Connect with us

Siraj Article

മുറിവുണക്കേണ്ട ബാധ്യത ആര്‍ക്കെല്ലാം?

വേട്ടക്കാര്‍ക്ക് ഏണിവെക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കേണ്ടവരെ അത്തരം ശ്രമങ്ങളില്‍ നിന്ന് പിന്നോട്ടു നയിക്കുന്നതിന് ഇതും കാരണമാകുന്നു. മുറിവുകളില്‍ ഇപ്പോഴും അള്ളിപിടിച്ചിരിക്കാതെ നോവകറ്റാന്‍ വേണ്ടി ഓരോരുത്തരും പറഞ്ഞആരോപണങ്ങള്‍ പിന്‍വലിക്കുകയാണ് ഇപ്പോള്‍ അനിവാര്യം. സമൂഹത്തിന്റെ ഭാവിയാണ് പരമമായ ലക്ഷ്യമെങ്കില്‍ പിടിവാശിയല്ല ആവശ്യം

Published

|

Last Updated

ഫോബിയകള്‍ സൃഷ്ടിക്കപ്പെട്ടതായാലും സ്വയം വളര്‍ന്നുവന്നതായാലും അവകള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. അത് സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രമായിരിക്കില്ല സാരമായി ബാധിക്കുക. പലപ്പോഴും ഉന്നംവെച്ച വിഭാഗത്തേക്കാളുപരി മറ്റുള്ളവരായിരിക്കും ഫോബിയകളുടെ പീഡനങ്ങളില്‍ കിടന്നമരുന്നത്. ജൂതന്മാര്‍ക്കെതിരെ ഹിറ്റ്‌ലറും യൂറോപ്പിലെ ക്രൈസ്തവ ജനങ്ങളും സൃഷ്ടിച്ചെടുത്ത വിരോധവും ഫോബിയയും ആത്യന്തികമായി ജൂത സമൂഹത്തിനു നാശം വിതച്ചെങ്കിലും രണ്ടാം ലോക മഹായുദ്ധമെന്ന ലോകം കണ്ട കിരാതമായ കൂട്ടക്കൊലകള്‍ അവയുടെ ബാക്കിപത്രമായിരുന്നു. ജൂതന്മാര്‍ക്കെതിരെയുള്ള വിരോധം ഇത്രയും വലിയൊരു യുദ്ധത്തിലാണ് കലാശിച്ചത് എന്നര്‍ഥം. അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അന്നാട്ടിലെ തന്നെ കത്തോലിക്കാ ക്രിസ്ത്യാനികള്‍ക്കെതിരെയും ശേഷം ജൂതന്മാര്‍ക്കെതിരെയും പിന്നീട് കറുത്ത വര്‍ഗക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെയുമുണ്ടാക്കിയ വിദ്വേഷവും ഫോബിയകളും അമേരിക്കന്‍ ജനതയില്‍ കൂടുതല്‍ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചെടുത്തത്. ഇസ്‌ലാമിനെതിരെ ആഗോള തലത്തില്‍ നടക്കുന്ന ഇസ്‌ലാമോഫോബിക് വ്യവസായങ്ങള്‍ മുസ്‌ലിംകളുടെ ജീവിതം മാത്രമല്ല ദുസ്സഹമാക്കിയത്. കാരണം മനുഷ്യനനുഭവിക്കുന്ന ഏറ്റവും വലിയ മാനസിക പീഡനവും ദുഃഖവും ഭയമാണല്ലോ. ഒരാളുടെ/ ഒരു ജനതയുടെ ഹൃദയത്തില്‍ എന്തിനെക്കുറിച്ച് ഭയം സൃഷ്ടിച്ചാലും അതൊരു കടുത്ത മാനസിക പീഡനം തന്നെയായിരിക്കും. പ്രത്യേകിച്ചും ഒരിക്കലും ഭയപ്പെടേണ്ടാത്ത സംഗതിയെക്കുറിച്ച് ഭയം സൃഷ്ടിക്കുന്നുവെങ്കില്‍ അത് മനുഷ്യ വിഭാഗത്തോട് മൊത്തം ചെയ്യുന്ന അതിക്രൂരമായ പാപമാണ്. എവിടെയും, ബസിലും തീവണ്ടിയിലും വിമാനത്തിലും സ്‌കൂളിലും കോളജിലുമെല്ലാം മുസ്‌ലിംകളെ ഭയത്തോടെ കാണുന്ന ദുരവസ്ഥ സൃഷ്ടിച്ചെടുക്കുന്നവര്‍ സ്വാഭാവികമായും മുസ്‌ലിംകളെ മാത്രമല്ല സംഘര്‍ഷ ഭരിതമാക്കുന്നത്, എല്ലാ പൊതുയിടങ്ങളിലും സന്തോഷത്തോടെയും മനസ്സമാധാനത്തോടെയും ഇടപെടാനുള്ള മനുഷ്യരുടെ സ്വാതന്ത്ര്യത്തെയാണ് ആത്യന്തികമായി ഇവയെല്ലാം കളങ്കപ്പെടുത്തുന്നത്.

