Connect with us

Ongoing News

കോമണ്‍വെല്‍ത്ത് ഗെയിംസ്-2030 ആതിഥേയത്വം: ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ച് ഐ ഒ എ

അഹമ്മദാബാദ് നഗരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള അപേക്ഷയായിരുന്നു മുന്നോട്ട് വച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ശിപാര്‍ശ നല്‍കാനുള്ള ഇന്ത്യയുടെ അപേക്ഷ ഔദ്യോഗികമായി അംഗീകരിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐ ഒ എ). ഡല്‍ഹിയില്‍ നടന്ന സ്‌പെഷ്യല്‍ ജനറല്‍ മീറ്റിങി (എസ് ജി എം)ലാണ് അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനമുണ്ടായത്.

അഹമ്മദാബാദ് നഗരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള അപേക്ഷയായിരുന്നു മുന്നോട്ട് വച്ചത്. അന്തിമ അപേക്ഷ ആഗസ്റ്റ് 31നു മുമ്പ് ഐ ഒ എക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

കാനഡ പിന്മാറിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ്-2030ന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്. ഗെയിംസ് ഡയരക്ടര്‍ ഡാരെന്‍ ഹോളിന്റെ നേതൃത്വത്തിലുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘം അടുത്തിടെ അഹമ്മദാബാദിലെ വേദികള്‍ സന്ദര്‍ശിക്കുകയും ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വൈകാതെ കൂടുതല്‍ പേരടങ്ങുന്ന പ്രതിനിധി സംഘം നഗരം സന്ദര്‍ശിച്ചേക്കും.

നവംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ച ഗ്ലാസ്‌ഗോയില്‍ ചേരുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയില്‍ വച്ചാണ് ആതിഥേയ രാഷ്ട്രം സംബന്ധിച്ച തീരുമാനമെടുക്കുക. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യയായിരുന്നു ആതിഥേയത്വം വഹിച്ചത്.

ജനറല്‍ ഹൗസ് ഏകകണ്ഠമായാണ് അപേക്ഷ അംഗീകരിച്ചതെന്നും ഗെയിംസിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും എസ് ജി എം യോഗത്തിനു ശേഷം ഐ ഒ എ ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബെ പറഞ്ഞു.

---- facebook comment plugin here -----

Latest