Articles
ആരാണ് സ്വാതന്ത്ര്യം കവരുന്നത്?
ഇന്ത്യയുടെ ശക്തി ഒരു ഹിന്ദു രാഷ്ട്രമോ മുസ്ലിം രാഷ്ട്രമോ ആകുന്നതിലല്ല, മറിച്ച് എല്ലാവര്‍ക്കുമുള്ള ഒരു രാഷ്ട്രമായിരിക്കുന്നതിലാണ്. ഇവിടെ മതം ഒരു രാഷ്ട്രീയ ഉപകരണമല്ല, മതം വ്യക്തിപരമായ കാര്യമാണ്. മതേതരത്വത്തെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ ബഹുസ്വരതയെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാണ്.

മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ആഗ്രഹിച്ചത് രാജ്യത്തിന്റെ സ്വാതന്ത്ര്യം ബ്രിട്ടന്റെ കൈകളില്‍ നിന്ന് വ്യത്യസ്തമായി അധികാരം ഇന്ത്യന്‍ നേതാക്കളിലേക്ക് കൈമാറുക എന്നത് മാത്രായിരുന്നില്ല. സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, നീതി, ബഹുസ്വരത എന്നീ ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായ ഒരു രാജ്യമായിരുന്നു അവര്‍ ആഗ്രഹിച്ചത്. ഏറിയും കുറഞ്ഞും ആ ലക്ഷ്യം നിറവേറ്റാന്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥകളും ഒരു പരിധിവരെ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ സഞ്ചാരം വ്യത്യസ്ത ദിശയിലേക്കാണ്. നിരവധി മതങ്ങളുടെയും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും പ്രദേശങ്ങളുടെയും സമന്വയമായ ഇന്ത്യയെന്ന സങ്കല്‍പ്പത്തില്‍ നിന്ന് രാജ്യം പിറകോട്ട് സഞ്ചരിക്കുകയാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര ജനാധിപത്യവും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടവുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏതെന്ന ചോദ്യത്തിന്റെ ഉത്തരം ഇന്ത്യ എന്നായിരുന്നു. രാജ്യം അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിച്ച സുന്ദരമായ ആ വ്യവസ്ഥയെ ഇല്ലാതാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാനം നിലനിര്‍ത്തുന്നതിന്റെ മുഖ്യപങ്കാളിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതും ഫലം പ്രഖ്യാപിക്കേണ്ടതും തിരഞ്ഞെടുപ്പ് കമ്മീഷനാണ്. അര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട ഉത്തരവാദിത്വവും ഈ സംവിധാനത്തിനാണ്.
വോട്ടര്‍ പട്ടികയില്‍ വ്യാജ വോട്ടര്‍ കടന്നുകൂടുന്നതും കള്ളവോട്ട് എന്ന പരാതിയും തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പുതുതല്ല. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണ നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി എസ് ഐ ആര്‍ (സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) നടപടി സ്വീകരിച്ചതിലൂടെ 65 ലക്ഷം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനത്തില്‍ നാം എന്തൊക്കെയാണ് കേള്‍ക്കുന്നത്! വോട്ടര്‍മാര്‍ പേര് ചേര്‍ക്കണമെന്ന് പത്രപരസ്യം നല്‍കുന്ന കമ്മീഷന്‍ തന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒറ്റയടിക്ക് ലക്ഷക്കണക്കിനു വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റുന്നു. അതേസമയം ഇല്ലാത്ത വിലാസത്തിലും ആള്‍പാര്‍പ്പില്ലാത്ത ഫ്‌ലാറ്റുകളുടെ വിലാസത്തിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കു സഹായകമായ രീതിയില്‍ അനര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റുകയും ചെയ്യുന്നു. നേതാക്കള്‍ ത്യാഗം സഹിച്ച് സ്വാതന്ത്ര്യം നേടിത്തന്നത് ഇതിനല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത പതിനായിരങ്ങളുടെ ആത്മാവിനു നേരെ തോക്കുചൂണ്ടുന്നതാണ് ഈ നടപടി.
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്യമെങ്ങും ഭീകരമായ രീതിയില്‍ സമ്മതിദാനാവകാശം ദുരുപയോഗപ്പെടുത്തുകയുണ്ടായി. ആരോപണങ്ങള്‍ സാധാരണ രീതിയില്‍ ഉയര്‍ന്നു വരാറുള്ളത് വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരെയാണ്. ഇവിടെ പ്രതിസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്വമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഴിമതിക്ക് കൂട്ടുനിന്നു എന്നത് വര്‍ത്തമാന ഇന്ത്യയുടെ ഭീഭത്സതയെ തുറന്നു കാട്ടുകയാണ്.
ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും വ്യത്യസ്ത രാഷ്ട്രമെന്ന ദ്വിരാഷ്ട്ര വാദമുയര്‍ത്തി പാകിസ്താന്‍ രൂപവത്കരണത്തിന് ജിന്ന നേതൃത്വം നല്‍കിയപ്പോള്‍ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി ആര്‍ അംബേദ്കര്‍, മൗലാന ആസാദ് തുടങ്ങിയവര്‍ ആഗ്രഹിച്ചത് എല്ലാ സമുദായങ്ങള്‍ക്കും സമാധാനപരമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്ന ഒരു മതേതര ഇന്ത്യയെയാണ്. രാജ്യത്തിന്റെ സംസ്‌കാരവും വൈവിധ്യവും സംരക്ഷിക്കുന്നതിന് മതേതരത്വം അനിവാര്യമാണെന്ന് അവര്‍ വിശ്വസിച്ചു.
എന്നാല്‍ ഹിന്ദു മഹാസഭയുടെ അന്നത്തെ പ്രസിഡന്റും പിന്നീട് ജനസംഘത്തിന്റെ സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖര്‍ജി കോണ്‍ഗ്രസ്സിന്റെ മതേതര മാതൃകയെ എതിര്‍ത്തു. ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്ന്, ഹിന്ദുക്കളാണ് യഥാര്‍ഥ മണ്ണിന്റെ മക്കളെന്ന്, മറ്റുള്ളവര്‍ വിദേശികളാണെന്ന് അദ്ദേഹം വാദിച്ചു. വിഭജനകാലത്ത് ഹിന്ദു മഹാസഭയിലും ആര്‍ എസ് എസിലും ഇത്തരം കാഴ്ചപ്പാടുകള്‍ കൂടുതല്‍ ശക്തമായി. മതേതരത്വത്തെ ന്യൂനപക്ഷ പ്രീണനമായി അവര്‍ ചിത്രീകരിച്ചു. എന്നാല്‍ ഇന്ത്യയുടെ മനസ്സ് മതേതരത്വത്തിനൊപ്പമായിരുന്നു. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടന 1950ല്‍ അംഗീകരിച്ചു. 1976ലെ 42ാം ഭേദഗതിയിലൂടെ മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ ഉള്‍പ്പെടുത്തി.
ഭരണഘടനയുടെ അടിസ്ഥാന ഘടകമായി മതേതരത്വത്തെ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു. അതിനാല്‍ ഇന്ത്യന്‍ ഭരണഘടന എല്ലാ വിശ്വാസങ്ങളെയും തുല്യമായി കാണണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ ചിലരെ മതേതരത്വം എന്ന വാക്ക് അസ്വസ്ഥപ്പെടുത്തുകയാണ്. കഴിഞ്ഞ ജൂണ്‍ 25ന്, അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില്‍, ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ആ അസ്വസ്ഥത തുറന്നു പ്രകടിപ്പിക്കുകയുണ്ടായി.
ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തന്റെ വിയോജിപ്പിന് ആധാരമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഈ പദങ്ങള്‍ ഡോ. അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയില്‍ ചേര്‍ത്തിരുന്നില്ല എന്നാണ്. ആര്‍ എസ് എസ് നേതാവ് ഹൊസബാലെയുടെ പ്രസ്താവനകളെ പിന്തുണച്ച് കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മുന്നോട്ടുവരികയുണ്ടായി.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഒരു പടി കൂടി കടന്നു. മതേതരത്വം, സോഷ്യലിസം എന്നീ പദങ്ങള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള സുവര്‍ണാവസരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. രാജിവെച്ച മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും ആര്‍ എസ് എസ് നേതാവിനെ ശരിവെച്ചു.
ആര്‍ എസ് എസ് മുന്‍ മേധാവി കെ സുദര്‍ശന്‍, ഇന്ത്യന്‍ ഭരണഘടനക്ക് പകരം മനുസ്മൃതി പോലുള്ള പുരാതന ഹിന്ദു ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭരണഘടന കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിരുന്നു. ജാതീയതയും പുരുഷാധിപത്യവും ഉള്‍ക്കൊള്ളുന്നതാണ് മനുസ്മൃതി. മതേതരത്വം എന്നത് ഭരണഘടനാപരമായ ഔപചാരികതയല്ല. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന ഉറപ്പുനല്‍കുന്നതും, വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടം വിവേചനം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ അടിത്തറയുമാണ്. ഇത് ഐക്യം പ്രോത്സാഹിപ്പിക്കുകയും വിഭാഗീയതയെ തടയുകയും വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇന്ത്യ പോലുള്ള മതപരമായി വൈവിധ്യപൂര്‍ണമായ രാജ്യത്ത് മതേതരത്വം ഒരുമയുടെ കവചമാണ്.
2020ല്‍ ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ബഹുമാനപ്പെട്ട കോടതി സ്വാമിയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. ബഹുസ്വരതയെ വെറുപ്പായി കരുതുന്നവര്‍ സ്വാതന്ത്ര്യ ദിനത്തില്‍ മൂവര്‍ണക്കൊടിയുടെ ചരട് കൈയില്‍ പിടിക്കുമ്പോള്‍, ഗാന്ധിജി, നെഹ്റു, ഡോ. അംബേദ്കര്‍, ആസാദ് തുടങ്ങിയവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.
ഇന്ത്യയുടെ ശക്തി ഒരു ഹിന്ദു രാഷ്ട്രമോ മുസ്ലിം രാഷ്ട്രമോ ആകുന്നതിലല്ല, മറിച്ച് എല്ലാവര്‍ക്കുമുള്ള ഒരു രാഷ്ട്രമായിരിക്കുന്നതിലാണ്. ഇവിടെ മതം ഒരു രാഷ്ട്രീയ ഉപകരണമല്ല, മതം വ്യക്തിപരമായ കാര്യമാണ്. മതേതരത്വത്തെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ ബഹുസ്വരതയെയും ഭരണഘടനയെയും ഭാവിയെയും സംരക്ഷിക്കുക എന്നതാണ്. ഈ അടിസ്ഥാന സത്യങ്ങളെ മറന്നുകൂടാ. നമ്മുടെ ഐക്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിയെയാണ് ഇത് നിര്‍ണയിക്കുന്നത്.