National
ഝാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു
വസതിയിലെ കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു

റാഞ്ചി | ഝാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. വസതിയിലെ കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉള്‍പ്പടെയുള്ളവര്‍ വിദ്യാഭ്യാസമന്ത്രിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഓഗസ്റ്റ് രണ്ടിനുണ്ടായ വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെ എം എം നേതാവ് രാംദാസിനെ ജംഷഡ്പൂരില്‍ നിന്ന് ഡല്‍ഹി എയിംസിലേക്ക് ഹെലികോപ്റ്റര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു. അന്നുമുതല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രാംദാസ് സോറന്റെ ജീവന്‍ നിലനിര്‍ത്തിയത്.
1963 ജനുവരി ഒന്നിന് കിഴക്കന്‍ സിംഗ്ഭൂം ജില്ലയിലെ ഘോരബന്ധ ഗ്രാമത്തിലാണ് രാംദാസ് സോറന്റെ ജനനം. ഘോരബന്ധ പഞ്ചായത്തിലെ ഗ്രാമപ്രധാന്‍ എന്ന നിലയില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട്, ഹേമന്ത് സോറന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായി വളര്‍ന്നു.
ഘാട്സില നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രാംദാസ്, മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്റെ മകനും ബി ജെ പി സ്ഥാനാര്‍ഥിയുമായിരുന്ന ബാബുലാല്‍ സോറനെ പരാജയപ്പെടുത്തിയാണ് മൂന്നാം വിജയം നേടിയത്. സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കും വേണ്ടി നിലകൊണ്ട ശക്തമായ ശബ്ദമായിരുന്നു രാംദാസ് സോറനെന്ന് ജെ എം എം നേതാക്കള്‍ അനുസ്മരിച്ചു.