Articles
തിര. കമ്മീഷന്‍ ഒളിക്കുന്നതെന്തിനാണ്?
സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമാണ്. എന്നിരിക്കെ തിരഞ്ഞെടുപ്പുകളുടെ സുതാര്യതയുമായി ബന്ധപ്പെട്ട് ഉയരുന്ന സ്വാഭാവിക ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.

എന്താണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വേരൂന്നിയ, ഭരണഘടനാ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കമ്മീഷനാകുന്നില്ല എന്നതാണെന്ന് സംഗ്രഹിച്ച് പറയാം. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പത്രസമ്മേളനം അതിന്റെ ഒടുവിലെ തെളിവാണ്. നട്ടുച്ചക്കിരുന്ന് നേരം വെളുത്തിട്ടില്ലെന്ന് പറയുന്ന പ്രകാരമാണ്, തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് രാജ്യത്തെ പ്രതിപക്ഷത്തിന് തെളിയിക്കാനായില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനത്തിലെ പരാമര്‍ശം.
നിയമപരമായ നടപടി ക്രമങ്ങളിലൂടെയല്ലാതെ ഒരു വ്യക്തിയുടെ ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എടുത്തുകളയരുതെന്ന് നമ്മുടെ ഭരണഘടനയുടെ 21ാം അനുഛേദം വ്യക്തമാക്കുകയും അത് മൗലികാവകാശമായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ ഉണ്ടായാല്‍ പിന്നെയെന്തുമാകാം എന്നായിരുന്നു ഭരണഘടനയുടെ ആദ്യകാല സ്ഥിതി. അവ്വിധമുള്ള ഭരണകൂട ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ സുപ്രീം കോടതി പരിശോധിച്ചതും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് മാത്രമായിരുന്നു. ആ നടപടിക്രമങ്ങള്‍ ന്യായമാണോ എന്ന ആലോചനയിലേക്ക് പരമോന്നത കോടതിയെത്തിയത് 1978ലെ മനേകാ ഗാന്ധി കേസോടെയാണ്. നമുക്കിവിടെ നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമുണ്ടായാല്‍ പോരെന്നും അത് ന്യായവും നീതിപൂര്‍വവുമാകുമ്പോള്‍ മാത്രമാണ് ഇന്ത്യന്‍ ഭരണഘടനയുടെ പൊരുള്‍ ഉള്‍ക്കൊള്ളുന്നതാകുന്നതെന്നും സുപ്രീം കോടതി പറഞ്ഞു തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപകാല നടപടികള്‍ക്ക് മനേകാ ഗാന്ധി കേസിന് മുമ്പുള്ള ഭരണകൂട, നീതിപീഠ സമീപനത്തോട് ചില സമാനതകളുണ്ടെന്നത് കാണാന്‍ പ്രയാസമില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആക്ഷേപങ്ങളോടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണത്തില്‍ നിന്ന് അത് കൂടുതല്‍ വ്യക്തമാകുന്നുണ്ട്. തങ്ങള്‍ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ എന്നു പറഞ്ഞ് തടിതപ്പുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ ഭരണഘടനാ സ്ഥാപനമാണെന്ന് ഓര്‍മപ്പെടുത്തി സുതാര്യത ഉറപ്പുവരുത്തണമെന്ന് പറയാന്‍ സുപ്രീം കോടതിക്ക് കഴിയുമ്പോഴാണ് ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ജയിക്കുന്നതെന്ന് സാമാന്യമായി പറയാം.
