Connect with us

Siraj Article

കടുത്ത ഊര്‍ജ പ്രതിസന്ധി ആരുടെ സൃഷ്ടിയാണ്?

കല്‍ക്കരി പ്രതിസന്ധി രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്ന് വന്നതോടെ കേന്ദ്ര ഊര്‍ജ മന്ത്രാലയം മുടന്തന്‍ ന്യായങ്ങള്‍ തട്ടിവിട്ട് പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ്

Published

|

Last Updated

വൈദ്യുതി പ്രതിസന്ധി ആസൂത്രണമില്ലായ്മയുടെയും കടുത്ത സ്വകാര്യവത്കരണ നയങ്ങളുടെയും അനിവാര്യമായ സൃഷ്ടിയാണ്. യു പി എ – എന്‍ ഡി എ സര്‍ക്കാറുകള്‍ തുടരുന്ന കല്‍ക്കരി ഖനനമുള്‍പ്പെടെയുള്ള ഫോസില്‍ ഇന്ധന നിക്ഷേപ രംഗത്തെ സ്വകാര്യവത്കരണ നയങ്ങള്‍ നേരത്തേ കോള്‍ ഇന്ത്യയുടെ കൈകളിലുണ്ടായിരുന്ന ഒട്ടുമിക്ക കല്‍ക്കരിപ്പാടങ്ങളെയും അംബാനി, അദാനിമാരുടെ ഉടമസ്ഥതയിലെത്തിച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് വേണം ഇന്ന് രാജ്യം നേരിടുന്ന ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായ കല്‍ക്കരി ദൗര്‍ലഭ്യതയെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍. കല്‍ക്കരി ക്ഷാമം അതിരൂക്ഷമായതോടെയാണല്ലോ മിക്ക സംസ്ഥാനങ്ങളും വൈദ്യുതി ക്ഷാമത്തിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്കാണെത്തിയിരിക്കുന്നത്. ലോഡ് ഷെഡ്ഡിംഗും പവര്‍കട്ടും അനിവാര്യമാക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നാണ് ഈ സംസ്ഥാനങ്ങള്‍ അറിയിക്കുന്നത്.

പല വൈദ്യുതി നിലയങ്ങളും കല്‍ക്കരി കിട്ടാതായതിനെ തുടര്‍ന്ന് അടച്ചതോടെ കേരളത്തിനുള്ള വൈദ്യുതി ലഭ്യതയിലും ഗണ്യമായ കുറവ് വന്നിരിക്കുന്ന സാഹചര്യം സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടി വരുമോയെന്ന സംശയം ഉയര്‍ത്തിയിട്ടുണ്ട്. പവര്‍കട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് കെ എസ് ഇ ബിയും കേരള സര്‍ക്കാറും നടത്തി നോക്കുന്നത്. ദീര്‍ഘകാല കരാര്‍ പ്രകാരം കമ്പനികളില്‍ നിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട വൈദ്യുതിയും കേന്ദ്ര വിഹിതവും തടസ്സപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ 3,800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. ഇതില്‍ 1,600 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കുന്നു. 2,200 മെഗാവാട്ട് വൈദ്യുതി പുറത്ത് നിന്ന് ലഭിക്കുന്നതാണ്. ഇതില്‍ ഇപ്പോള്‍ 1,800 മെഗാവാട്ട് വൈദ്യുതി മാത്രമേ ലഭിക്കുന്നുള്ളൂ. ദീര്‍ഘകാല കരാര്‍ പ്രകാരം ബാല്‍കൊ, ജാ ബുവ കമ്പനികളില്‍ നിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നില്ല. ഇതിന് പുറമെയാണ് കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വിഹിതത്തിലും കുറവുണ്ടായിരിക്കുന്നത്.

1948ലെ ദേശീയ ഖനന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് നരസിംഹ റാവു സര്‍ക്കാര്‍ ഇന്ത്യയുടെ എണ്ണ- പ്രകൃതി വാതക- കല്‍ക്കരി- ധാതു മേഖലകളില്‍ നാടനും വിദേശിയുമായ കുത്തകകളെ കടത്തിക്കൊണ്ടു വന്നത്. ഒ എന്‍ ജി സിയും കോള്‍ ഇന്ത്യയും മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും കൈകാര്യം ചെയ്തിരുന്ന അടിസ്ഥാന രാഷ്ട്ര വിഭവങ്ങള്‍ കുത്തകകള്‍ക്ക് വിറ്റുതുലക്കാനായിരുന്നു നാഷനല്‍ മൈനിംഗ് ആക്ടില്‍ ഭേദഗതി കൊണ്ടുവന്നത്. കല്‍ക്കരി മേഖലയില്‍ വന്‍ തോതില്‍ നടന്ന സ്വകാര്യവത്കരണവും കോള്‍ ഇന്ത്യയുടെ ഡിസ് ഇന്‍വെസ്റ്റ്‌മെന്റ് നടപടികളുമാണ് ഇന്ത്യയുടെ സുപ്രധാനങ്ങളായ കല്‍ക്കരിപ്പാടങ്ങളെ അംബാനി, അദാനിമാരുടെ കൈകളിലെത്തിച്ചത്. ഇന്ത്യയുടെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരി ഉപയോഗിച്ചുള്ള താപനിലയങ്ങളിലാണ് നടക്കുന്നത്. കല്‍ക്കരിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന 135ഓളം വൈദുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സാധാരണ ഗതിയില്‍ 15 മുതല്‍ 30 ദിവസം വരെയുള്ള കല്‍ക്കരി ശേഖരിച്ചു വെക്കാറുണ്ട്. സ്വകാര്യവത്കരണവും വൈദ്യുതി വിതരണ രംഗത്ത് നടപ്പാക്കുന്ന സ്വതന്ത്ര വിപണി നയങ്ങളും ആസൂത്രണവും കരുതലുമില്ലാത്ത അവസ്ഥയിലേക്ക് വൈദ്യുതി ഉത്പാദന നിലയങ്ങളെ എത്തിച്ചിരിക്കുന്നു. ഇപ്പോള്‍ പകുതിയിലേറെ നിലയങ്ങളിലും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് ശേഷിക്കുന്നത്!

കല്‍ക്കരി പ്രതിസന്ധി രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്ന് വന്നതോടെ കേന്ദ്ര ഊര്‍ജ മന്ത്രാലയം മുടന്തന്‍ ന്യായങ്ങള്‍ തട്ടിവിട്ട് പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോഴുള്ള വൈദ്യുതി ക്ഷാമത്തിനും അതിന് കാരണമായ കല്‍ക്കരി ദൗര്‍ലഭ്യതക്കും കാരണം മഴയും ഖനികളിലെ വെള്ളപ്പൊക്കവുമാണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ലോകത്തിലെ നാലാമത്തെ കല്‍ക്കരി ശേഖരമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍ക്കണം. വൈദ്യുതി ഉത്പാദനത്തിന് പ്രധാനമായും കല്‍ക്കരിയെ ആശ്രയിക്കുന്നത് കൊണ്ട് വിപുലമായ ഇറക്കുമതിയും ഇന്ത്യക്ക് ചെയ്യേണ്ടി വരുന്നു. ഇതിന് പ്രധാന കാരണം സ്വകാര്യവത്കരണം മൂലം സംഭവിച്ച ആഭ്യന്തര ഉത്പാദനത്തിലെ കുറവാണ്. ലോകത്തിലെ ഒന്നാമത്തെ കല്‍ക്കരി ഇറക്കുമതി രാജ്യം ഇന്ത്യയാണിന്ന്. ആഭ്യന്തര കല്‍ക്കരി ഉത്പാദനം 1990കള്‍ക്ക് മുമ്പ് 100 ശതമാനവും കോള്‍ ഇന്ത്യയായിരുന്നു. സ്വകാര്യവത്കരണവും കോള്‍ ഇന്ത്യ എന്ന പൊതുമേഖലയെ ദുര്‍ബലമാക്കുന്ന കോര്‍പറേറ്റ് അനുകൂല നയങ്ങളുമാണ് ആഭ്യന്തര കല്‍ക്കരി നിര്‍മാണത്തെ പരിമിതപ്പെടുത്തിയതും രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്കാവശ്യമായ കല്‍ക്കരി അദാനിമാരുടെ ആസ്‌ത്രേലിയയിലെയും ഇന്തോനേഷ്യയിലെയും കല്‍ക്കരി ഖനികളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥ സൃഷ്ടിച്ചതും.

Latest