Ongoing News
ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വീസ് പെയ്‌സ് വിടവാങ്ങി
1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ടെന്നിസ് താരം ലിയാണ്ടര്‍ പെയ്‌സിന്റെ പിതാവാണ്.

കൊല്‍ക്കത്ത | ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരവും ടെന്നിസിലെ മിന്നും താരമായിരുന്ന ലിയാണ്ടര്‍ പെയ്‌സിന്റെ പിതാവുമായ ഡോ. വീസ് പെയ്‌സ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
കൊല്‍ക്കത്തയിലെ ഒരു പ്രാദേശിക ആശുപത്രിയിലായിരുന്നു, ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന വീസ് പെയ്‌സിന്റെ അന്ത്യം.
1945ല്‍ ഗോവയില്‍ ജനിച്ച ഡോ. പെയ്‌സ് ദേശീയ ടീമിലെ മധ്യനിര താരമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നിട്ടും ഇന്ത്യന്‍ ഹോക്കി ടീമില്‍ അദ്ദേഹം അംഗത്വം നേടി. 1966ല്‍ ഹാംബര്‍ഗ് ഇന്റര്‍നാഷണല്‍ കപ്പിലായിരുന്നു ഡോ. പെയ്‌സിന്റെ അന്താരാഷ്ട്ര തലത്തിലെ അരങ്ങേറ്റം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നീ പ്രമുഖ ക്ലബുകള്‍ക്കായും അദ്ദേഹം കളിച്ചു.
ഒരു മെഡിക്കല്‍ ഡോക്ടര്‍ മാത്രമായിരുന്നില്ല, കായികശാസ്ത്ര വിദഗ്ധന്‍ കൂടിയായിരുന്നു ഡോ. പെയ്‌സ്. ടെന്നിസിലെ ശ്രദ്ധേയ താരമായി ഉയര്‍ന്ന തന്റെ മകനും ടെന്നിസ്, ഫുട്‌ബോള്‍, ക്രിക്കറ്റ് മേഖലകളിലെ പ്രമുഖ അത്‌ലറ്റുകള്‍ക്കും തന്റെ സേവനം അദ്ദേഹം പകര്‍ന്നു നല്‍കി. ബി സി സി ഐയുടെയും ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമിന്റെയും മെഡിക്കല്‍ കണ്‍സല്‍ട്ടന്റായും ഡോ. പെയ്‌സ് സേവനമനുഷ്ഠിച്ചു. ബി സി സി ഐക്കും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു (എ സി സി)മായി അദ്ദേഹം നടത്തിയ ഉത്തേജക മരുന്ന് വിരുദ്ധ പഠന ക്ലാസുകള്‍ വ്യാപക അംഗീകാരം നേടി.