Connect with us

Articles

ഫലസ്തീൻ മാഞ്ഞുതീരുമ്പോള്‍ ലോകം എന്തെടുക്കുകയാണ്?

കുഞ്ഞുങ്ങളുടെ ചോരയില്‍ ചവിട്ടിനിന്നുകൊണ്ട് ഇസ്‌റാഈലിന്റെ സുരക്ഷയെക്കുറിച്ച് വാചാലരാകുകയും കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് നിര്‍ലജ്ജം വാദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം. ചരിത്രത്തിലുടനീളം സയണിസ്റ്റ് രാഷ്ട്രം നടത്തിയിട്ടുള്ള കൊടും ക്രൂരതകള്‍ മാത്രം മതി ഫലസ്തീനൊപ്പം നില്‍ക്കാനെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ശരിയുടെ പക്ഷം. ആഗോളതലത്തില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ ഇതില്‍ ഏത് പക്ഷത്തിനാകും മുന്‍തൂക്കം ലഭിക്കുകയെന്നത് പ്രവചിക്കാനാകാത്ത സ്ഥിതിയാണ്.

Published

|

Last Updated

ഗസ്സയിലെ വംശഹത്യ കൂടുതല്‍ ശക്തമാക്കുമെന്നും കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നത് തുടരുമെന്നും ഗസ്സയെയാകെ വരുതിയിലാക്കുമെന്നും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പ്രവഹിക്കുന്ന മരുന്നും ഭക്ഷണവും കുഞ്ഞുങ്ങള്‍ക്കുള്ള ജീവന്‍ രക്ഷാ സാമഗ്രികളും അതിര്‍ത്തിയില്‍ തടയുമെന്നും നെതന്യാഹു പ്രഖ്യാപിക്കുമ്പോള്‍ അത് ആര്‍ക്കും മുന്‍കൂട്ടിക്കാണാവുന്ന സാധാരണ കാര്യം മാത്രമായി മാറിയിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഫലസ്തീന്‍ ജനതക്കായി മുദ്രാവാക്യങ്ങളുയരുമ്പോഴും ഒരു പറ്റം മാധ്യമങ്ങളും നവനാസ്തികരെപ്പോലുള്ളവരും ഹിന്ദുത്വവാദികളും ഫലസ്തീനിലെ മനുഷ്യരുടെ ചോരയും മരണവും വിശപ്പും “ലെജിറ്റിമേറ്റ്’ ചെയ്യാനുള്ള ക്രൂരമായ പ്രൊപ്പഗാണ്ടയിലാണ്.
ഫലസ്തീനിലെ മനുഷ്യക്കുരുതിയെ കുറിച്ച് ഇത്തിരിപ്പോന്ന വാര്‍ത്ത നല്‍കുമ്പോള്‍ പോലും ഇന്നും ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ വിശദമായ ആഖ്യാനം വിട്ടുപോകാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ആഗോള മാധ്യമ ഭീമന്‍മാരുള്ളപ്പോള്‍ ഇസ്‌റാഈല്‍ ചെയ്തുകൂട്ടുന്നതെല്ലാം ന്യായീകരിക്കപ്പെടുന്നു. നീതിയുക്തമായ ഫലസ്തീന്‍ രൂപവത്കരണത്തിന് ലോകത്തിന്റെ പിന്തുണയേറി വരുന്ന സാഹചര്യത്തില്‍, “ഇസ്‌റാഈല്‍ അരക്ഷിത’മെന്ന നുണ ഉച്ചത്തില്‍ ആവര്‍ത്തിക്കുകയാണ് ഈ മാധ്യമങ്ങളും വിശകലന പടുക്കളും.
മിഥ്യകള്‍ക്കും പച്ചനുണകള്‍ക്കും മുകളില്‍ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ഇസ്‌റാഈല്‍. നാസി ആട്ടിയോടിക്കലിന്റെ ചരിത്രത്തെ നുണകള്‍ കൂട്ടിക്കുഴച്ച് പുനരവതരിപ്പിക്കുക വഴിയാണ് സയണിസം ഇന്നത്തെ പ്രഹര ശേഷിയും പിന്തുണയും ആര്‍ജിച്ചത്. അതുകൊണ്ട് തന്നെ ആക്രമണങ്ങളുടെയും കൂട്ടുക്കുരുതിയുടെയും ക്രൂരമായ നുഴഞ്ഞുകയറ്റങ്ങളുടെയും ചാരപ്രവര്‍ത്തനത്തിന്റെയും പിന്‍ബലമില്ലാതെ അതിന് നിലനില്‍ക്കാനാകില്ല. സയണിസത്തിന്റെ സ്വഭാവവും ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്ത് റാല്‍ഫ് ഷൂമാന്‍ പറയുന്നുണ്ട്: നാല് കെട്ടുകഥകളാണ് ആധുനിക സമൂഹത്തില്‍ സയണിസത്തിന്റെ അവബോധം സൃഷ്ടിച്ചത്. അവയില്‍ ആദ്യത്തേത്, “സ്വന്തമായി നാടില്ലാത്ത ജനങ്ങള്‍ക്ക് ജനങ്ങളില്ലാത്ത നാട് എന്നതാണ്’. മധ്യ പൗരസ്ത്യ ദേശത്തെ ഒരേയൊരു യഥാര്‍ഥ ജനാധിപത്യ രാഷ്ട്രം ഇസ്‌റാഈല്‍ ആണെന്നതാണ് രണ്ടാമത്തെ നുണ. പ്രാകൃതരും തങ്ങളോട് കടുത്ത വിദ്വേഷം പുലര്‍ത്തുന്നവരുമായ അറബികളില്‍ നിന്ന് വലിയ ഭീഷണി നേരിടുന്നുണ്ടെന്നും അതിനെ സദാ പ്രതിരോധിക്കുകയാണ് തങ്ങളെന്നുമെന്നതാണ് മൂന്നാം നുണ. ഹോളോകോസ്റ്റിന്റെ ആനുകൂല്യം എക്കാലവും ലോകം ഇസ്‌റാഈലിന് നല്‍കിക്കൊണ്ടിരിക്കണം എന്ന പരികല്‍പ്പനയാണ് നാലാമത്തേത്.

