Kerala
ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ലെന്ന ആരോപണവുമായി കുടുംബം
ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും ബന്ധു ചോദിച്ചു.
തിരുവനന്തപുരം| വര്‍ക്കലയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ ശ്രീക്കുട്ടി(19)യ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. കുട്ടിക്ക് മികച്ച ചികിത്സ നല്‍കണം. ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും ബന്ധു ചോദിച്ചു.
അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിക്കുന്നത്. തലക്കും നട്ടെല്ലിനും പരുക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ട സംഭവത്തില്‍ പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും യുവതി മാറാത്ത ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴി നല്‍കി. കോട്ടയത്തു നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ചാണ് സുരേഷ് കുമാര്‍ ട്രെയിനില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു.
ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നിരുന്ന പെണ്‍കുട്ടിയെ പ്രതി ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രെയിനിലെ സഹയാത്രക്കാരാണ് പ്രതിയെ പിടികൂടി കൊച്ചുവേളി സ്റ്റേഷനില്‍ വെച്ച് പോലീസിന് കൈമാറിയത്. സഹയാത്രികന്റെ അതിക്രമത്തില്‍ നിന്ന് യുവതിയുടെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.



