Connect with us

Articles

തെരുവുനായ പ്രശ്‌നം: നീതിപീഠം വടിയെടുക്കുന്നു

നായ കടിയേറ്റുള്ള പരാതികള്‍, പേവിഷബാധ മരണങ്ങള്‍, പൊതുജന സുരക്ഷയെ ബാധിക്കുന്ന ആശങ്കകള്‍ തുടങ്ങിയവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടതികളുടെ ഇടപെടലിന് കാരണമായിരിക്കുന്നു. കേരള ഹൈക്കോടതി, സുപ്രീം കോടതി, രാജസ്ഥാന്‍ ഹൈക്കോടതി എന്നിവയുടെ സമീപകാല ഉത്തരവുകളും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉയര്‍ന്നുവന്ന ഹരജിയും ഈ വിഷയത്തിന്റെ സങ്കീര്‍ണതയും പൊതുജന സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും അറിയിക്കുന്നുണ്ട്.

Published

|

Last Updated

തെരുവുനായകള്‍ കാരണം ഉണ്ടാകുന്ന പൊതുപ്രശ്നങ്ങള്‍ കേരളത്തില്‍ എന്ന പോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വര്‍ധിച്ചുവരികയാണ്. നായ കടിയേറ്റുള്ള പരാതികള്‍, പേവിഷബാധ മരണങ്ങള്‍, പൊതുജന സുരക്ഷയെ ബാധിക്കുന്ന ആശങ്കകള്‍ തുടങ്ങിയവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടതികളുടെ ഇടപെടലിന് കാരണമായിരിക്കുന്നു. കേരള ഹൈക്കോടതി, സുപ്രീം കോടതി, രാജസ്ഥാന്‍ ഹൈക്കോടതി എന്നിവയുടെ സമീപകാല ഉത്തരവുകളും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉയര്‍ന്നുവന്ന ഹരജിയും ഈ വിഷയത്തിന്റെ സങ്കീര്‍ണതയും പൊതുജന സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും അറിയിക്കുന്നുണ്ട്. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തെരുവുനായ പ്രശ്നത്തിന് മാനുഷികവും പ്രായോഗികവും നിയമപരവുമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ വിഷയം എടുത്തുകാണിക്കുന്നത്.

2025 ആഗസ്റ്റ് 13ന്, കേരള ഹൈക്കോടതി ജസ്റ്റിസ് സി എസ് ഡയസ് തെരുവുനായ ആക്രമണങ്ങളിലെ വര്‍ധനവിനെക്കുറിച്ചുള്ള റിട്ട് ഹരജികള്‍ പരിഗണിച്ച്, 2023ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (മൃഗസംരക്ഷണ നടപടിക്രമങ്ങള്‍) ചട്ടങ്ങള്‍ പ്രകാരം തെരുവുനായകളെ ദയാവധം ചെയ്യാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം താത്കാലികമായി തടഞ്ഞ് പൊതു ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഈ വകുപ്പ് പ്രകാരം തന്നെ, രജിസ്റ്റേര്‍ഡ് വെറ്ററിനറി ഡോക്ടറുടെ അനുമതിയോടെ, രണ്ട് സാഹചര്യങ്ങളില്‍ ദയാവധം അനുവദിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

നായയുടെ കടിയേറ്റ സംഭവങ്ങള്‍, ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ക്രിമിനല്‍ കേസുകള്‍, മൃഗ ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതികള്‍ എന്നിവ സംബന്ധിച്ച വിശദമായ റിപോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സ്റ്റേറ്റ് പോലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇന്ന് കേസ് വീണ്ടും പരിഗണിക്കുകയാണ്.

മുന്‍ഗണന പൊതുസുരക്ഷക്ക്
2025 ആഗസ്റ്റ് 11ന്, ദേശീയ തലസ്ഥാന മേഖലയില്‍ കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ധിച്ചു വരുന്ന പേവിഷബാധ മൂലമുള്ള മരണ നിരക്കില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങുന്ന ബഞ്ച്, ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലെ തെരുവുനായകളെ ഉടന്‍ തന്നെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നും വന്ധ്യംകരണത്തിനു ശേഷം നായകളെ തിരികെ ജനവാസ മേഖലകളില്‍ വിടരുതെന്നും ഉത്തരവിട്ടു. പേവിഷബാധ മൂലം കുട്ടികള്‍ മരണമടയുമ്പോഴും ഇത്തരം നടപടികളെ എതിര്‍ക്കുന്ന മൃഗസ്നേഹി പ്രവര്‍ത്തകര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ‘പേവിഷബാധക്ക് ഇരയായ കുട്ടികളെ തിരികെ കൊണ്ടുവരാന്‍ ഈ മൃഗസ്നേഹികള്‍ക്ക് കഴിയുമോ’ എന്നായിരുന്നു ജസ്റ്റിസ് പര്‍ദിവാലയുടെ വിമര്‍ശം. പരിഹാര നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് തടസ്സമാകുന്ന വികാരപരമായ പ്രവര്‍ത്തനങ്ങള്‍ ഈ വിഷയത്തില്‍ പാടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിരീക്ഷിച്ചു. കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

നടപടികള്‍ക്ക് നിര്‍ദേശം
തെരുവുനായ പ്രശ്നത്തെക്കുറിച്ചുള്ള സ്വമേധയാ ഹരജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി, മുനിസിപല്‍ ബോഡികള്‍ക്ക് തെരുവുനായകളെയും മറ്റ് മൃഗങ്ങളെയും പൊതുനിരത്തുകള്‍, ഹൈവേകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ ശാരീരിക ഹാനി കൂടാതെ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. ജസ്റ്റിസ് കുല്‍ദീപ് മാഥുര്‍, ജസ്റ്റിസ് രവി ചിരനിയ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച്, ഈ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ ‘പൊതുസേവനം തടസ്സപ്പെടുത്തുന്നതിന്’ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യം നല്‍കി. പൊതുജനങ്ങള്‍ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്വകാര്യ വ്യക്തികളോ സംഘടനകളോ നടത്തുന്ന വളര്‍ത്തു കേന്ദ്രങ്ങളിലോ ഗോശാലകളിലോ മാത്രം അത് ചെയ്യണമെന്നാണ് രാജസ്ഥാന്‍ കോടതിയുടെ നിര്‍ദേശം.

ജോധ്പൂര്‍ എയിംസ് പരിസരവും ജോധ്പൂര്‍ ജില്ലാ കോടതി പരിസരവും പോലുള്ള ദിനേന വലിയ തോതില്‍ ആളുകള്‍ എത്തുന്ന സ്ഥലങ്ങളില്‍ നിന്ന് തെരുവുനായകളെ ഉടനെ നീക്കം ചെയ്യാനും ദേശീയ ഹൈവേ അതോറിറ്റിയും സംസ്ഥാന ഹൈവേ അതോറിറ്റിയും ഹൈവേകളില്‍ നിന്ന് തെരുവുമൃഗങ്ങളെ മാറ്റാനും വാഹന ഗതാഗതം തടസ്സമില്ലാതെ മുന്നോട്ടുപോകാന്‍ പതിവായി പട്രോളിംഗ് നടത്താനും കോടതി നിര്‍ദേശിച്ചു. മുനിസിപല്‍ കോര്‍പറേഷനുകള്‍ നടത്തുന്ന നായ ഷെല്‍ട്ടറുകളുടെയും ഗോശാലകളുടെയും നിലവിലെ അവസ്ഥ, ജോലിക്കാരുടെ എണ്ണം, മൃഗങ്ങളെ പരിചരിക്കാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍മാര്‍, സപോര്‍ട്ട് സ്റ്റാഫ് എന്നിവ സംബന്ധിച്ച വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന അഡീഷനല്‍ അഡ്വക്കറ്റ് ജനറലിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

വെല്ലുവിളികളും പരിഹാരങ്ങളും
ഇന്ത്യയിലെ തെരുവുനായ പ്രശ്നം പൊതുജന സുരക്ഷ സംബന്ധിച്ച വലിയ ഒരു വെല്ലുവിളിയായിരിക്കുകയാണ്. 2001ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (ഡോഗ്സ്) റൂള്‍സ് പ്രകാരം വന്ധ്യംകരണവും വാക്സീനേഷനും പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വഴികളുണ്ട്.

മതിയായ ഷെല്‍ട്ടറുകള്‍ ഇല്ലാത്തത്, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത, പരിമിതമായ മനുഷ്യ വിഭവങ്ങള്‍, മൃഗാവകാശ ഗ്രൂപ്പുകളുടെ എതിര്‍പ്പ് എന്നിവ തെരുവുനായ നിയന്ത്രണത്തില്‍ മുനിസിപല്‍ ബോഡികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഷെല്‍ട്ടര്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും പതിവായ പട്രോളിംഗ് ഉറപ്പാക്കാനും പരാതി സംവിധാനങ്ങള്‍ സ്ഥാപിക്കാനുമുള്ള കോടതി നിര്‍ദേശങ്ങള്‍ ഈ പ്രശ്നങ്ങള്‍ക്ക് താത്കാലിക പരിഹാരം നല്‍കുമെങ്കിലും ശാശ്വതമായ പരിഹാരത്തിലേക്ക് അതെത്തുന്നില്ല. കേരളം, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സമീപകാല ജുഡീഷ്യല്‍ ഇടപെടലുകള്‍ ഇന്ത്യയിലെ തെരുവുനായ പ്രശ്നങ്ങളുടെ രൂക്ഷത വിളിച്ചോതുന്നുണ്ട്. ഒപ്പം ഈ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം ആവശ്യമാണെന്നും കോടതി വിധികളില്‍ നിന്ന് വ്യക്തമാകുന്നു. മൃഗങ്ങളോടുള്ള അനുഭാവപൂര്‍ണമായ പെരുമാറ്റത്തിന്റെ പ്രാധാന്യത്തെ കോടതികള്‍ പരിഗണിക്കുന്നതോടൊപ്പം കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ ദുര്‍ബല വിഭാഗങ്ങളുടെ സുരക്ഷക്ക് അതീവ പ്രാധാന്യവും മുന്‍ഗണനയും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണവും തുടര്‍ച്ചയായ ജുഡീഷ്യല്‍ മേല്‍നോട്ടവും ഈ വിഷയത്തില്‍ അനിവാര്യമായിട്ടുണ്ട്.

 

Latest