ഫലസ്തീനിലെ മനുഷ്യരെ മുഴുവന്‍ കൊന്നു തീര്‍ക്കാനും പട്ടിണിക്കിട്ട് കൊല്ലാനും ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനെയും വകവരുത്താനും പദ്ധതി തയ്യാറാക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ലോകം രണ്ടായി പിളര്‍ന്നു നില്‍ക്കുന്നത് നുണകള്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നത് കൊണ്ടാണ്. ഈ കുഞ്ഞുങ്ങളുടെ ചോരയില്‍ ചവിട്ടിനിന്നുകൊണ്ട് ഇസ്‌റാഈലിന്റെ സുരക്ഷയെക്കുറിച്ച് വാചാലരാകുകയും കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് നിര്‍ലജ്ജം വാദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം. ചരിത്രത്തിലുടനീളം സയണിസ്റ്റ് രാഷ്ട്രം നടത്തിയിട്ടുള്ള കൊടും ക്രൂരതകള്‍ മാത്രം മതി ഫലസ്തീനൊപ്പം നില്‍ക്കാനെന്ന് അടിയുറച്ച് വിശ്വസിക്കുകയും അത് ഉറക്കെ പറയുകയും ചെയ്യുന്ന ശരിയുടെ പക്ഷം. ആഗോളതലത്തില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ ഇതില്‍ ഏത് പക്ഷത്തിനാകും മുന്‍തൂക്കം ലഭിക്കുകയെന്നത് പ്രവചിക്കാനാകാത്ത സ്ഥിതിയാണ്. കാരണം, മുമ്പൊരിക്കലുമില്ലാത്ത വിധം ഇസ്‌റാഈല്‍ അനുകൂല ആഖ്യാനങ്ങളും അന്തരീക്ഷത്തിലുണ്ട്. ഹമാസിനെ നിരായുധീകരിച്ചാല്‍ എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന് നിരൂപിച്ചിരിക്കുന്ന “നിഷ്‌കളങ്ക’രുടെ എണ്ണം കൂടിക്കൂടി വരുന്നു. ഇക്കാലം വരെ നിര്‍ണയിച്ച അതിര്‍ത്തികള്‍ ഇസ്‌റാഈല്‍ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇവരുടെ കൈയില്‍ ഉത്തരമില്ല. ഇസ്‌റാഈല്‍ ഒരു ഇര രാഷ്ട്രമാണെന്ന സയണിസ്റ്റ് നുണ ആവര്‍ത്തിക്കുക മാത്രമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. പൊതുബോധത്തില്‍ വലിയ അട്ടിമറിയുണ്ടാക്കുന്ന പ്രവണതയാണിത്. ഫാസിസ്റ്റുകളുടെ പ്രൊപ്പഗാണ്ട വിജയം കാണുന്നതിന്റെ ലക്ഷണവുമാണിത്. ദിനംപ്രതി അധിനിവേശവും അരുംകൊലയും ഉപരോധവും അപഹാസവും സഹിക്കുന്ന ഒരു ജനതയുടെ സഹനങ്ങള്‍ നിസ്സാരവും, സര്‍വായുധ സജ്ജമായ, ലോകത്തിന്റെ ഏറ്റവും വലിയ സൈനിക ശക്തികളുടെ പിന്തുണയുള്ള രാജ്യത്തിന്റെ നഷ്ടം മഹാസംഭവവുമാക്കുന്ന ഈ മാനസികാവസ്ഥയെ എന്ത് പേരിട്ടാണ് വിളിക്കുക.

