Connect with us

National

നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്തു; ചർച്ചകൾക്ക് പുതിയ മധ്യസ്ഥൻ: കേന്ദ്രം സുപ്രീം കോടതിയിൽ

കേസ് പരിഗണിക്കുന്നത് 2026 ജനുവരിയിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡൽഹി | യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവെച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിഷയത്തിൽ ഒരു പുതിയ മധ്യസ്ഥൻ ഇടപെട്ടിട്ടുണ്ടെന്നും, പ്രതികൂലമായി ഒന്നും സംഭവിച്ചിട്ടില്ല എന്നതാണ് ഏക ആശ്വാസകരമായ കാര്യമെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയിൽ പറഞ്ഞു. നേ​ര​ത്തെ ഹ​ർ​ജി ന​ൽ​കി​യ കെ ​എ പോ​ൾ ആ​ണോ മധ്യസ്ഥൻ എ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് അ​ല്ലെ​ന്നാ​ണ് കേ​ന്ദ്രം മ​റു​പ​ടി ന​ൽ​കി​യ​ത്.

നിമിഷ പ്രിയയെ രക്ഷപ്പെടുത്താൻ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ‘സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ നൽകിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യങ്ങൾ അറിയിച്ചത്. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

പുതിയ മധ്യസ്ഥൻ ഇടപെട്ടതായി കേന്ദ്രം അറിയിച്ചതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് 2026 ജനുവരിയിലേക്ക് മാറ്റി. സ്ഥിതിഗതികൾ ആവശ്യപ്പെടുകയാണെങ്കിൽ നേരത്തെ കേസ് പരിഗണിക്കുന്നതിന് അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.

യമനി പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2020ലാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്. 2023ൽ നിമിഷപ്രിയയുടെ അപ്പീൽ യമനിലെ പരമോന്നത കോടതി തള്ളി. തുടർന്ന് നിമിഷ പ്രിയയുടെ വധശിക്ഷ ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ നടത്തിയ ഇടപെടലിന്റെ ഫലമായി യമൻ കോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. കാന്തപുരത്തിന്റെ അഭ്യർഥനയെ തുടർന്ന് യമനി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമര്‍ ഹബീബിന്റെ ഇടപെടലാണ് കുടുംബവുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. തലാലിന്റെ കുടുംബം അനുകൂല നിലപാട് സ്വീകരിച്ചതോടെ ശിക്ഷാവിധി സ്റ്റേ ചെയ്യുകയായിരുന്നു.

യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് പാലക്കാട് സ്വദേശിനിയായ 38കാരി നിമിഷ പ്രിയ തടവിൽ കഴിയുന്നത്. നിമിഷ പ്രിയയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടും പരസ്പരം യോജിച്ച ഒരു പരിഹാരത്തിലെത്താൻ ശ്രമിക്കുന്നതായും സർക്കാർ വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest