Ongoing News
കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരുക്ക്
മൂന്നേക്കര്‍ മീന്‍വല്ലം പുല്ലാട്ട് വീട്ടില്‍ സഞ്ജു മാത്യു (39)വിനാണ് പരുക്കേറ്റത്.

കല്ലടിക്കോട് | വീടിനടുത്തെത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് സാരമായി പരുക്കേറ്റു. മൂന്നേക്കര്‍ മീന്‍വല്ലം പുല്ലാട്ട് വീട്ടില്‍ സഞ്ജു മാത്യു (39)വിനാണ് പരുക്കേറ്റത്. വീടിന് ചേര്‍ന്ന ഷെഡില്‍ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് സഞ്ജുവിനെ ആന ആക്രമിച്ചത്. റബര്‍ ഷീറ്റ് അടിക്കുന്ന മെഷീന്‍ തകര്‍ക്കുന്നതിനിടെയാണ് ആന സഞ്ജുവിന് നേരെ തിരിഞ്ഞത്. ആനയെ ഓടിക്കാന്‍ നോക്കിയ സഞ്ജുവിനെ ആന തുമ്പിക്കൈയില്‍ തൂക്കിയെടുത്തു.
പ്രദേശവാസികള്‍ ഓടിയെത്തി ബഹളം വെച്ചതിനെ തുടര്‍ന്ന് സഞ്ജുവിനെ ആന സമീപത്തെ കുഴിയിലേക്ക് ചുഴറ്റിയെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ സഞ്ജുവിന് ഗുരുതരമായി പരുക്കേറ്റു. കാലിലെ എല്ലിന് പൊട്ടലേല്‍ക്കുകയും ആന്തരികായവങ്ങള്‍ക്ക് ക്ഷതമുണ്ടാവുകയും ചെയ്തു.
സഞ്ജുവിനെ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം കാട്ടാന കാട്ടിലേക്കു മടങ്ങി. സംഭവം അറിഞ്ഞ് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മീന്‍വല്ലത്തേക്കുള്ള പ്രവേശനം താത്കാലികമായി അടപ്പിച്ചു. മൂന്നേക്കര്‍ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.