ഒന്നാമതായി, ഇത് മനുഷ്യന്റെ ജീവന് വിലയിടുന്ന ഏര്‍പ്പാടാണ്. ചില രാജ്യങ്ങളുടെ പൗരന്മാര്‍ക്ക് മുന്തിയ വില. ചില രാജ്യങ്ങളിലെ മനുഷ്യര്‍ക്ക് പുല്ലുവില. രണ്ടാമതായി, ലക്ഷണമൊത്ത വംശീയതയാണ് ഈ പ്രൊപ്പഗാണ്ടക്ക് പിന്നില്‍. മരിച്ചു വീഴുന്നത് മുസ്‌ലിംകളാണ് എന്നതിനാല്‍ സര്‍വ മുസ്‌ലിംവിരുദ്ധരും ഒരുമിക്കുന്നു. ഒരു ദയയും വേണ്ട, കൊന്നു തീര്‍ക്കണമെന്ന ആക്രോശമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്. ലോകത്താകെ പടര്‍ന്നു പന്തലിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ പീരങ്കിയൊച്ചകള്‍ ഈ ആക്രോശങ്ങളില്‍ കേള്‍ക്കാനാകും. അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍, ന്യൂനപക്ഷങ്ങള്‍, സ്വാതന്ത്ര്യത്തിനായി പോരാടുന്നവര്‍, മനുഷ്യാവകാശങ്ങള്‍ക്കായി നിലകൊള്ളുന്നവര്‍, വായിക്കുന്നവര്‍, ചിന്തിക്കുന്നവര്‍ എല്ലാവരെയും വേരടക്കം പിഴുതെറിയണമെന്ന നാസി യുക്തി ലോകത്താകെ വ്യാപിക്കുകയും അതിന്റെ രാഷ്ട്രീയ രൂപം അധികാരത്തിലെത്തുകയും ചെയ്യുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും സാമൂഹിക മണ്ഡലത്തെ ഗ്രസിച്ച അർബുദമായി വൈറ്റ് സൂപ്രമാസിസം (വെള്ളക്കാരുടെ മേധാവിത്വ ബോധം) മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെയും ഇക്കൂട്ടത്തിലാണ് പെടുത്തേണ്ടത്. ഇവരെല്ലാം ഇസ്‌റാഈലിനായി രാപകല്‍ പണിയെടുത്തുകൊണ്ടിരിക്കുകയാണ്.

