Connect with us

Uae

വിദ്യാർഥികളുടെ സുരക്ഷിതത്വത്തിന് ദുബൈ ഒരുങ്ങി

വിദ്യാർഥികളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി ആർ ടി എ ഗതാഗത അവബോധ പ്രചാരണം നടത്തും

Published

|

Last Updated

ദുബൈ|വിദ്യാർഥികളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി ആർ ടി എ ഗതാഗത അവബോധ പ്രചാരണം നടത്തുമെന്നു ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി ഇ ഒ ഹുസൈൻ അൽ ബന്ന അറിയിച്ചു. പുതിയ അധ്യയന വർഷത്തിനായി ആർ ടി എ ഒരുങ്ങി. സ്‌കൂളുകൾക്ക് ചുറ്റും ഗതാഗത മെച്ചപ്പെടുത്തലുകൾ നടത്തി. വിദ്യാർഥികൾ, ഡ്രൈവർമാർ, രക്ഷിതാക്കൾ എന്നിവരെ ലക്ഷ്യംെവച്ചുള്ള നൂതനമായ അവബോധ സംരംഭങ്ങളും ആവിഷ്‌കരിച്ചു.
വിദ്യാർഥികൾക്കിടയിൽ ഗതാഗത സുരക്ഷാ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് “സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഗതാഗത സുരക്ഷ’ എന്ന വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം നയിക്കുന്ന രാജ്യവ്യാപകമായ അവബോധ ക്യാമ്പയിനിനെ പിന്തുണക്കുന്നതിന്റെ ഭാഗമാണിത്.
നാല് പ്രധാന സംരംഭങ്ങൾ ഉൾക്കൊള്ളുന്ന ബോധവത്കരണ പരിപാടികൾ ആർ ടി എ പുനരാരംഭിക്കും. മിഡിൽ സ്‌കൂൾ വിദ്യാർഥികൾക്കായി “തലമുറകളുടെ സുരക്ഷക്കുള്ള സുവർണ നിയമങ്ങൾ’, കിന്റർഗാർട്ടൻ, പ്രൈമറി സ്‌കൂൾ കുട്ടികളെ ലക്ഷ്യം വച്ചുള്ള “ഹലോ, മൈ സ്‌കൂൾ’, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി “വെർച്വൽ ഡ്രൈവിംഗ് ലൈസൻസ്’ എന്നിങ്ങനെ പരിപാടികൾ ഉൾപ്പെടുന്നു. വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം, അക്കാദമിക് വർഷത്തിന്റെ തുടക്കത്തിൽ പ്രധാന സ്‌കൂൾ പരിപാടികളെയും അതോറിറ്റി പിന്തുണക്കും.
ആകർഷകമായ രീതിയിൽ ഗതാഗത സുരക്ഷാ നിർദേശങ്ങൾ അവതരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈനുകളുമായി ലിങ്ക് ചെയ്യുന്ന പ്രിന്റ്ചെയ്ത ക്യുആർ കോഡുകൾ ഈ സമ്മാനങ്ങളിൽ ഉൾപ്പെടുത്തും. ബാക്ക് – ടു – സ്‌കൂൾ പദ്ധതിയിൽ, വിദ്യാർഥികളെ ഇറക്കുമ്പോഴും കയറ്റുമ്പോഴും സുരക്ഷിതമായ രീതികളെക്കുറിച്ച് ഡ്രൈവർമാർക്കും രക്ഷിതാക്കൾക്കും ശരിയായ മാർഗനിർദേശം നൽകും. വിദ്യാർഥികൾക്ക് അവബോധ കിറ്റുകൾ സമ്മാനമായി നൽകും.