Articles
ഇനിയും അസ്തമിച്ചിട്ടില്ലാത്ത മാധ്യമ പ്രതീകങ്ങള്‍
വലിയ പ്രൊഫൈലുള്ള രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കും. ഇപ്പോള്‍ ഇത്തരം കേസുകള്‍ ഞെട്ടിക്കുന്ന വാര്‍ത്ത പോലുമല്ല. അത്രമേല്‍ സ്വാഭാവികമായിക്കഴിഞ്ഞിരിക്കുന്നു ഇത്തരം കേസുകള്‍.
2007 ഒക്ടോബര്‍ 21. രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്താധിഷ്ഠിത പ്രോഗ്രാമായ ഡെവിള്‍സ് അഡ്വക്കറ്റ് സി എന്‍ എന്‍- ഐ ബി എന്നില്‍ ചാനല്‍ സംപ്രേക്ഷണം നടക്കുകയാണ്. വാര്‍ത്താവതാരകന്‍ ദേശീയ മാധ്യമരംഗത്തെ പ്രഗത്ഭനായ കരണ്‍ ഥാപ്പര്‍. എതിര്‍ സീറ്റിലിരിക്കുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. അഭിമുഖം ആരംഭിച്ചു. ഔപചാരികതകള്‍ക്ക് ശേഷം കരണ്‍ ഥാപ്പറിന്റെ ചോദ്യം മുസ്‌ലിംകളെ കൊന്നൊടുക്കിയ 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച്. അതുവരെ ക്യാമറക്ക് മുമ്പില്‍ ചിരിച്ചുനിന്നിരുന്ന നരേന്ദ്ര മോദിയുടെ മുഖം മാറി. അഭിമുഖം തുടങ്ങി മൂന്ന് മിനുട്ടിനുള്ളില്‍ മൈക്ക് ഓഫാക്കി മോദി അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ അന്ന് ഈ സംഭവം വലിയ വാര്‍ത്തയായി. ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച ഡെവിള്‍സ് അഡ്വക്കറ്റ് എന്ന പുസ്തകത്തില്‍ കരണ്‍ ഥാപ്പര്‍ ഇക്കാര്യം വിശദമായി എഴുതുന്നുണ്ട്.
അന്നത്തെ വാര്‍ത്താവതാരകനായ കരണ്‍ ഥാപ്പറിനെയും നേരത്തേ ദി ഹിന്ദുവിലുണ്ടായിരുന്ന, ഇപ്പോള്‍ ദി വയറിന്റെ സ്ഥാപക പത്രാധിപരായ സിദ്ധാര്‍ഥ് വരദരാജനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം ഗുവാഹത്തി പോലീസ്. കേന്ദ്ര സര്‍ക്കാറിനെയും ഓപറേഷന്‍ സിന്ദൂറിനെയും വിമര്‍ശിച്ചു എന്നതാണ് രാജ്യത്തെ ധീരരായ ഈ രണ്ട് മാധ്യമ പ്രവര്‍ത്തകരും ചെയ്ത കുറ്റം. ആഗസ്റ്റ് 22ന് ഹാജരാകാനാണ് ക്രൈം ബ്രാഞ്ചിന്റെ നിര്‍ദേശം.
ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് എന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് ഈ രാജ്യദ്രോഹക്കുറ്റം. മാധ്യമ സ്ഥാപനങ്ങളും ജേര്‍ണലിസ്റ്റുകളും നിരന്തരം വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് കോര്‍പറേറ്റ്- രാഷ്ട്രീയ ചങ്ങാത്തം സൃഷ്ടിച്ച പ്രത്യേക ഘടനയില്‍ ഇവിടെ മാധ്യമ പ്രവര്‍ത്തനം നടത്തേണ്ടി വരുന്നത്. ഭരണകൂട താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ അതിജീവിക്കുകയും സത്യം പറയുന്ന പത്രപ്രവര്‍ത്തകരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുകയും ചെയ്യുന്ന നടപ്പുരീതിയിലേക്ക് മാധ്യമലോകം വഴിമാറി. വാര്‍ത്ത എന്നത് കേവലം ഒരു ഉത്പന്നമാകുകയും കമ്പോളത്തിലെ വ്യാപാര താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന, അച്ചടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ മാത്രം ന്യൂസ് റൂമുകളില്‍ വാഴുകയും ചെയ്യുന്ന ഒരു കോര്‍പറേറ്റ് രീതിയിലേക്ക് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഒതുങ്ങുകയും ചെയ്തു. ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകുകയും വ്യാജവാര്‍ത്തകള്‍ കൊണ്ടാണെങ്കിലും കോര്‍പറേറ്റ്, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന തലത്തിലേക്ക് രാജ്യത്തെ മാധ്യമങ്ങള്‍ ഒന്നടങ്കം വഴിമാറി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്ത് നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടു. പല പത്രപ്രവര്‍ത്തകരും കൊല്ലപ്പെട്ടു, ആക്രമിക്കപ്പെട്ടു. പലര്‍ക്കും മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു. ചിലരെയെങ്കിലും കാണാതായി. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥ വന്നു.
ഇപ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട രണ്ട് പേരും രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ മാധ്യമ പ്രവര്‍ത്തകരാണ്. സിദ്ധാര്‍ഥ് വരദരാജന്‍ 2011 മുതല്‍ 2013 വരെ ദി ഹിന്ദുവിന്റെ എഡിറ്ററായിരുന്നു. സിദ്ധാര്‍ഥ് ഭാട്ടിയ, എം കെ വേണു എന്നിവരോടൊപ്പം ഇന്ത്യന്‍ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടലായ ദി വയറിന്റെ സ്ഥാപക എഡിറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ദി ഹിന്ദു ദിനപത്രത്തിന്റെ പടിയിറങ്ങിയ ശേഷം അദ്ദേഹം ആരംഭിച്ച സ്വതന്ത്ര മാധ്യമ സ്ഥാപനമാണ് ദി വയര്‍. 1978ന് ശേഷം, സിദ്ധാര്‍ഥ് വരദരാജന്‍ ലണ്ടനിലെ ബ്രോക്ലി കൗണ്ടി സ്റ്റേറ്റ് സ്‌കൂളില്‍ പഠിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടെ യു കെയിലെ ഇടതുപക്ഷ രാഷ്ട്രീയവുമായി സമ്പര്‍ക്കം പുലര്‍ത്തി. അത് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതത്തെ സ്വാധീനിച്ചു. 1995ലാണ് സിദ്ധാര്‍ഥ് വരദരാജന്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇവിടെയെത്തിയ അദ്ദേഹം പത്രപ്രവര്‍ത്തകനായി ജോലി ആരംഭിച്ചു, ടൈംസ് ഓഫ് ഇന്ത്യയില്‍ എഡിറ്റോറിയല്‍ റൈറ്ററായി. 2011 മേയ് മാസത്തില്‍, ഡയറക്ടര്‍ ബോര്‍ഡ് വിളിച്ചുചേര്‍ത്ത അസാധാരണമായ ഒരു യോഗത്തിലൂടെ സിദ്ധാര്‍ഥ് വരദരാജനെ ദി ഹിന്ദുവിന്റെ എഡിറ്ററായി നിയമിച്ചു. 150 വര്‍ഷത്തെ ഹിന്ദു പത്രത്തിന്റെ ചരിത്രത്തില്‍ പ്രാഥമിക ഓഹരി ഉടമകളുടെ കുടുംബത്തില്‍ നിന്നല്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ എഡിറ്ററായിരുന്നു അദ്ദേഹം. 2013 ഒക്ടോബര്‍ 21ന്, ദി ഹിന്ദു പത്രത്തിന്റെ നിലപാടുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി, സിദ്ധാര്‍ഥ് വരദരാജന്‍ ദി ഹിന്ദുവില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.
ദി ഹിന്ദുവിന്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റ എന്‍ രവി, സിദ്ധാര്‍ഥ് വരദരാജന്റെ പുറത്തുപോകലിന് ഒരു കാരണം അദ്ദേഹത്തിന്റെ മോദിവിരുദ്ധ പക്ഷപാതമാണെന്ന് ആരോപിച്ചു. സിദ്ധാര്‍ഥ് വരദരാജന്‍ എഡിറ്ററായിരുന്ന കാലത്ത്, വരദരാജന്‍ ഇന്ത്യന്‍ പൗരനല്ല എന്നാക്ഷേപിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതി ഒടുവില്‍ ഈ ഹരജി തള്ളുകയായിരുന്നു. 2009ല്‍, അദ്ദേഹം യേല്‍ സര്‍വകലാശാലയില്‍ പോയിന്റര്‍ ഫെലോ ആയിരുന്നു. ഡല്‍ഹിയിലെ ശിവ് നാടാര്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്സ് ആന്‍ഡ് ക്രിട്ടിക്കല്‍ തിയറിയില്‍ സീനിയര്‍ ഫെലോ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദി റിയല്‍ ന്യൂസിന്റെ ഇന്റര്‍നാഷനല്‍ ഫൗണ്ടിംഗ് കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം. മൗലാന അബുല്‍ കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സിലെ മെമ്പര്‍, ഇന്ത്യ ക്വാര്‍ട്ടര്‍ലി: എ ജേര്‍ണല്‍ ഓഫ് ഇന്റര്‍നാഷനല്‍ അഫയേഴ്‌സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, സിഡ്‌നി ആസ്ഥാനമായുള്ള ജൂഡിത്ത് നീല്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍ഡ് ഐഡിയസിന്റെ ഇന്റര്‍നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ തുടങ്ങി വിവിധ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ച പ്രതിഭയാണ് സിദ്ധാര്‍ഥ് വരദരാജന്‍. സ്വാഭാവികമായും തന്റെ നിലപാടുകളുടെ പേരില്‍ നേരത്തേയും അദ്ദേഹത്തിനെതിരെ കേസുകളുണ്ടായി.
കരണ്‍ ഥാപ്പറാണെങ്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത് സിദ്ധാര്‍ഥ് വരദരാജന്‍ സ്ഥാപിച്ച ദി വയര്‍ ന്യൂസ്‌പോര്‍ട്ടലിലാണ്. രാജ്യം കണ്ട ഏറ്റവും മികച്ച അഭിമുഖങ്ങള്‍ നടത്തി പേരെടുത്ത ജേര്‍ണലിസ്റ്റ്. സി എന്‍ എന്‍- ഐ ബി എന്നില്‍ ഥാപ്പര്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ദി ഡെവിള്‍സ് അഡ്വക്കറ്റ്, ദി ലാസ്റ്റ് വേഡ് എന്നീ വാര്‍ത്താധിഷ്ഠിത പരിപാടികളുടെ അവതാരകനായി ശ്രദ്ധ നേടി. ബുദ്ധദേവ് ഭട്ടാചാര്യ, നരേന്ദ്ര മോദി, ഷാരൂഖ് ഖാന്‍, എ ആര്‍ റഹ്മാന്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് പേരെ അദ്ദേഹം അഭിമുഖം നടത്തി. ഇന്ത്യാ ടുഡേയിലും ഥാപ്പര്‍ പ്രവര്‍ത്തിച്ചു. ടു ദി പോയിന്റ്, നത്തിംഗ് ബട്ട് ദി ട്രൂത്ത് എന്നീ ഷോകളുടെ അവതാരകനായിരുന്നു, അവിടെ. കൂടാതെ ഇന്റര്‍വ്യൂ വിത്ത് കരണ്‍ ഥാപ്പര്‍ എന്ന തന്റെ ഷോയില്‍ ദി വയറുമായുള്ള തന്റെ അഭിമുഖങ്ങളുടെ ഒരു പ്രത്യേക പരമ്പരയും അദ്ദേഹം ഇപ്പോള്‍ ചെയ്തുവരുന്നു. ചരിത്രകാരിയായ റോമില ഥാപ്പറിന്റെ കസിന്‍ കൂടിയാണ് കരണ്‍ ഥാപ്പര്‍. ഡെറാഡൂണിലെ ദി ഡൂണ്‍ സ്‌കൂളിലെയും ഇംഗ്ലണ്ടിലെ സ്റ്റോവ് സ്‌കൂളിലെയും പൂര്‍വ വിദ്യാര്‍ഥിയാണ് അദ്ദേഹം. 1977ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പെംബ്രോക്ക് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയ തത്ത്വചിന്തയിലും ഥാപ്പര്‍ ബിരുദം നേടി. അതേ വര്‍ഷം തന്നെ അദ്ദേഹം കേംബ്രിഡ്ജ് യൂനിയന്റെ പ്രസിഡന്റുമായിരുന്നു. അതിനുശേഷം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സെന്റ് ആന്റണീസ് കോളജില്‍ നിന്ന് ഡോക്ടറേറ്റ് നേടി. നൈജീരിയയിലെ ലാഗോസില്‍ ദി ടൈംസില്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് 1981 വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവരുടെ ലീഡ് റൈറ്ററായി ജോലി ചെയ്തു. 1982ല്‍ അദ്ദേഹം ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനില്‍ ചേര്‍ന്നു. അവിടെ പതിനൊന്ന് വര്‍ഷം അദ്ദേഹം ജോലി ചെയ്തു. ലണ്ടനില്‍ കരണ്‍ ഥാപ്പര്‍ ദക്ഷിണേഷ്യന്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഈസ്റ്റേണ്‍ ഐ മാഗസിന്‍ പ്രോഗ്രാമിന്റെ സഹ അവതാരകരില്‍ ഒരാളായിരുന്നു. 1991ല്‍ ഇന്ത്യയിലേക്ക് താമസം മാറിയ അദ്ദേഹം 2001 ആഗസ്റ്റില്‍ ബി ബി സി, മിറോഷ്‌ക, ദൂരദര്‍ശന്‍, ചാനല്‍ ന്യൂസ് ഏഷ്യ എന്നിവക്കായി പ്രോഗ്രാമുകള്‍ നിര്‍മിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് ടെലിവിഷന്‍ എന്ന സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചു. ദി ഹിന്ദുസ്ഥാന്‍ ടൈംസ് ടെലിവിഷന്‍ ഗ്രൂപ്പ്, ഹോം ടി വി, യുനൈറ്റഡ് ടെലിവിഷന്‍ എന്നിവയിലും കരണ്‍ ഥാപ്പര്‍ പ്രവര്‍ത്തിച്ചു. 2020ല്‍, ഥാപ്പര്‍ ദി ഏഷ്യന്‍ ഏജില്‍ കോളമിസ്റ്റായി.
പ്രമുഖ രാഷ്ട്രീയക്കാരുമായും സെലിബ്രിറ്റികളുമായും നടത്തിയ ആക്രമണാത്മക അഭിമുഖങ്ങള്‍ക്ക് ഥാപ്പര്‍ പ്രശസ്തനാണ്. 2004ല്‍, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഥാപ്പര്‍ അഭിമുഖം നടത്തിയത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ജയലളിത അദ്ദേഹത്തെ തട്ടിമാറ്റുകയും മേശപ്പുറത്തുള്ള മൈക്ക് വലിച്ചെറിയുകയും ചെയ്തു, “നിങ്ങളോട് സംസാരിക്കുന്നത് സന്തോഷകരമല്ല’ എന്ന് പറയുകയും അദ്ദേഹത്തിന്റെ ഹസ്തദാനത്തിന് മറുപടി നല്‍കാതെ “നമസ്തേ’ പറഞ്ഞുകൊണ്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. 2021 മുതല്‍, ദി വയറില്‍ അദ്ദേഹം ദി ഇന്റര്‍വ്യൂ വിത്ത് കരണ്‍ ഥാപ്പര്‍ എന്ന പരിപാടി അവതരിപ്പിച്ചു വരുന്നു.
ഇത്തരത്തില്‍ വലിയ പ്രൊഫൈലുള്ള രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കും. ഇപ്പോള്‍ ഇത്തരം കേസുകള്‍ ഞെട്ടിക്കുന്ന വാര്‍ത്ത പോലുമല്ല. അത്രമേല്‍ സ്വാഭാവികമായിക്കഴിഞ്ഞിരിക്കുന്നു ഇത്തരം കേസുകള്‍. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഓരോ വര്‍ഷവും രാജ്യം വളരെ പിന്നിലേക്ക് പോകുന്നതില്‍ അത്ഭുതപ്പെടാനില്ല തന്നെ. മാധ്യമങ്ങളെ വിലക്ക് വാങ്ങി തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കോര്‍പറേറ്റുകളും മാധ്യമങ്ങളുടെ കാര്യത്തില്‍ കച്ചവട, രാഷ്ട്രീയ മുന്‍ഗണനകള്‍ മാത്രം പരിഗണിക്കുന്ന കേന്ദ്ര ഭരണകൂടവും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൃഷ്ടിച്ച പരിതാപകരമായ മാറ്റം ഈ നിലവാരത്തകര്‍ച്ചയുടെ പ്രധാന കാരണമാണ്. ശക്തമായ നിലപാടുകള്‍ എടുക്കുന്ന പത്രാധിപന്മാര്‍ പിന്തിരിപ്പന്മാരോ രാജ്യദ്രോഹികളോ ആകുകയും ഭരണകൂട താത്പര്യങ്ങള്‍ ചോദ്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ അയോഗ്യരോ അവഗണിക്കപ്പെടേണ്ടവരോ ആയി മാറുകയും ചെയ്യുന്ന പ്രവണത കഴിഞ്ഞ പത്ത് വര്‍ഷത്തെ ശ്രദ്ധേയമായ മാറ്റമായിരുന്നു. പ്രമുഖരായ പല ജേര്‍ണലിസ്റ്റുകള്‍ക്കും വര്‍ഷങ്ങളായി സേവനം ചെയ്തുവന്ന മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത് ഈ പ്രവണതയുടെ സ്വാഭാവിക പരിണതിയായിരുന്നു. ഇങ്ങനെ അപ്രത്യക്ഷരാകുന്ന പത്രാധിപന്മാര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന കോര്‍പറേറ്റ്, രാഷ്ട്രീയ അജന്‍ഡകളുടെ ഇരകളായിരുന്നു. കോര്‍പറേറ്റ് മേലധികാരികളും രാഷ്ട്രീയ പ്രമുഖരും ശത്രുക്കളായി കാണുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തകരെ പരമാവധി സെലക്റ്റ് ചെയ്യാതിരിക്കാന്‍ മാധ്യമ സ്ഥാപനങ്ങളും ശ്രദ്ധിച്ചുവന്നു. ന്യൂസ് ഏജന്‍സികള്‍ക്കുള്ളില്‍ പോലും ഭരണകൂട വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ആയുസ്സില്ല.
കോര്‍പറേറ്റ്- രാഷ്ട്രീയ ചങ്ങാത്തം തന്നെയാണ് ഈ പ്രവണതക്ക് ശക്തമായ പിന്തുണയും അവസരവുമൊരുക്കിയത്. നിലവിലുള്ള ഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളുടെയും ഉടമാവകാശം ഭരണകൂടത്തോട് നേരിട്ട് ചങ്ങാത്തമുള്ള കോര്‍പറേറ്റുകള്‍ ആയതോടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും ഭരണകൂടത്തിനോട് ചേര്‍ന്നു നിന്നു. എന്‍ ഡി ടി വിയിലെ റിപോര്‍ട്ടറായിരുന്ന ശ്രീനിവാസന്‍ ജെയ്ന്‍ എന്ന പ്രതിഭാശാലിയായ മാധ്യമ പ്രവര്‍ത്തകനെ മാനേജ്‌മെന്റ് പുറത്താക്കിയത് അമിത് ഷായുടെ മകന് കേന്ദ്ര സര്‍ക്കാര്‍ അനധികൃതമായി നല്‍കിയ ലോണിനെക്കുറിച്ച് റിപോര്‍ട്ട് ചെയ്തു എന്ന കാരണം കൊണ്ടായിരുന്നു. പ്രാദേശിക, ദേശീയ രംഗത്തെ ബഹുഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളിലും വ്യക്തമായ നിയന്ത്രണമോ ഉടമാവകാശമോ സ്വാധീനമോ സംഘ്പരിവാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട് എന്നത് ഒരു രഹസ്യമേയല്ല. പല പത്രാധിപരും അത് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ ഇല്ലാതാക്കുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനങ്ങള്‍ പുറത്തുവന്നത്. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ഓരോ ജേര്‍ണലിസ്റ്റും ജയിലില്‍ അടക്കപ്പെടുന്നുണ്ട്, ഇപ്പോഴും. ഭരണകൂടത്തിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്നും അമേരിക്കയില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള ഭീഷണിയുണ്ട്. എന്നാല്‍ സമ്മര്‍ദത്തില്‍ ജീവിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ് (സി പി ജെ) നേരത്തേ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു ദേശീയ വാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ അതിക്രമങ്ങളും ഭീഷണികളും 2018-19 കാലയളവില്‍ അപകടകരമാം വിധം വര്‍ധിച്ചുവെന്നും ഈ റിപോര്‍ട്ട് അടിവരയിടുന്നു. 1992-2016 കാലയളവില്‍ മാത്രം ഇന്ത്യയില്‍ മുപ്പതിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ജീവന്‍ നഷ്ടപ്പെട്ടു. എല്ലാം തെളിയിക്കപ്പെടാതെ കിടക്കുന്ന കൊലപാതകങ്ങളാണ്. 2017 മുതല്‍ 2022 വരെ വിവിധ സംസ്ഥാനങ്ങളിലായി 28 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇത് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒട്ടും സുരക്ഷിതരല്ല എന്ന് വ്യക്തമാക്കുന്ന കണക്കാണ്. ഇതനുസരിച്ച് സോമാലിയ, സിറിയ, നൈജീരിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരേക്കാള്‍ സുരക്ഷിതരാണ്. വരും കാലങ്ങളില്‍ നമ്മുടെ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ഏതെങ്കിലും രീതിയില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാന്‍ ഒട്ടുമേ വഴിയില്ല. ഇതിനിടയിലും സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിക്കുന്ന ഒറ്റപ്പെട്ട ചില മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറും പ്രതീകങ്ങളാണ്; ഇനിയും അസ്തമിച്ചിട്ടില്ലാത്ത ധീരമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ശക്തമായ പ്രതീകങ്ങള്‍.