ഇനിയൊരു കൂട്ടരുണ്ട്. ഫലസ്തീന്‍ വിമോചനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ ഹമാസിന് പതിച്ചു നല്‍കിയിരിക്കുകയാണ്. ഹൈവോള്‍ട്ടേജ് അപദാനമാണ് അവര്‍ ഹമാസിന് മേല്‍ ചൊരിയുന്നത്. സായുധ പരിഹാരം മാത്രമാണ് പോംവഴിയെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം അറബ് രാഷ്ട്രങ്ങളുടെ നിസ്സംഗതയാണെന്ന് വാദിക്കുന്നു. യാസര്‍ അറാഫത്തും ഇപ്പോഴത്തെ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്്മൂദ് അബ്ബാസുമൊക്കെ ഇവര്‍ക്ക് ഒറ്റുകാരാണ്. ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ അധികാരഭ്രഷ്ടനാക്കി ഈജിപ്തിന്റെ അധികാരം പിടിച്ച ഫതാഹ് അല്‍സീസിയോടുള്ള ചൊരുക്ക് തീര്‍ക്കാനായി ഈ സംഘര്‍ഷകാലത്തെ ഉപയോഗിക്കുന്നു ഇക്കൂട്ടര്‍. റഫാ അതിര്‍ത്തി എന്താണ് ഈജിപ്ത് തുറന്ന് കൊടുക്കാതിരുന്നത് എന്നാണ് ഇവരുടെ ചോദ്യം. ഹമാസ് എന്ന സംഘടനയുടെ ചരിത്രത്തെയും ഫലസ്തീന്‍ വിമോചന ദൗത്യത്തില്‍ അവര്‍ നടത്തിയ ഇടപെടലിനെയും മായ്ച്ചുകളയാവതല്ല. ഹമാസിന്റെ റോക്കറ്റാക്രമണവും ഫലസ്തീന്‍ ജനത നടത്തുന്ന ചെറുത്തു നില്‍പ്പും തീവ്രവാദപരമാണോ എന്ന് ഓഡിറ്റ് ചെയ്യേണ്ടത് ഇസ്‌റാഈലിന്റെ മനുഷ്യക്കുരുതി കൂടി കണക്കിലെടുത്താകണം. അതിനപ്പുറത്തേക്കുള്ള അപദാനം ചെന്ന് തൊടുക തീവ്രവാദ പ്രവണതകളിലായിരിക്കും.

ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ ചരിത്രം ആവര്‍ത്തിച്ച് പറയുകയെന്നത് തന്നെയാണ് ഫലസ്തീനെ മുന്‍നിര്‍ത്തിയുള്ള ഏത് നുണപ്രചാരണത്തെയും നേരിടാനുള്ള ശരിയായ വഴി. സ്വാഭാവികമായി രൂപപ്പെട്ട ദേശരാഷ്ട്രമല്ല ഇസ്‌റാഈല്‍. പീഡിത ജൂതജനതക്കായി ഒരു രാഷ്ട്രം വേണമെന്ന സയണിസ്റ്റ് പ്രചാരണത്തിന് കൂട്ടുനിന്ന പാശ്ചാത്യര്‍ കൊളോണിയല്‍ ശക്തിയുടെ ബലത്തില്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു ആ രാജ്യം. ജൂതന്മാരോട് ക്രൂരമായ വിവേചനം കാണിച്ചത് യൂറോപ്പാണ്. യൂറോപ്പിലെ ജൂതവിരുദ്ധ ഹിസ്റ്റീരിയ നേരിട്ട് കണ്ട ജൂതപത്രപ്രവര്‍ത്തകനായ തിയോഡോര്‍ ഹേര്‍സല്‍ എഴുതിയ ദി ജ്യൂയിഷ് സ്റ്റേറ്റ് എന്ന പുസ്തകത്തിലാണ് പ്രത്യേക ജൂതരാഷ്ട്രം എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. 1897ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേസിലില്‍ ചേര്‍ന്ന ആദ്യ ലോക ജൂത സമ്മേളനം ഈ ആശയത്തിന്റെ പൂര്‍ത്തീകരണത്തിനായി ആഹ്വാനം ചെയ്തു. ജൂതര്‍ക്ക് അധിവസിക്കാനായി ശൂന്യമായ ഒരു “വാഗ്ദത്ത ഭൂമി’ ലോകത്തൊരിടത്തും ഇല്ലെന്നറിഞ്ഞിട്ടും അങ്ങനെയൊന്നുണ്ടെന്ന മിഥ്യ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉഗാണ്ട തരാമെന്ന് ബ്രിട്ടന്‍ പറഞ്ഞത് ആ ഘട്ടത്തിലാണ്. പരമ്പരാഗതമായി മനുഷ്യര്‍ അധിവസിക്കുന്ന ഇടങ്ങള്‍ പതിച്ച് നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ ഒരു പാശ്ചാത്യ രാജ്യവും അസ്വാഭാവികമായി കണ്ടില്ല. ഉഗാണ്ട സ്വീകാര്യമല്ലെന്ന് ജൂത സംഘടന വ്യക്തമാക്കിയതോടെയാണ് അറബികള്‍ക്കിടയില്‍ ഇഴുകിച്ചേര്‍ന്ന് ജൂതര്‍ അധിവസിക്കുന്ന പ്രദേശത്ത് ജൂതരാഷ്ട്രം സ്ഥാപിക്കാമെന്ന നിര്‍ദേശം വരുന്നത്. 1917ല്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍ എ ബി ബാല്‍ഫര്‍ ജൂതരാഷ്ട്ര സംസ്ഥാപനത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ കടമയായി പ്രഖ്യാപിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതാണ് കുപ്രസിദ്ധമായ ബാല്‍ഫര്‍ ഡിക്ലറേഷന്‍. പിന്നെ ഫലസ്തീൻ മണ്ണിലേക്ക് അക്രമാസക്ത കുടിയേറ്റത്തിന്റെ നാളുകളായിരുന്നു.
1948 മേയ് 15ന് ഇസ്‌റാഈല്‍ നിലവില്‍ വന്നു. ഇതിനിടക്ക് സ്വന്തം കൃഷിയിടത്തില്‍ നിന്ന് അറബ് വംശജരെ ആട്ടിയോടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി ചെറുത്തു നില്‍പ്പുകള്‍ അരങ്ങേറിയിരുന്നു. കൊന്നു തള്ളിയാണ് ഈ ചെറുത്തു നില്‍പ്പുകളെ ബ്രിട്ടീഷ് സാമ്രാജ്യത്വം അപ്രസക്തമാക്കിയത്. ഇസ്‌റാഈല്‍ നിലവില്‍ വന്ന ശേഷം അമേരിക്കയും ബ്രിട്ടനും ജര്‍മനി പോലും ജൂതസംരക്ഷണത്തിനായി ആയുധവും അര്‍ഥവും ഒഴുക്കി. പിന്നെ എത്രയെത്ര കൂട്ടക്കൊലകള്‍. ഓരോ കൂട്ടക്കൊലയും ഇസ്‌റാഈലിന്റെ നിലനില്‍പ്പിനായുള്ള അനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു. 1967ലെ ആറ് ദിവസ ആക്രമണത്തില്‍ ഫലസ്തീന്‍ മണ്ണ് പിന്നെയും കവര്‍ന്നു ഇസ്‌റാഈല്‍. ഗസ്സാ മുനമ്പ്, സിനായി പര്‍വത മേഖല, വെസ്റ്റ് ബാങ്ക്, ജൂലാന്‍ കുന്നുകള്‍ തുടങ്ങിയവ ഏറെക്കുറെ പൂര്‍ണമായി ഇസ്‌റാഈല്‍ അധീനതയിലാക്കി. 1993ലെ ഓസ്‌ലോ കരാര്‍ ഇതില്‍ ഒരു ഭാഗം തിരിച്ച് കിട്ടുന്നതിന് വഴിയൊരുക്കി. അങ്ങനെയാണ് ഗസ്സയുടെ സ്വയംഭരണാവകാശം തിരികെ ലഭിക്കുന്നത്. ഗസ്സയില്‍ ഹമാസ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നതോടെ അവിടെ നിന്ന് ആളുകളെ ആട്ടിയോടിക്കാനുള്ള ശ്രമം തുടങ്ങി. ഇന്നും അത് തുടരുന്നു.

