Connect with us

Uae

സർക്കാർ ജീവനക്കാർക്ക് ജോലി സമയം ക്രമീകരിക്കാം

അധ്യയന വർഷ ആദ്യ ദിവസം മൂന്ന് മണിക്കൂർ വരെ ഇളവ്

Published

|

Last Updated

ദുബൈ|പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സർക്കാർ ജീവനക്കാർക്ക് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ‌് ഹ്യൂമൻ റിസോഴ്സസ് സൗകര്യപ്രദമായ സമയക്രമം പ്രഖ്യാപിച്ചു. സ്‌കൂൾ തുറക്കുന്ന ആദ്യ ദിവസം ഹാജരാകുന്നതിലും തിരിച്ചുപോകുന്നതിലും ജീവനക്കാർക്ക് ഇളവ് നൽകും. പുതിയ “ബാക് – ടു – സ്‌കൂൾ’ നയത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.
സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനും വേണ്ടി ഹാജരാകുന്നതിലും തിരിച്ചുപോകുന്നതിലും ജീവനക്കാർക്ക് ഇളവ് നൽകാൻ ഫെഡറൽ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും നിർദേശിച്ചു. ഈ ഇളവ് ആദ്യ ദിവസം മൂന്ന് മണിക്കൂറിൽ കൂടാൻ പാടില്ല.

നഴ്സറിയിലും കിൻഡർഗാർട്ടനിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാർക്ക്, കുട്ടികളും രക്ഷിതാക്കളും സ്‌കൂൾ സമയങ്ങളുമായി പൊരുത്തപ്പെടുന്നത് വരെ ഒരാഴ്ചത്തേക്ക് സമയത്തിൽ ഇളവ് നൽകാം. പുതിയ അധ്യയന വർഷത്തിൽ, രക്ഷിതാക്കൾക്ക് കുട്ടികളുടെ സ്‌കൂളുകളിലെ പി ടി എ മീറ്റിംഗുകളിലും ബിരുദദാന ചടങ്ങുകളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്നതിനും മൂന്ന് മണിക്കൂറിൽ കൂടാത്ത സമയത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. വിവിധ പാഠ്യപദ്ധതികൾക്കനുസരിച്ച് സ്‌കൂൾ ആരംഭിക്കുന്ന തീയതികളിലെ വ്യത്യാസങ്ങളും കണക്കിലെടുക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ തൊഴിൽപരമായ കാര്യങ്ങളെ ബാധിക്കാത്ത രീതിയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പുതിയ നയം ലക്ഷ്യമിടുന്നത്. ഇത് കഴിഞ്ഞ വർഷവും നടപ്പാക്കിയിരുന്നു.