Connect with us

Articles

വിദേശ സര്‍വകലാശാലകള്‍ക്ക് വഴി തുറക്കുമ്പോള്‍

വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് നിദാനമാകും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുമായുള്ള ചര്‍ച്ചകള്‍ക്കും തുടര്‍ ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ ഇത്തരമൊരു ചരിത്ര പ്രാധാന്യമുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പാടുള്ളൂ.

Published

|

Last Updated

കഴിഞ്ഞ കുറെ കാലങ്ങളായി ഇന്ത്യയില്‍ നിന്ന് പഠനത്തിനായി വിദേശ സര്‍വകലാശാലകളിലേക്ക് ചേക്കേറുന്ന വിദ്യാര്‍ഥികളെ ചുറ്റിപ്പറ്റിയായിരുന്നു നമ്മുടെ ചര്‍ച്ചകളെങ്കില്‍ ഇന്ന് വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞയാഴ്ചയാണ് ഇത് സംബന്ധിച്ച് കരട് മാര്‍ഗരേഖ യു ജി സി പുറത്തിറക്കിയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഓണ്‍ലൈനായി സര്‍വകലാശാലകള്‍ക്ക് അപേക്ഷ നല്‍കാം. 45 ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനമുണ്ടാകും. പത്ത് വര്‍ഷത്തേക്കാണ് അനുമതി നല്‍കുക.

ഒന്നര വര്‍ഷം മുമ്പാണ് യു ജി സി വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഇന്ത്യയില്‍ തുടങ്ങാന്‍ തീരുമാനിച്ചത്. അതിനെക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയും അവര്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയുമുണ്ടായി. അതിലെ ശിപാര്‍ശയുടെ ഭാഗമായാണ് വിദേശസര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നത്.

വ്യവസ്ഥകള്‍
വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അനുമതി നല്‍കേണ്ടത് യു ജി സി ആണ്. കര്‍ശനമായ വ്യവസ്ഥകളോടെയും കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളോടെയുമാണ് സാധാരണ വിദേശ ഇടപാടുകള്‍ നടക്കുന്നതെങ്കിലും വിദേശ സര്‍വകലാശാലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ ഉദാരമായ വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തേക്കാണ് ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കുന്നതെങ്കിലും, ഒമ്പതാം വര്‍ഷം സര്‍വകലാശാലയുടെ പ്രകടനം വിലയിരുത്തി പുതുക്കി നല്‍കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും വിദൂര വിദ്യാഭ്യാസത്തിനുമുള്ള അനുമതി നല്‍കില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാ ക്ലാസ്സുകളും നേരിട്ട് നടത്തണം. പ്രവേശനം സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി പരിശോധിച്ചായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത് എന്ന നിര്‍ദേശവും യു ജി സി മുന്നോട്ടുവെക്കുന്നു. കൂടാതെ വിദേശത്ത് സര്‍വകലാശാല പ്രവര്‍ത്തിക്കുന്ന അത്ര ഗുണനിലവാരത്തില്‍ തന്നെ പ്രവര്‍ത്തിക്കണം. കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നല്‍കണം എന്നിങ്ങനെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ യു ജി സി മുന്നോട്ടുവെക്കുന്നുണ്ട്.

നേട്ടങ്ങള്‍
വിദേശ സര്‍വകലാശാലകളുടെ വരവ് രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് വലിയൊരളവില്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച സര്‍വകലാശാലകള്‍ രാജ്യത്ത് എത്തുന്നതോടെ ഇന്ത്യയിലെ പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനും അവരുടെ കഴിവുകള്‍ രാജ്യത്തിന് പ്രയോജനപ്പെടുത്താനും കഴിയും. വിദ്യാഭ്യാസ രംഗത്തെ രാജ്യത്തിന്റെ വളര്‍ച്ചയെ അത് ത്വരിതപ്പെടുത്തുക തന്നെ ചെയ്യും.

2021ല്‍ മാത്രം നാലര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് വിദേശങ്ങളില്‍ ഉപരി പഠനത്തിന് പോയത്. ഇതിലൂടെ മാത്രം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണ് വിദേശങ്ങളിലേക്ക് ഒഴുകിയത്. കഴിഞ്ഞ വര്‍ഷമാകട്ടെ (2022) അത് ആറര ലക്ഷത്തിന്റെ അടുത്തെത്തി നില്‍ക്കുകയുമാണ്. ഓരോ വര്‍ഷവും ഏതാണ്ട് 40 ശതമാനം വര്‍ധനവാണ് വിദേശത്തേക്കൊഴുകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. വിദേശ സര്‍വകലാശാലകളുടെ വരവോടെ വിദ്യാര്‍ഥികളുടെയും പണത്തിന്റെയും ഒഴുക്ക് തടയാനാകുമെന്ന് യു ജി സി കണക്കുകൂട്ടുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഇവിടെത്തന്നെ ലഭിക്കും എന്നതാണ് മറ്റൊരു നേട്ടം.

ഇന്നും നമ്മുടെ പല സര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളിലെ കരിക്കുലവും സിലബസും ഒക്കെ പിന്തുടരുന്നവരാണ്. അവിടുത്തെ അധ്യാപകരുടെ ഉയര്‍ന്ന നിലവാരവും അവരുടെ സേവനങ്ങളും ഇന്ത്യയില്‍ ലഭിക്കുമെന്നതും പ്രതീക്ഷാജനകമാണ്. അത്തരത്തില്‍ വിദേശ സര്‍വകലാശാലകളിലെ മികച്ച പ്രൊഫസര്‍മാരുടെ സാമീപ്യം മറ്റു സര്‍വകലാശാലകള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും. കൂടാതെ നമ്മുടെ സര്‍വകലാശാലകള്‍ക്ക് ഇവിടെയുള്ള വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുമായി പഠനം, ഗവേഷണം എന്നിവയിലൊക്കെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും. അത്തരം അവസരങ്ങള്‍ ഇവിടുത്തെ സര്‍വകലാശാലകള്‍ക്ക് ലഭിക്കുന്നത് അവയെ കൂടുതല്‍ മികവിലേക്ക് ഉയര്‍ത്താന്‍ സഹായിക്കും. എന്നാല്‍ വിദേശ സര്‍വകലാശാലകളുമായി മത്സരിച്ച് നമ്മുടെ സര്‍വകലാശാലകള്‍ അകാല ചരമമടയുമെന്ന വാദവും ശക്തമായുണ്ട്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഒന്നിലേറെ വിഷയങ്ങളിലെ പ്രോഗ്രാമുകള്‍ പഠിക്കാനും ബിരുദം കരസ്ഥമാക്കാനും കഴിയുമെന്നത് വലിയ പ്രാധാന്യത്തോടെയാണ് എടുത്തുകാട്ടപ്പെടുന്നത്. വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് ഇന്ത്യന്‍ സര്‍വകലാശാലകള്‍ ‘ട്വിന്നിംഗ്’ പ്രോഗ്രാമുകള്‍ നടത്താനും പദ്ധതിയുണ്ട്. അങ്ങനെയാകുമ്പോള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് വിദേശ സര്‍വകലാശാലയുടെ വരവോടെ കൂടുതല്‍ പ്രാധാന്യം കൈവരികയും ചെയ്യും.

പ്രശ്നങ്ങള്‍ നിരവധി
വിദേശ സര്‍വകലാശാലകള്‍ ക്യാമ്പസ് തുടങ്ങുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ കുറെയേറെ പരിഹരിക്കപ്പെടും എന്ന് കരുതാനാകില്ല. വിദേശ സര്‍വകലാശാലകളുടെ ഇവിടെയുള്ള ക്യാമ്പസ് വിദേശ സര്‍വകലാശാലകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് തടയുമോ എന്നത് കണ്ടറിയുക തന്നെ വേണ്ടിവരും. കാരണം, കേവലം പഠനത്തിന് വേണ്ടി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായി വിദേശങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ ചേക്കേറുന്നത്. അതിനൊപ്പം വിദേശ ജോലിയും സ്ഥിരതാമസവും കൂടി ലക്ഷ്യമിട്ടാണ്. പഠനത്തിനൊപ്പം തൊഴില്‍ കൂടി ചെയ്യാം. അതുവഴി പഠനത്തിനും മറ്റു ആവശ്യങ്ങള്‍ക്കും പണം സമ്പാദിക്കാന്‍ വിദേശങ്ങളില്‍ അവസരമുണ്ട്. അത് കുട്ടികള്‍ക്ക് വലിയ ആകര്‍ഷണമാണ്.

കുട്ടികളുടെ സംവരണം, ഫീസ് ഘടന എന്നിവയെക്കുറിച്ചാണ് വലിയ ആശങ്കകളുള്ളത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം യു ജി സി എടുത്തുപറയുമ്പോഴും നിലവിലുള്ള സ്വകാര്യ സര്‍വകലാശാലകളുടെ രീതി വിദേശ സര്‍വകലാശാലകള്‍ക്കും തുടരാം എന്നാണ് കരട് മാര്‍ഗ രേഖയില്‍ പറയുന്നത്. അങ്ങനെയാകുമ്പോള്‍ സംവരണം തുടരേണ്ട ആവശ്യം വിദേശ സര്‍വകലാശാലകള്‍ക്ക് ഉണ്ടാകില്ല. കൂടാതെ ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തിലും ഉറപ്പൊന്നും പറയാനാകില്ല. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹികനീതി ഉറപ്പാക്കിയുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്ന അവസ്ഥയുണ്ടാകും.

പ്രാദേശികവാദം പരിഗണിക്കേണ്ടിവരും
നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ ആണിക്കല്ലെങ്കിലും, വിദ്യാഭ്യാസം വിശിഷ്യാ ഉന്നത വിദ്യാഭ്യാസം ആഗോളതലത്തില്‍ സമീപിക്കേണ്ട സംഗതിയാണ്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ അതില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നതായി കാണാം. അതിന്റെ ഭാഗമായാണ് എം ബി ബി എസ് പാഠപുസ്തകങ്ങള്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം. ഇതിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉണ്ടാകുകയും ചെയ്തു. ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ തുടരുകയാണെങ്കില്‍ വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കാന്‍ ഇടയുണ്ട്. വിദേശ സര്‍വകലാശാലകളെ സംബന്ധിച്ച് പ്രാദേശികമായ പ്രത്യേകതകള്‍ അവര്‍ക്ക് അത്ര പരിചിതമല്ല. ഇന്ത്യയിലാകട്ടെ അതിന് ഏറെ പ്രാധാന്യവുമുണ്ട്. ഈ പ്രത്യേകതകള്‍ കൊണ്ട് തന്നെ പ്രാദേശികവാദങ്ങളെ മറികടന്ന് കേന്ദ്ര സര്‍ക്കാറിന് വിദേശ സര്‍വകലാശാലകളെ സുഗമമായി ഇന്ത്യയില്‍ ചലിപ്പിക്കുക എളുപ്പമാകില്ല.

സംസ്ഥാനങ്ങളുടെ സമീപനം
വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനൊപ്പം സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനത്തിനും പ്രസക്തിയുണ്ട്. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സര്‍വകലാശാലകളിലെ ധാരാളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മാത്രമല്ല, സര്‍വകലാശാലകളിലെ എന്റോള്‍മെന്റ് റേറ്റ് കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതും. ഈയവസരത്തില്‍ വിദേശ സര്‍വകലാശാലകളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകില്ല. മാത്രമല്ല, കോഴ്സ്, ഫീസ് ഘടന, പരീക്ഷകള്‍ എന്നിവയിലൊക്കെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൃത്യമായി ഇടപെടാനുള്ള അവസരം ഉണ്ടായിരിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ വിലയിരുത്തല്‍. വിദേശ സര്‍വകലാശാലകള്‍ ഈ തീരുമാനത്തെ ഏത് രീതിയില്‍ സമീപിക്കും എന്നത് പ്രധാനമാണ്. പൊതുവെ ഏതാണ്ട് പൂര്‍ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിദേശ സര്‍വകലാശാലകള്‍ ഈ ഇടപെടലുകളെ ഏത് രീതിയില്‍ വിലയിരുത്തും എന്നത് പറയാനാകില്ല. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന തമിഴ്‌നാടും ഈ തീരുമാനത്തെ തള്ളിക്കളയാന്‍ ഇടയുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും സര്‍വകലാശാലകളും രാഷ്ട്രീയം നിറഞ്ഞതും അവ പലപ്പോഴും കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ്. മലയാളികളെ സംബന്ധിച്ച് കലാലയങ്ങള്‍ സമര കേന്ദ്രങ്ങള്‍ കൂടിയാണ്. ഈ അന്തരീക്ഷവും വിദേശ സര്‍വകലാശാലകള്‍ക്ക് വളക്കൂറുള്ള മണ്ണല്ല സമ്മാനിക്കുന്നത്.

തീരുമാനം ചര്‍ച്ചകളിലൂടെയാകണം
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന ഓരോ തീരുമാനവും ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനവും നിര്‍ണായകവുമാണ്. വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നത് എന്തുകൊണ്ടും രാജ്യത്തിന്റെ പുരോഗതിക്ക് നിദാനമാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലെ പ്രത്യേക സാഹചര്യം പരിഗണിക്കുകയും ആഴത്തില്‍ പഠനത്തിന് വിധേയമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുമായുള്ള ചര്‍ച്ചകള്‍ക്കും തുടര്‍ ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ ഇത്തരമൊരു ചരിത്ര പ്രാധാന്യമുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പാടുള്ളൂ. അങ്ങനെ നീണ്ട പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം നടപ്പാക്കുകയാണെങ്കില്‍ ഈ ചുവടുവെപ്പ് ഒരുപക്ഷേ രാജ്യത്തിന്റെ പുരോഗതിയില്‍ അതി നിര്‍ണായകമായി മാറിയേക്കും.

 

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)