Kerala
സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കല്ല; പ്രേംകുമാറിനെ മാറ്റുന്നത് അറിയിച്ചിരുന്നുവെന്നാണ് കരുതുന്നത്: മന്ത്രി സജി ചെറിയാന്‍
ആശാ സമരത്തെ പിന്തുണച്ചതുകൊണ്ടാണ് പ്രേംകുമാറിനെ മാറ്റിയതെന്ന വാദം തെറ്റാണ്
തിരുവനന്തപുരം | ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കുന്ന വിവരം അക്കാദമി പ്രേംകുമാറിനെ അറിയിച്ചിരുന്നുവെന്നാണ് കരുതുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കാലാവധി തീര്‍ന്നപ്പോള്‍ പുതിയ ഭാരവാഹികളെ തീരുമാനിക്കുകയായിരുന്നുവെന്നും . പുതിയ ഭാരവാഹികളെ നിശ്ചയിച്ചതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. തന്നെ അറിയിക്കാതെയാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കിയതെന്ന് പ്രേംകുമാര്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നാലര വര്‍ഷം പ്രേംകുമാറിന് അര്‍ഹിച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയത്. പ്രേംകുമാറിന്റെ കാലാവധി കഴിഞ്ഞതോടെ പുതിയ ഉത്തരവ് ഇറക്കുക മാത്രമാണ് ചെയ്തത്. ഇതു സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. ആശാ സമരത്തെ പിന്തുണച്ചതുകൊണ്ടാണ് പ്രേംകുമാറിനെ മാറ്റിയതെന്ന വാദം തെറ്റാണ്. അദ്ദേഹം ഇടതുപക്ഷ വിരുദ്ധമായ അഭിപ്രായം പറഞ്ഞതായി ഇന്നുവരെ കേട്ടിട്ടില്ല. ക്രിസ്റ്റല്‍ ക്ലിയര്‍ ആയ ഇടതുപക്ഷക്കാരനാണ്. അക്കാദമിയില്‍ പ്രേംകുമാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.സംഘാടന മികവ് എന്നു പറയുന്നത് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല. അത് സര്‍ക്കാരിന്റെ അടക്കം കൂട്ടായ പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു
സംഘാടനം എന്നത് ചലച്ചിത്ര അക്കാദമി, കെഎസ്എഫ്ഡിസി, സര്‍ക്കാര്‍ എല്ലാം ചേര്‍ന്ന ടീം വര്‍ക്കാണ്. പിന്നെ സംഘാടക സമിതിയുമുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച രീതിയില്‍ ചലച്ചിത്രമേള അടക്കം നടന്നു. അതില്‍ പ്രേംകുമാറിനും പങ്കുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി റസൂല്‍ പൂക്കുട്ടിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. റസൂല്‍ പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും മുന്‍ ചെയര്‍മാന്‍ പ്രേകുമാര്‍ വിട്ടു നിന്നിരുന്നു. തന്നെ ചുമതലയില്‍ നിന്നും മാറ്റിയതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. അറിയിപ്പോ ക്ഷണമോ ലഭിക്കാതിരുന്നതിനാലാണ് പുതിയ ചെയര്‍മാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.



