Kerala
രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒന്നിക്കാം: കാന്തപുരം
രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു. ഭരണഘടനയാണ്, ജാതിമത ഭേദമന്യേയുള്ള പൂര്‍വികരുടെ ത്യാഗത്തില്‍ പടുത്തുയര്‍ത്തിയ ഈ രാജ്യത്തിന്റെ അടിസ്ഥാനശില.

കോഴിക്കോട് | രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. ജാതിമത ഭേദമന്യേയുള്ള പൂര്‍വികരുടെ ത്യാഗത്തില്‍ പടുത്തുയര്‍ത്തിയ ഈ രാജ്യത്തിന്റെ അടിസ്ഥാനശില നമ്മുടെ ഭരണഘടനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം, സാഹോദര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഏത് ശ്രമങ്ങളെയും നാം ജാഗ്രതയോടെ കാണണം. ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഒപ്പം ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിനും ഉയര്‍ച്ചക്കും അനിവാര്യമാണ്. അതിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ടു വരണം.
അതോടൊപ്പം, അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കടന്നുകയറ്റ ശ്രമങ്ങളും ഉയരുന്ന യുദ്ധഭീതിയും നാം ഗൗരവത്തോടെ കാണണം. ഭീകരതയിലൂടെ ഇന്ത്യന്‍ ജനതയില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കാമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണ്. പ്രതിസന്ധികളില്‍ കൂടുതല്‍ കരുത്തോടെ ഒന്നിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം. രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി കുടികൊള്ളുന്നത് നമ്മുടെ കര്‍ഷകരിലും യുവാക്കളിലുമാണ്. നാടിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മുടെ യുവാക്കള്‍. ശോഭനമായ ഒരിന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ഈ രണ്ട് വിഭാഗത്തിനും നേതൃപരമായ പങ്കുവഹിക്കാനാകും.
സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാനുള്ള അധികാരമല്ല, മറിച്ച് രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ച്, സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍, നമ്മുടെ രാഷ്ട്രശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യയെ സംരക്ഷിക്കാനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും നമുക്ക് ഒരുമിച്ച് പ്രതിജ്ഞയെടുക്കാമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.