vazhivilakku
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍
സമ്പത്ത് അത്രയും പ്രധാനപ്പെട്ടതാണെങ്കില്‍ ആവശ്യത്തിന് സമ്പാദ്യമില്ലാത്ത 'മിസ്‌കീനാ'യി എന്നെ മരിപ്പിക്കണേ എന്ന് നബി(സ) പ്രാര്‍ഥിക്കുമായിരുന്നില്ല.

എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ എന്താണു വഴി എന്ന ആലോചനയിലാണ് പലരും. അത് ശാരീരിക അധ്വാനമോ മാനസിക സമ്മര്‍ദമോ ഇല്ലാതെ കഴിയുമെങ്കില്‍ വളരെ നന്നായി. അതിന്റെ സാധ്യതകളും പഴുതും അന്വേഷിച്ചുകൊണ്ടിരിക്കുന്നു വലിയ ശതമാനം ആളുകള്‍. ഒരാളില്‍ നിന്ന് 10 ലക്ഷം കടം വാങ്ങുന്നു, അത് മറ്റൊരാള്‍ക്ക് ‘ബിസിനസ്സ്’ നടത്താന്‍ നല്‍കുന്നു. അയാള്‍ എല്ലാ മാസവും 50,000 രൂപ ‘ലാഭം’ തരുന്നു. നാം സുഖമായി ജീവിക്കുന്നു. എത്ര മനോഹരമായ സ്വപ്നം!. ഇതാണ് ഇന്ന് ഒരു ശരാശരി മലയാളിയുടെ ലക്ഷ്യം. എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്ന ഈ ‘അതിബുദ്ധിമാന്മാര്‍’ തട്ടിപ്പുകാര്‍ക്ക് വലിയ ഒരു സാധ്യതയാണ്. അത് തിരിച്ചറിഞ്ഞ് പണമുണ്ടാക്കുന്ന വലിയ സംഘങ്ങളുടെ കേന്ദ്രമാണിന്ന് കേരളം. മലയാളികള്‍ മാത്രമല്ല ഉത്തരേന്ത്യക്കാരും ആഫ്രിക്കന്‍ പൗരന്മാര്‍ വരെ ഈ ‘മാര്‍ക്കറ്റി’ല്‍ വലയെറിഞ്ഞ് ചാക്ക് നിറക്കുന്നു. കേരളത്തില്‍ 2025ലെ ആദ്യത്തെ ആറ് മാസത്തിനകം റിപോര്‍ട്ട് ചെയ്യപ്പെട്ട ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ മൂലം 351 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ 19,927 പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം പരാതികള്‍ വന്നത്, 2,892. മിക്കപ്പോഴും ഈ തട്ടിപ്പുകാര്‍ സോഷ്യല്‍ മീഡിയ, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ എന്നിവ വഴിയാണ് ഇരകളെ വലയില്‍ വീഴ്ത്തുന്നത്. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചുള്ള തട്ടിപ്പുകളും സൈബര്‍ തട്ടിപ്പിന്റെ കീഴില്‍ വരുന്നു.
നേരത്തേ പറഞ്ഞ, കുറുക്കുവഴിയില്‍ പണം തേടി ഇറങ്ങുന്നു എന്നതാണ് ഇത്തരം കെണിയില്‍ ചെന്നുചാടാന്‍ ഇടവരുത്തുന്നത്. രണ്ട് കാര്യമാണ് ഇവിടെ ആലോചിക്കേണ്ടത്. ഒന്നാമതായി, നമ്മെ സമ്പന്നരാക്കാന്‍ വേണ്ടി മറ്റാരും ബിസിനസ്സ് നടത്തുകയില്ല. അവര്‍ക്ക് കിട്ടുന്ന ലാഭത്തില്‍ നിന്ന് ഒരംശം നല്‍കുകയാണെങ്കില്‍ ഇന്ന് വാഗ്ദത്തം ചെയ്യുന്ന സംഖ്യയുടെ 10 ശതമാനം പോലും തരാന്‍ അവര്‍ക്ക് സാധിക്കില്ല. ചുരുക്കത്തില്‍ നമ്മെ വഞ്ചിക്കാനുള്ള ബോധപൂര്‍വമായ ശ്രമം മാത്രമാണത്. അത് മനസ്സിലാക്കാനുള്ള വിവേകം കാണിക്കുക എന്നത് മാത്രമാണ് പരിഹാരം.
രണ്ടാമത്തെ കാര്യം, സമ്പത്തിനോടും സമ്പാദിക്കുന്നതിനോടുമുള്ള മതത്തിന്റെ നിലപാടുകള്‍ മനസ്സിലാക്കുക എന്നതാണ്. നമുക്കെന്തിനാണ് ധാരാളം സമ്പത്ത്? സമ്പത്ത് അത്രയും പ്രധാനപ്പെട്ടതാണെങ്കില്‍ ആവശ്യത്തിന് സമ്പാദ്യമില്ലാത്ത ‘മിസ്‌കീനാ’യി എന്നെ മരിപ്പിക്കണേ എന്ന് നബി(സ) പ്രാര്‍ഥിക്കുമായിരുന്നില്ല. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പട്ടിണി കിടക്കുമ്പോഴും സമ്മാനമായി തന്നെ തേടിയെത്തിയ സമ്പത്ത് കണ്ട് സഈദ് ഇബ്‌നു ആമിര്‍(റ) പേടിച്ച് കരയുമായിരുന്നില്ല.