ഇനിവേണം കേരളത്തില്‍ അടുത്തിടെ സ്വയം നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഫോബിയയെക്കുറിച്ച് വിലയിരുത്താന്‍. മത സൗഹാര്‍ദത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ജനത തിങ്ങിത്താമസിക്കുന്ന നാടാണ് കേരളം. സാമൂഹികപരമായും സാംസ്‌കാരികമായും പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്നവര്‍ക്ക് എന്നും സൗഹാര്‍ദത്തിന്റെ മന്ത്രങ്ങള്‍ മാത്രമാണ് നമ്മുടെ ജനതയും ജനതയെ നയിച്ചവരും പകര്‍ന്നു നല്‍കിയത്. ഇന്ത്യ മൊത്തമായും ഫാസിസം കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളം തീര്‍ത്തും അകന്നുനിന്നത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളം ജീവിക്കാനും വ്യവഹാരങ്ങള്‍ നടത്താനും ഏറ്റവും പ്രിയപ്പെട്ട മണ്ണാകുന്നതും ഈയൊരറ്റ കാരണം കൊണ്ടുകൂടിയാണ്. കാരണം, ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യര്‍ക്കെല്ലാം പ്രാഥമികമായി വേണ്ടത് സമാധാനമാണല്ലോ. ഇവിടെയാണ് സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് ബീജാവാപം നല്‍കിയിരിക്കുന്നത്. ഇത്തരമൊരു ശ്രമത്തിനു പിന്നില്‍ കുത്സിത താത്പര്യങ്ങളാണുള്ളതെന്ന് അറിയാത്തവര്‍ വിരളമാണെങ്കിലും ചെറിയ നുണകള്‍ പോലും വലിയ ആഴങ്ങള്‍ സൃഷ്ടിക്കും. അത് സാമുദായിക സൗഹാര്‍ദത്തിലാണ് വിള്ളല്‍ വീഴ്ത്തുന്നതെങ്കില്‍ തീര്‍ച്ചയായും അത് നികത്തപ്പെടാന്‍ കുറഞ്ഞ കാലങ്ങളോ ശ്രമങ്ങളോ മതിയാകില്ല. അത് ബാധിക്കുക മുസ്‌ലിം സമുദായത്തെ മാത്രവുമായിരിക്കില്ല. ജനസാന്ദ്രത കൂടിയ മണ്ണില്‍ അതിന്റെ നഷ്ടങ്ങള്‍ ഒരിക്കലും തിട്ടപ്പെടുത്താനുമാകില്ല.

സമാധാനവും സൗഹാര്‍ദവുമാണ് ജീവിക്കാനാഗ്രഹിക്കുന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെങ്കില്‍ തീര്‍ച്ചയായും അത് കൂട്ടമായി നേടിയെടുക്കേണ്ടതാണ്. ഒരു വിഭാഗം മുറിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു വിഭാഗം തുന്നിക്കെട്ടാന്‍ ശ്രമിക്കുന്നത് കൊണ്ട് മാഞ്ഞുപോകുന്നതല്ല ഇത്തരം അസുഖങ്ങള്‍. മുറിവുകള്‍ സൃഷ്ടിക്കപ്പെടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റവും കൂടുതലുള്ളത് സമുദായ മത നേതാക്കള്‍ക്കാണെന്നതില്‍ അഭിപ്രായാന്തരമില്ലല്ലോ. അനുയായികള്‍ക്ക് സമാധാനം പഠിപ്പിക്കേണ്ടവര്‍ തന്നെ മുറിവുകള്‍ സൃഷ്ടിച്ചാലുണ്ടാകുന്ന നോവ് നമ്മുടെ സമൂഹത്തിന് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ സൃഷ്ടിച്ചെടുത്ത നോവുകള്‍ മായ്ക്കപ്പെടാന്‍ മുന്‍പന്തിയിലുണ്ടാകേണ്ടത് മുറിവുകള്‍ സൃഷ്ടിച്ചവര്‍ തന്നെയാണെങ്കിലും നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അത്തരം ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. സാമുദായിക ഐക്യവും സഹിഷ്ണുതയും തകര്‍ക്കാനിറങ്ങിയവര്‍ ഉത്സാഹം കാണിക്കാതെ, ഐക്യവും സമാധാനവും എല്ലായ്‌പ്പോഴും സംരക്ഷിക്കേണ്ടത് മുസ്‌ലിം സമൂഹത്തിന്റെ മാത്രം ബാധ്യതയായി മാറിയിരിക്കുന്നു.

കഴിഞ്ഞ 1400 വര്‍ഷങ്ങളായി മുസ്‌ലിംകള്‍ നമ്മുടെ നാടുകളിലുണ്ട്. ഇസ്‌ലാം എന്ന പദം അര്‍ഥമാക്കുന്നതു പോലെത്തന്നെ മുസ്‌ലിംകള്‍ എക്കാലവും സമാധാന പ്രിയരുമാണ്. ഇസ്‌ലാമിന്റെ ദൗത്യങ്ങളില്‍ അതിപ്രധാനമായതും ഈ സമാധാന സംസ്ഥാപനമാണ്. ആര്, എങ്ങനെ സമാധാനത്തെ ഹിംസിക്കാന്‍ ശ്രമിച്ചാലും അത് പുനഃസ്ഥാപിക്കാന്‍ മുസ്‌ലിംകള്‍ മുന്നിലുണ്ടാകുകയും ചെയ്യും. ഉണ്ടായിട്ടുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത്തരം ശ്രമങ്ങള്‍ക്ക് ഒരു വിഭാഗം മുന്നോട്ടു വരുന്നില്ലെന്നത് കേരള ജനതയെ മൊത്തം ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. കടുത്ത വാശിയും അണിയറകളിലെ വിദ്വേഷവും മാറ്റിവെച്ച് രംഗത്തിറങ്ങിയില്ലെങ്കില്‍ നമുക്ക് നഷ്ടപ്പെടാനിരിക്കുന്നത് സഹസ്രാബ്ദങ്ങള്‍ നാം അനുഭവിച്ച സന്തോഷവും സമാധാനവുമായിരിക്കും. ഭയം നീക്കേണ്ടതും വിദ്വേഷം മായ്ച്ചു കളയേണ്ടതും അതിന് കാരണക്കാരായവരുടെ കൂടി ഉത്തരവാദിത്വമാണ്. അതെല്ലാം മുസ്‌ലിം സമൂഹത്തിന്റെ മേലും പണ്ഡിതരുടെ മുതുകിലും കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ മനപ്പൂര്‍വമല്ലെങ്കിലും അങ്ങനെ സംഭവിക്കുന്നുവെന്നത് ദുഃഖകരമാണ്.

വേട്ടക്കാര്‍ക്ക് ഏണിവെക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങളും നടക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കേണ്ടവരെ അത്തരം ശ്രമങ്ങളില്‍ നിന്ന് പിന്നോട്ടു നയിക്കുന്നതിന് ഇതും കാരണമാകുന്നു. മുറിവുകളില്‍ ഇപ്പോഴും അള്ളിപിടിച്ചിരിക്കാതെ നോവകറ്റാന്‍ വേണ്ടി ഓരോരുത്തരും പറഞ്ഞ ആരോപണങ്ങള്‍ പിന്‍വലിക്കുകയാണ് ഇപ്പോള്‍ അനിവാര്യം. സമൂഹത്തിന്റെ ഭാവിയാണ് പരമമായ ലക്ഷ്യമെങ്കില്‍ പിടിവാശിയല്ല ആവശ്യം. സമവായ ചര്‍ച്ചകളെന്ന പേരില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. പക്ഷേ, തെറ്റുചെയ്തവര്‍ തിരുത്തിയതിനു ശേഷം കളങ്കപ്പെട്ട കാര്യങ്ങള്‍ തിരിച്ചുപിടിക്കാനാണ് സമവായങ്ങള്‍ ഉണ്ടാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതല്ല ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക സമൂഹത്തില്‍ എക്കാലവും മൂന്ന് തരം തിരുത്തല്‍ ശക്തികളാണ് പ്രവര്‍ത്തിച്ചത്. ഒന്ന് പൊതുജനമാണ്. രണ്ടാമത്തേത് യുവതയും മൂന്നാമത്തേത് കാര്യങ്ങളെ ഗൗരവത്തോടെ പഠിക്കലുമാണ്. ഇത് മൂന്നും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തെറ്റുചെയ്തവര്‍ മുന്നില്‍ നിന്ന് തിരുത്താന്‍ ശ്രമിക്കാത്ത കാലത്തോളം ഈ മൂന്നിനും അനിതര പ്രാധാന്യമുണ്ട്. നാടിന്റെ സമാധാനവും സൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിച്ചവരെ തിരുത്താനും കാര്യങ്ങള്‍ വേണ്ടതുപോലെ ബോധ്യപ്പെടുത്താനും പൊതുസമൂഹം എക്കാലവും മുന്നില്‍ നില്‍ക്കണം. ആധുനിക ലോകത്തിന്റെ മിടിപ്പുകള്‍ ഏറ്റവും കൂടുതലറിയുന്നത് യുവ ജനങ്ങളും വിദ്യാര്‍ഥികളുമാണല്ലോ. തീര്‍ച്ചയായും അവരൊരു തിരുത്തല്‍ ശക്തിയായി ഇനിയെങ്കിലും പ്രവര്‍ത്തിച്ചേ പറ്റൂ. അത് കുബുദ്ധികളെ വെളിച്ചത്ത് കൊണ്ടുവരികയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യും. ജിഹാദിനോടും നാര്‍കോട്ടിക് സംസ്‌കാരങ്ങളോടും നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനത്തോടും ഇസ്‌ലാമിനും ക്രൈസ്തവതക്കുമുള്ള ആധികാരിക നിലപാടുകള്‍ ആഴത്തില്‍ പഠന വിധേയമാക്കണം. ഒരു വിഭാഗത്തെ ആക്രമിക്കാന്‍ മറ്റൊരു വിഭാഗം ശ്രമിക്കുന്നത് മാത്രം പഠന വിധേയമാകാതെ നിഷ്പക്ഷ പഠനങ്ങള്‍ വരട്ടെ; തീര്‍ച്ചയായും അത് നമ്മുടെ മുഖച്ഛായ മാറ്റും. കലഹങ്ങളെക്കാള്‍ ഒരു സമൂഹത്തിന് എന്നും ഊര്‍ജം പകരുക പഠനങ്ങള്‍ തന്നെയാണല്ലോ.