International
ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ബോബ് സിംപ്‌സണ്‍ അന്തരിച്ചു
ഓസ്ട്രേലിയന്‍ ടീമിന്റെ മുന്‍ നായകനും ആദ്യ പൂര്‍ണസമയ പരിശീലകനുമായിരുന്നു.

മെല്‍ബണ്‍|ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്‌സണ്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. 1957നും 78നും ഇടയിലാണ് ഓസ്‌ട്രേലിയക്കായി കളിച്ചത്. ഓസ്ട്രേലിയന്‍ ടീമിന്റെ മുന്‍ നായകനും ആദ്യ പൂര്‍ണസമയ പരിശീലകനുമായിരുന്നു. ഓസ്‌ട്രേലിയക്കായി ഓപ്പണറായി 62 ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ച സിംപ്‌സണ്‍ ടെസ്റ്റില്‍ 46.81 ശരാശരിയില്‍ 10 സെഞ്ചുറികളും 27 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 4869 റണ്‍സും 71 വിക്കറ്റുകളും നേടി. 311 റണ്‍സ് ആണ് ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 39 ടെസ്റ്റില്‍ ഓസ്ട്രേലിയയെ നയിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 110 ക്യാച്ചുകളാണ് സിംപ്‌സണ്‍ കൈയിലൊതുക്കിയത്. പതിനാറാം വയസില്‍ ന്യൂസൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സിംപ്‌സണ്‍ 60 സെഞ്ചുറികള്‍ ഉള്‍പ്പെടെ 56.22 ശരാശരിയില്‍ 21029 റണ്‍സും നേടിയിട്ടുണ്ട്.
1986 മുതല്‍ 1996വരെയാണ് സിംപ്‌സണ്‍ ഓസ്‌ട്രേലിയന്‍ പരിശീലകനായിരുന്നത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മികച്ച ഫോമിലെത്തിയത് സിംപ്‌സണ്‍ പരിശീലകനായിരുന്ന കാലത്താണ്. പരിശീലകനായി ചുമതലയേറ്റ തൊട്ടടുത്ത വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ അലന്‍ ബോര്‍ഡറുടെ നേതൃത്വത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ സിംപ്‌സണ്‍ ചാമ്പ്യന്‍മാരാക്കി. ഓസ്‌ട്രേലിയയുടെ ആദ്യ ലോകകപ്പ് വിജയമായിരുന്നു അത്. 1989ല്‍ ഇംഗ്ലണ്ടിലെ ആഷസ് പരമ്പര ജയവും 1995ല്‍ വെസ്റ്റ് ഇന്‍ഡീസിലെ ടെസ്റ്റ് പരമ്പര ജയവും സിംപ്‌സന്റെ പ്രധാന നേട്ടങ്ങളാണ്.