Ongoing News
സൂപർ സിറാജ്; ഓവലിൽ ഇന്ത്യൻ തെളിച്ചം
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സമനിലയില്‍

ഓവല്‍ | ആന്‍ഡേഴ്സണ്‍- ടെണ്ടുല്‍ക്കര്‍ ട്രോഫി പരന്പര ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണായക അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് നേടി ചരിത്രം സൃഷ്ടിച്ചു. ഹാരി ബ്രൂക്കിന്റെ ക്യാച്ച് പാഴാക്കിയെന്ന വിമർശനത്തിന് മധുരപ്രതികാരം വീട്ടിയാണ് സിറാജ് അഞ്ചാം ദിനം മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യക്കു ജയിക്കാന്‍ ഇന്ന് നാല് വിക്കറ്റും ഇംഗ്ലണ്ടിനു 35 റണ്‍സുമാണ് വേണ്ടിയിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ സിറാജ് രണ്ട് വിക്കറ്റുകള്‍ പിഴുതതോടെ ഇന്ത്യ പിടിമുറുക്കി. 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 367 റണ്‍സിന് ഓള്‍ഔട്ടായി.
ഓവല്‍ ടെസ്റ്റില്‍ ആറ് റണ്‍സിനാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലും സംഘവും വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു.