – സഞ്ചയമാണ്. 1912 മുതൽ 1960 വരെയുള്ള കാലത്തെ ജപ്പാനിലെ സാമൂഹികവും വൈയക്തികവുമായ വ്യത്യസ്ത ജീവിത മുദ്രകളാണ് ഇവയിൽ ചിത്രീകരിക്കുന്നത്. ദേശീയതയുടെ നിറവും മണവും തീവ്രമായി അനുഭവപ്പെടുത്തുന്ന ഈ രചനകൾ പാശ്ചാത്യ ജീവിതരീതികളോടുള്ള എഴുത്തുകാരന്റെ അനിഷ്ടവും വിപ്രതിപത്തിയും പ്രകടമാക്കുന്നുമുണ്ട്.
കടുത്ത ദേശീയവാദിയായിരുന്ന യുകിയോ മിഷിമ.
തന്റെ രാഷ്ട്രത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ഏറെ വിലമതിച്ചു. അതിന്റെ ഓർമകളിൽ അഭിരമിക്കുവാൻ അദ്ദേഹം എപ്പോഴും ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ രണ്ടാം ലോകമഹായുദ്ധതിനുശേഷം തന്റെ രാജ്യത്ത് പ്രത്യക്ഷപ്പെട്ട കടുത്ത പാശ്ചാത്യഭ്രമത്തെ മിഷിമ ശക്തമായി എതിർത്തു. ജപ്പാൻ തന്റെ പഴയ പാരമ്പര്യത്തിലേക്കു തിരിച്ചു പോകണമെന്ന് അദ്ദേഹം നിരന്തരം ആഹ്വാനം ചെയ്തു. അതേസമയം, കടുത്ത ദേശീയവാദം പ്രകടമാക്കുമ്പോഴും മിഷിമയുടെ മിക്ക രചനകളും യൂറോപ്യൻ സംസ്കാരത്തോടുള്ള ആഭിമുഖ്യവും പ്രദർശിപ്പിക്കുന്നുണ്ടെന്നത് കൗതുകമുണർത്തുന്ന വസ്തുതയാണ്.
പാശ്ചാത്യസാഹിത്യധാരകളിൽ ആകൃഷ്ടനായിരുന്ന മിഷിമയെ യൂറോപ്പിലേയും, റഷ്യയിലേയും സാഹിത്യകൃതികൾ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ഈ കാരണംകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നോവലുകളുടെ പശ്ചാത്തലമായി ജപ്പാൻ ഉയർന്നുനിൽക്കുന്നുണ്ടെങ്കിലും ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അവസ്ഥകൾ, മനുഷ്യ ബന്ധങ്ങളുടെ സങ്കീർണത തുടങ്ങിയ വിഷയങ്ങൾ വിശകലനം ചെയ്യുന്നതുവഴി അവക്ക് സാർവജനീനവും സാർവലൗകികവുമായ ഒരു ഔന്നത്യം ലഭിക്കുന്നുണ്ടെന്നതും സത്യമാണ്.
മിഷിമയുടെ മരണം ജപ്പാനിൽ അക്കാലത്ത് സാധാരണമായിരുന്ന സമൂറായി മാതൃകയിലുള്ള ആത്മഹത്യയായിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ഒരു പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടത്തിന്റെ കടുത്ത നൈരാശ്യമാണ് മിഷിമയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. 1970 നവംബർ 25 ന് തന്റെ നോവലിന്റെ അവസാനത്തെ ഭാഗം പ്രസാധകന് അയച്ചുകൊടുത്തിട്ട് ടോക്കിയോവിലെ ഒരു പട്ടാളക്യാമ്പിന്റെ മട്ടുപ്പാവിൽ നിന്നും താഴെ തടിച്ചുകൂടിയ പട്ടാളക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു. രണ്ടാം ലോക മഹായുദ്ധാനന്തരം ജപ്പാനിൽ രൂപപ്പെട്ട പാശ്ചാത്യ പക്ഷപാതത്തിനെതിരെ അണിനിരക്കുവാൻ അദ്ദേഹം പട്ടാളക്കാരെ ആഹ്വാനം ചെയ്തു. എന്നാൽ ആ ആഹ്വാനം സ്വീകരിക്കപ്പെട്ടില്ല.അതിൽ മനംനൊന്ത് അവരെ സാക്ഷിയാക്കി കൈയിലുണ്ടായിരുന്ന വാളുകൊണ്ട് വയറു വെട്ടിപ്പിളർന്ന് അദ്ദേഹം മരണം വരിക്കുകയായിരുന്നു.
മിഷിമയുടെ ആത്മഹത്യ ഏറെക്കാലം ജപ്പാന്റെ സാഹിത്യ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ കോലാഹലം സൃഷ്ടിച്ചു. ദേശീയതയെ മുറുകെപ്പിടിച്ച അദ്ദേഹം തന്റെ രചനകളിൽ കോറിയിട്ട ഇന്റർനാഷനലിസത്തിന്റെ രേഖകൾ വയനാലോകത്തെ ആശയക്കുഴപ്പത്തിലാക്കിയപ്പോൾ മിഷിമ വൈരുധ്യങ്ങളുടെ എഴുത്തുകാരനായി വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ, അപ്പോഴും അദ്ദേഹത്തിന്റെ നോവലുകൾക്ക് രാജ്യാതിർത്തികൾക്കപ്പുറത്തും ആവശ്യക്കാർ ഏറെയുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.