യു എന്‍ വരച്ച അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കാന്‍ ഇസ്‌റാഈല്‍ ഒരിക്കലും തയ്യാറായിട്ടില്ല. 1967ലെ യുദ്ധത്തിലെ കീഴടക്കിയ പ്രദേശങ്ങളില്‍ നിന്ന് പിന്മാറിയില്ലെന്ന് മാത്രമല്ല, കൂടുതലിടങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിച്ചു കൊണ്ടേയിരുന്നു. വെസ്റ്റ് ബാങ്ക് ഏതാണ്ട് പൂര്‍ണമായി കൈയേറിക്കഴിഞ്ഞു. ഫലസ്തീന്‍ അതോറിറ്റിയുടെ അധികാര കേന്ദ്രം തികച്ചും നാമമാത്രമാണ്. ഇസ്‌റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റ് പാസ്സാക്കിയ “റഗുലേഷന്‍ ബില്ല്’ 1948 മുതല്‍ 1967 വരെയുള്ള യുദ്ധങ്ങളില്‍ പിടിച്ചടക്കിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ജൂത കൈയേറ്റ സമുച്ചയങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതാണ്. ഫലസ്തീന്‍ ഭൂപടം ചുരുങ്ങിച്ചുരുങ്ങി കണ്ടുപിടിക്കാനാകാത്ത വിധം മാഞ്ഞു പോകുമ്പോള്‍ സ്വന്തം ജീവന്‍ കൊണ്ട് പ്രതിരോധിക്കുകയല്ലാതെ മറ്റെന്താണ് ഫലസ്തീനിലെ മനുഷ്യര്‍ ചെയ്യുക?
ഇവിടെ മൂന്ന് വസ്തുതകള്‍ ഏറെ പ്രസക്തമാണ്. ഒന്ന്, ഫലസ്തീനും ഇസ്‌റാഈലും തമ്മില്‍ യുദ്ധത്തിലല്ല. അധിനിവേശ രാജ്യം (ഒക്യുപയര്‍ കണ്‍ട്രി) അധിനിവിഷ്ട ജനത (ഒക്യുപൈഡ് പീപ്പിള്‍)ക്കെതിരെ നടത്തുന്ന ഏകപക്ഷീയമായ അതിക്രമമാണ് ഇത്. ഒരു അപാര്‍തീഡ് രാജ്യത്തിന്റെ വംശീയ അതിക്രമം. രണ്ട്, ഹമാസിന്റെ പ്രത്യാക്രമണവും ഫലസ്തീന്‍ ജനത നടത്തുന്ന ചെറുത്തു നില്‍പ്പും തീവ്രവാദപരമാണോ എന്ന് ഓഡിറ്റ് ചെയ്യേണ്ടത് ഇസ്‌റാഈലിന്റെ മനുഷ്യക്കുരുതി കൂടി കണക്കിലെടുത്താകണം. മൂന്ന്, ഈ പ്രതിസന്ധി പരിഹരിക്കേണ്ടത് ഉഭയകക്ഷി ചര്‍ച്ചയിലൂടെയല്ല, അത്തരമൊരു പരിഹാരം സാധ്യമാകാത്ത വിധം ഏകപക്ഷീയമാണ് കാര്യങ്ങൾ. ലോക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഈ ദൗത്യം നിര്‍വഹിക്കേണ്ടത്. അതിന് യു എന്നിന്റെ ഘടന തന്നെ പരിഷ്‌കരിക്കേണ്ടി വരും. വീറ്റോ അധികാരമടക്കമുള്ള ജനാധിപത്യവിരുദ്ധ സംവിധാനങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest