Uae
സൈക്കിൾ ട്രാക്കായി ശൈഖ് സായിദ് റോഡ്
ദുബൈ റൈഡിൽ ആയിരങ്ങൾ പങ്കെടുത്തു
ദുബൈ|ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിംഗ് പരിപാടി ദുബൈയിലെ ശൈഖ് സായിദ് റോഡിനെ സൈക്കിൾ ട്രാക്കായി മാറ്റി. ഇന്നലെ രാവിലെയാണ് ദുബൈ റൈഡിന്റെ ആറാമത് പതിപ്പ് നടന്നത്. പ്രൊഫഷണലുകളും സാധാരണക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് സൈക്കിൾ പ്രേമികൾ പങ്കെടുത്തു.
പുലർച്ചെ നാല് മണിയോടെ തന്നെ റൈഡിൽ പങ്കെടുക്കാനായി നിരവധി പേർ എത്തിച്ചേർന്നു. വേൾഡ് ട്രേഡ് സെന്ററിന് സമീപത്ത് നിന്നാണ് ആരംഭിച്ചത്. അനുഭവ സമ്പന്നരായ സൈക്കിൾ യാത്രികർക്കായി അഞ്ച് മണിക്ക് ശേഷം സ്പീഡ് ലാപ്സ് വിഭാഗം ആരംഭിച്ചു. 12 കിലോമീറ്റർ റൂട്ടിൽ ദുബൈ കനാൽ പാലം കടന്ന് തിരികെ വരുന്ന രീതിയിലാണ് ഇതിന്റെ റൂട്ട് നിശ്ചയിച്ചത്.
ദുബൈ മാൾ, ദുബൈ ഓപ്പറ, ബുർജ് ഖലീഫ എന്നിവക്ക് ചുറ്റുമുള്ള നാല് കിലോമീറ്റർ ഡൗൺടൗൺ ഫാമിലി റൂട്ട് ഉൾപ്പെടെ രണ്ട് പ്രധാന റൂട്ടുകളാണ് സാധാരണ സൈക്കിൾ യാത്രികർക്കായി ഉണ്ടായിരുന്നത്. രാവിലെ 8.15 വരെയാണ് റൈഡ് പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നത്. സൈക്കളിംഗിന്റെ ഭാഗമായി റോഡ് അടച്ചിടൽ രാവിലെ പത്ത് വരെ തുടർന്നു.


