Connect with us

Afghanistan crisis

താലിബാന്‍ വിട്ടയച്ച ഭീകരര്‍ തങ്ങളെ തേടിയെത്തുമെന്ന ഭീതിയില്‍ അഫ്ഗാനിലെ വനിതാ ജഡ്ജിമാര്‍

സ്ത്രീ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് താലിബാന്‍ പരസ്യമായി അവകാശപ്പെടുന്നുണ്ടെങ്കിലും നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇതിന് നേര്‍ വിപരീതമാണ്

Published

|

Last Updated

ഹേഗ് | തങ്ങള്‍ ജയില്‍ ശിക്ഷക്ക് വിധിച്ച ഭീകരരെ താലിബാന്‍ വിട്ടയച്ചതോടെ അഫ്ഗാനിസ്ഥാനിലെ 250 ഓളം വനിതാ ജഡ്ജിമാര്‍ ഭീതിയില്‍. ചില വനിതാ ജഡ്ജിമാര്‍ക്ക് അടുത്ത ദിവസങ്ങളിലുണ്ടായ രക്ഷാ ദൗത്യങ്ങളില്‍ നാടുവിടാന്‍ കഴിഞ്ഞെങ്കിലും കൂടുതല്‍ പേരും ഇപ്പോഴും രാജ്യത്ത് കുടുങ്ങി നില്‍ക്കുന്നതായാണ് വിവരം.

സ്ത്രീ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് താലിബാന്‍ പരസ്യമായി അവകാശപ്പെടുന്നുണ്ടെങ്കിലും നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇതിന് നേര്‍ വിപരീതമാണ്. നീതി ന്യായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ താലിബാന്‍ ലക്ഷ്യമിടുന്നതായി സൂചനകള്‍ ഉണ്ടായിരുന്നു. ജനുവരിയില്‍ രണ്ട് വനിതാ സുപ്രീം കോടതി ജഡ്ജിമാരെ താലിബാന്‍ വധിച്ചിരുന്നു.

രാജ്യത്ത് ഉടനീളം ജയിലുകളില്‍ നിന്ന് തടവുപുള്ളികളെ താലിബാന്‍ വിട്ടയച്ചിട്ടുണ്ട്. ഇത് വനിതാ ജഡ്ജിമാരുടെ ജീവന് ഭീഷണിയായിട്ടുണ്ടെന്ന് രാജ്യം വിട്ട ഒരു വനിതാ ജഡ്ജി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ജയിലിലടച്ച നാലോ അഞ്ചോ പേര്‍ തന്റെ താമസസ്ഥലത്തിന് സമീപമെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് വുമന്‍ ജഡ്ജസിന്റെയും സഹായത്തോടെയാണ് ഇവരക്കമുള്ള ഏതാനും വനിതാ ജഡ്ജിമാര്‍ രാജ്യം വിട്ടത്. രാജ്യത്ത് തങ്ങിക്കിടക്കുന്ന വനിതാ ജഡ്ജിമാരുമായി താന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്നും അവരുടെ ജീവിനുകള്‍ക്ക് ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു.

Latest