ഉത്തരങ്ങളാണ് വേണ്ടത്
എക്‌സിക്യൂട്ടീവ് അതായത് കേന്ദ്ര സര്‍ക്കാറിന് മുന്‍തൂക്കമുള്ള സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതെന്നത് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിഷ്പക്ഷതയുടെയും സുതാര്യതയുടെയും അധിക ഉത്തരവാദിത്വം ചുമത്തുന്നുണ്ട്. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമാണ്. എന്നിരിക്കെ തിരഞ്ഞെടുപ്പുകളുടെ സുതാര്യതയുമായി ബന്ധപ്പെട്ട് ഉയരുന്ന സ്വാഭാവിക ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട സുതാര്യമല്ലാത്ത നടപടികള്‍, തിരഞ്ഞെടുപ്പ് ദിവസത്തെ പോളിംഗ് ബൂത്തിലെ വീഡിയോ തെളിവുകള്‍ സൂക്ഷിക്കല്‍, മെഷീന് വായിക്കാനാകും വിധമുള്ള വോട്ടര്‍ പട്ടിക ലഭ്യമാക്കല്‍ തുടങ്ങി ലോക്സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം സത്യവാങ്മൂലം സമര്‍പ്പിക്കൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ പ്രതികരണം. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുക വഴി ഭരണഘടനയുടെ കാവല്‍ ഭടനാകേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആത്മവിശ്വാസക്കുറവും നടപടിക്രമങ്ങളുടെ മറവില്‍ ഒഴിഞ്ഞുമാറാനുള്ള ശ്രമവുമാണ് അവിടെ പ്രകടമാകുന്നത്.
തിരഞ്ഞെടുപ്പില്‍ തന്നെ
പ്രശ്‌നമുണ്ട്
2023ല്‍ ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് പാര്‍ലിമെന്റ് സുതാര്യമായ നിയമമുണ്ടാക്കുന്നത് വരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് മൂന്നംഗ സമിതി രൂപപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അംഗങ്ങളായ സമിതി പൊതുവെ നിഷ്പക്ഷത ഉറപ്പുവരുത്താന്‍ പോന്നതായിരുന്നെങ്കില്‍ പ്രസ്തുത സംവിധാനത്തെ നിയമനിര്‍മാണത്തിലൂടെ മറികടക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥാനത്ത് പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ വെച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിലെ സുതാര്യതയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. അതോടെ രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കേണ്ട റഫറിയായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ടീമിന്റെ പ്രതിനിധിയാകുന്ന സ്ഥിതിവിശേഷമാണുണ്ടായത്. അവ്വിധം നിയമിക്കപ്പെട്ട ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗ്യാനേഷ് കുമാര്‍ എന്നോര്‍ക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നതിന് പകരം മൗനമവലംബിക്കുകയും പരാതിക്കാരെ കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് അദ്ദേഹമിപ്പോള്‍.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്താന്‍ സുപ്രീം കോടതി കൊണ്ടുവന്ന സംവിധാനത്തെ മറികടക്കുന്ന നിയമനിര്‍മാണം നടത്തിയത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു നീതിപീഠം. അതിന്റെ വിചാരണയെപ്രതി ഇപ്പോള്‍ വ്യക്തതയുമില്ല. എന്നാല്‍ 2024 ഫെബ്രുവരിയില്‍ ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകളിലും രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിലുമുണ്ടാകേണ്ട സുതാര്യതയെക്കുറിച്ച് ഉച്ചത്തില്‍ സംസാരിച്ച സുപ്രീം കോടതി വി വി പാറ്റ് എണ്ണുന്നതിലും പേപ്പര്‍ ബാലറ്റ് വേണമെന്ന ആവശ്യത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനെ വലിയ തോതില്‍ വിശ്വാസത്തിലെടുക്കുന്ന കാഴ്ചയാണ് കണ്ടത്.
വെളിപ്പെടുത്താന്‍
മടിയെന്തിന്?
തിരഞ്ഞെടുപ്പ് ദിവസത്തെ വീഡിയോ സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ വര്‍ഷം സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ സി സി ടി വി ദൃശ്യങ്ങള്‍ 45 ദിവസം മാത്രമേ സൂക്ഷിക്കാനാകൂ എന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. അതിലേറെക്കാലം സൂക്ഷിക്കാനാകില്ലെന്നതിന് തൊടുന്യായങ്ങള്‍ ഉന്നയിക്കുകയായിരുന്നു കമ്മീഷന്‍. വോട്ടര്‍മാരുടെ സ്വകാര്യത പ്രധാനമാണെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയ ന്യായങ്ങളിലൊന്നായിരുന്നു. വോട്ടര്‍മാരുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച കാണിക്കാതെ തന്നെ തിരഞ്ഞെടുപ്പിനെപ്രതി പരാതികള്‍ ഉയരുന്ന സ്വാഭാവിക കാലം വരെയെങ്കിലും പോളിംഗ് ബൂത്തിലെ വീഡിയോ തെളിവുകള്‍ സൂക്ഷിക്കാനുള്ള സന്നദ്ധത തിരഞ്ഞെടുപ്പ് കമ്മീഷനെന്ന ഉന്നത ഭരണഘടനാ സ്ഥാപനത്തിന് ഉണ്ടാകേണ്ടതല്ലേ? മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പാനന്തരം ഉയര്‍ന്നിരുന്ന വലിയ പരാതി തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ അസാധാരണ നിലയില്‍ പോളിംഗ് വര്‍ധനവുണ്ടായി എന്നതായിരുന്നു. പോളിംഗ് ബൂത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ അവിടെ മുഖ്യ തെളിവായി മാറേണ്ടി വരുമ്പോള്‍ അത് നേരത്തേ നശിപ്പിക്കുന്നത് ശരിയാകുന്നതെങ്ങനെയാണ്. എന്ത് ഭരണഘടനാ താത്പര്യമാണ് അതിലുള്ളത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച പരാതികളോട് പേരുവെച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണല്ലോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. ആ ആവശ്യം നിയമവിരുദ്ധമല്ലെന്ന് വരുമ്പോഴും പരാതിയുടെ പശ്ചാത്തലം പ്രധാനമാണ്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ പരിശോധിക്കാന്‍ പാകമുള്ളതാകുമ്പോള്‍ സ്വമേധയാ അന്വേഷണം നടത്തല്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ധാര്‍മിക ഉത്തരവാദിത്വമാണ്. മറിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മാത്രമേ തങ്ങള്‍ അനങ്ങൂ എന്ന നിലപാടിലൂടെ ആക്ഷേപങ്ങള്‍ സ്വീകാര്യമല്ലെന്ന് പറയാതെ പറയുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്‍
പണിയെടുക്കണം
വോട്ടറുടെ അറിയാനുള്ള അവകാശത്തിന്റെ ഭാഗമായി കാണേണ്ടതാണ് മെഷീന് വായിക്കാനാകുന്ന തരത്തിലുള്ള വോട്ടര്‍ പട്ടിക ലഭ്യമാക്കണമെന്ന ആവശ്യം. തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും സുതാര്യവുമായാണ് നടക്കുന്നതെന്ന് പൗരന്മാര്‍ക്ക് ബോധ്യപ്പെടുക കൂടി വേണമല്ലോ. അതിന് നടപ്പു നിലപാട് തറയില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറേണ്ടതുണ്ട്. തിരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ വൈറല്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് പലപ്പോഴും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഉത്തര്‍പ്രദേശില്‍ ഒരാള്‍ പല തവണ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യം പുറത്തുവന്നത് അതിലൊന്നാണ്. അത്തരത്തിലുള്ള സംഭവങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരിക്കെ ഓരോ തിരഞ്ഞെടുപ്പിന് ശേഷവും പോളിംഗുമായി ബന്ധപ്പെട്ട വിവാദ വീഡിയോകളുടെ വിവരങ്ങള്‍, കൃത്രിമം നടന്നെന്ന പരാതികളുണ്ടെങ്കില്‍ അവയുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള ലിസ്റ്റ്, കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ വിവരങ്ങള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി, റീ പോളിംഗിന്റെ കാരണ സഹിതമുള്ള വിശദാംശങ്ങള്‍, വി വി പാറ്റ് പൊരുത്തക്കേടുകളുണ്ടെങ്കില്‍ അക്കാര്യം, സി സി ടി വി തെളിവുകള്‍ സൂക്ഷിച്ചുവെക്കുന്ന കാലപരിധിയും സ്വകാര്യത സംരക്ഷിക്കാനുള്ള പ്രോട്ടോകോളുമെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്ന സ്ഥിതിവിശേഷമുണ്ടാകണം. തിരഞ്ഞെടുപ്പിന്റെ തീയതി കുറിക്കുകയും ചിഹ്നങ്ങള്‍ അടിക്കുകയും ചെയ്താല്‍ മാത്രം മതിയാകില്ല. സ്വതന്ത്രവും നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം തിരഞ്ഞെടുപ്പ് കമ്മീഷന്‍. അത് രാജ്യത്തെ പൗരന്മാര്‍ക്ക് അനുഭവവേദ്യമാകുകയും വേണം.