ഈ ലോകത്തെ കാര്യങ്ങള്‍ നടക്കാന്‍ മാത്രമുള്ള സമ്പത്തിന് വേണ്ടിയാണ് നാം കഠിനാധ്വാനം ചെയ്യേണ്ടത്. ഇപ്പറഞ്ഞതിനര്‍ഥം കൂടുതല്‍ സ്വത്തുണ്ടാകുന്നത് തെറ്റാണ് എന്നല്ല. വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തി പണം നേടാന്‍ പാടുപെടുന്നതാണ് പ്രശ്‌നം. അല്ലാതെയുണ്ടാകുന്ന സമ്പാദ്യത്തെ പഴിക്കേണ്ടതില്ല.
സമ്പത്തിന് ഇസ്ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. മനുഷ്യന്റെ സമ്പത്തിന് അവന്റെ രക്തത്തെ പോലെ പവിത്രതയുണ്ട് എന്ന പ്രവാചകര്‍(സ)യുടെ ഹദീസ് അബുനഈം(റ) ഉദ്ധരിച്ചിട്ടുണ്ട്. അതിനാല്‍ നേടുന്നതിലും ചെലവഴിക്കുന്നതിലും നിയമവിധേയമായ വഴി മാത്രമേ സ്വീകരിക്കാവൂ. സ്വീകാര്യമല്ലാത്ത വഴിയിലൂടെ സമ്പാദിച്ചതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കരുത് എന്ന് സൂറത്തുല്‍ ബഖറയിലെ 188ാമത്തെ സൂക്തത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
പലിശയോട് ഖുര്‍ആന്‍ യുദ്ധം പ്രഖ്യാപിച്ചതും മദീനയിലെ മാര്‍ക്കറ്റില്‍ നബി(സ) റെയ്ഡ് നടത്തിയതും എങ്ങനെയും സമ്പാദിക്കാം എന്ന നിലപാട് ശരിയല്ല എന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിനാല്‍ മതത്തിന്റെയും രാജ്യത്തിന്റെയും നിയമങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും സമ്പാദിക്കുന്നില്ല എന്ന് തീരുമാനിക്കാന്‍ ചങ്കൂറ്റമുള്ളവനാണ് യഥാര്‍ഥ വിശ്വാസി. അപ്പോള്‍ എങ്ങനെയും പണമുണ്ടാക്കണം എന്ന് ചിന്തിച്ച് തട്ടിപ്പിന്റെ ഏടാകൂടങ്ങള്‍ക്ക് തല വെക്കുന്നവരില്‍ വിശ്വാസിയുണ്ടാകില്ല.
ചെലവഴിക്കുന്നതിലും ഈ കാര്‍ക്കശ്യമുണ്ടാകണം. മതം വിലക്കിയ വഴിയിലും ധൂര്‍ത്തിനും പണം പൊടിക്കരുത്. നിങ്ങളുടെ നിലനില്‍പ്പിന്റെ കാരണമായി സംവിധാനിച്ച സമ്പത്ത് വിഢ്ഡികള്‍ക്ക് നല്‍കരുത് എന്ന് സൂറത്ത് നിസാഇലെ അഞ്ചാം സൂക്തത്തില്‍ ഉപദേശിക്കുന്നുണ്ട്. പണം വിവേകപൂര്‍ണമല്ലാതെ ചെലവഴിക്കുന്നവനെ ഇടപാട് നടത്താന്‍ പറ്റാത്തവനായി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.
സ്വന്തം കൈകൊണ്ട് അധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാളും മികച്ച ഒരു ഭക്ഷണം ആരും കഴിക്കുന്നില്ല എന്ന നബി(സ)യുടെ പ്രഖ്യാപനമുണ്ട് ഇമാം ബുഖാരി(റ)വിന്റെ ഹദീസില്‍. തയ്യല്‍ക്കാരനായ ഇദ്്രീസ്(അ), ഇടയനായ മൂസാ നബി(അ), ഇരുമ്പുപകരണങ്ങളുടെ നിര്‍മാതാവായിരുന്ന ദാവൂദ്(അ) എന്നിവരെല്ലാം മുകളില്‍ പറഞ്ഞ ഹദീസിന്റെ സാക്ഷ്യത്തെ അല്ലേ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയത്. ആടിനെ മേച്ചും ശാമില്‍ ചെന്ന് കച്ചവടം ചെയ്തും, ജോലി ചെയ്യാതെ എളുപ്പത്തില്‍ പണക്കാരനാകേണ്ട എന്നല്ലേ നബി(സ)യും പഠിപ്പിച്ചത്. അതിനാല്‍ പഴുതുകള്‍ തേടിയുള്ള പരക്കം പാച്ചില്‍ നമുക്ക് അവസാനിപ്പിച്ചാലോ?