Connect with us

cover story

അവരെവിടെ ?

കുടുംബത്തില്‍ നിന്ന് പിണങ്ങി നാടുവിട്ടുപോകുന്ന ചിലര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചുവന്ന കഥകളേറെയുണ്ട് പഴയകാലത്ത്. ഇന്ന് കാലമേറെ മാറിയിരിക്കുന്നു. സൈബര്‍ സങ്കേതങ്ങള്‍ മനുഷ്യനെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും മനുഷ്യര്‍ അപ്രത്യക്ഷരാകുന്നു. അന്വേഷണ ഏജന്‍സികൾക്ക് കണ്ടെത്താന്‍ കഴിയാത്ത ഏതോ ദുരൂഹമായ ഇടങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എന്തായിരിക്കാം തുമ്പില്ലാതെ പോകുന്ന ഈ അപ്രത്യക്ഷമാകലിനു പിന്നില്‍?

Published

|

Last Updated

കണ്‍മുന്നില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷരായിപ്പോകുന്ന മനുഷ്യര്‍ സൃഷ്ടിച്ച ദുരൂഹതകള്‍ ഏറെയുണ്ട് നമ്മുടെ വര്‍ത്തമാന പത്രങ്ങളില്‍. കാണാതായിപ്പോകുന്ന ഈ മനുഷ്യരൊക്കെ എവിടേക്കാണ് പോകുന്നത്? പോലീസിന്റെ മാന്‍മിസ്സിംഗ് കേസുകളിലോ ഒറ്റ കോളം വാര്‍ത്തകളിലോ അവര്‍ അവസാനിക്കുന്നു. കേരളത്തില്‍ അരങ്ങേറിയ നരബലിക്കു പിന്നാലെ പോലീസ് തുമ്പില്ലാതെ പോയ എല്ലാ മാന്‍മിസ്സിംഗ് കേസുകളും വീണ്ടും പൊടിതട്ടിയെടുക്കുകയാണെന്ന് കേള്‍ക്കുന്നു. അങ്ങനെയുള്ള അന്വേഷണത്തില്‍ ഊരുട്ടമ്പലം ഇരട്ടക്കൊല പുറത്തുവന്നിരിക്കുന്നു. അങ്ങനെ ദുരൂഹമായി അപ്രത്യക്ഷരായ മനുഷ്യരില്‍ എത്രപേര്‍ കൊല്ലപ്പെട്ടിരിക്കാം, എത്രപേര്‍ അറിയപ്പെടാത്ത ദേശങ്ങളില്‍ ജീവിക്കുന്നുണ്ടാകാം. നാടുവിട്ടുപോയവര്‍ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവര്‍ എത്ര…കാത്തിരുന്നു കാത്തിരുന്നു കണ്ണടഞ്ഞുപോയവര്‍ എത്ര…

ആലപ്പുഴയിലെ നാല് വയസ്സുകാരന്‍ രാഹുലിന്റെയും പത്തനംതിട്ടയിലെ കോളജ് വിദ്യാര്‍ഥിനി ജസ്‌നയുടെയും തിരോധാനം മലയാളികളുടെ മുന്നില്‍ വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു. കേരളം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും ഉത്തരം കിട്ടാതെ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നതുമായ ഒരു സംഭവമാണ് കോട്ടയത്തെ ഹാഷിം -ഹബീബ ദമ്പതികളുടെ തിരോധാനം. അവിടെയും തീര്‍ന്നില്ല, ആകാശവാണി വാര്‍ത്താവതാരകനായിരുന്ന മാവേലിക്കര രാമചന്ദ്രന്‍, കടക്കരപ്പള്ളി സ്വദേശിനി ബിന്ദു, പാണാവള്ളി സ്വദേശി നിസാമുദ്ദീന്‍…അങ്ങനെ നീണ്ടുപോകുന്നു ആ പേരുകള്‍…

***************************************

2017 ഏപ്രില്‍ ആറ് വ്യാഴം. അന്നൊരു ഹര്‍ത്താല്‍ ദിനമായിരുന്നു. സമരം കഴിഞ്ഞ് വൈകിട്ടോടെ കടകള്‍ അങ്ങിങ്ങ് തുറന്നുതുടങ്ങി. അത്യാവശ്യ വാഹനങ്ങളും ആളുകളും നിരത്തിലിറങ്ങി. നഗരം പതിവുപോലെ പ്രകാശപൂരിതമായി. രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടുണ്ടാകും. ഇടക്കിടക്ക് ഹോട്ടല്‍ ഭക്ഷണം വാങ്ങാന്‍ പോകാറുള്ള ഹാഷിം അന്നും പുറത്തേക്ക് പോയത് ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞായിരുന്നു. പതിവിനു വിപരീതമായി അന്ന് ഭാര്യ ഹബീബയെയും കൂട്ടി. ആ യാത്രയില്‍ വീട്ടിലുള്ളവര്‍ക്ക് ഒരു പുതുമയും തോന്നിയില്ല. മക്കളായ ഫാത്വിമ (ഫിദ 13), ബിലാല്‍ (9) എന്നിവരെ പിതാവായ അബ്ദുൽ ഖാദറിനെ ഏല്‍പ്പിച്ചായിരുന്നു പുതുതായി വാങ്ങിയ ഗ്രേ നിറമുള്ള മാരുതി വാഗൺആർ കാറില്‍ അവര്‍ പോയത്. മൊബൈല്‍ ഫോണ്‍, പേഴ്‌സ്, എ ടി എം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ വീട്ടില്‍ തന്നെ വെച്ചിരുന്നു.
രാത്രി വളരെ വൈകിയിട്ടും ഇവരെ കാണാതായതിനെത്തുടര്‍ന്ന് വിഷമിച്ച അബ്ദുല്‍ ഖാദിര്‍ ഹാഷിമിന്റെ സുഹൃത്തുക്കളേയും മറ്റ് ബന്ധുക്കളേയും വിളിച്ചന്വേഷിച്ചെങ്കിലും ആര്‍ക്കും ഒരറിവും ഇല്ലായിരുന്നു. വിവരം അറിഞ്ഞു പോലീസും അന്ന് രാത്രി എല്ലാ അന്വേഷണവും നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവന്തിയോളം ആ ബന്ധുക്കള്‍ ഹാഷിം – ഹബീബ ദമ്പതികള്‍ക്കായി കാത്തിരുന്നു. ഒരു ഫലവുമുണ്ടായില്ല.

പിറ്റേന്നും കോട്ടയം താഴത്തങ്ങാടി മീനച്ചിലാര്‍ ഇതൊന്നുമറിയാതെ ശാന്തമായി ഒഴുകി. എന്നാല്‍ അറുപറ ഗ്രാമം ഉണര്‍ന്നത് ആ ദമ്പതികളെ കാണാനില്ലെന്ന വാര്‍ത്ത ശ്രവിച്ചുകൊണ്ടായിരുന്നു. രാവിലെ തന്നെ ബന്ധുക്കള്‍ കുമരകം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. തുടർന്ന് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ദമ്പതികളുടെ തിരോധാനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. അതിന്റെ ഭാഗമായി ബസ് സ്റ്റാൻഡുകള്‍, റെയിൽവേ സ്റ്റേഷന്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ സ്ഥലങ്ങളെല്ലാം കേന്ദ്രീകരിച്ച് കാര്‍ വെള്ളത്തില്‍ വീണു മരണപ്പെട്ടതാകാം എന്ന നിഗമനത്തില്‍ മീനച്ചിലാറ് മുതല്‍ വേമ്പനാട് കായൽ വരെയും തിരച്ചില്‍ നടത്തി. എന്നിട്ടും ഇവരെ സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് ആക്്ഷന്‍ കൗണ്‍സിൽ രൂപവത്കരിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം തന്നെ വീണ്ടും അന്വേഷണവും പരിശോധനയും നടത്തി. വെള്ളത്തില്‍ വീണതാകാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ 2017 നവംബർ ഒന്നിന് അത്യാധുനിക ക്യാമറയുമായി കുമരകം ബോട്ടുജെട്ടിയിൽനിന്ന് വേമ്പനാട് കായൽ വരെയും വീണ്ടും അരിച്ചുപെറുക്കി പരിശോധന നടത്തിയെങ്കിലും നേരത്തേ നടത്തിയ അന്വേഷണത്തില്‍ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. കൂടാതെ 39 ഓളം സി സി ടി വി ക്യാമറകളും പരിശോധനക്ക് വിധേയമാക്കി. എന്നാല്‍, വീടിന് സമീപം മണിക്കുന്നത്തുള്ള ഒരു വീട്ടിലെ സി സി ടി വി ക്യാമറയില്‍ ഇവരുടെ കാറിന് സമാനമായ കാറില്‍ ഒരു സ്ത്രീയും പുരുഷനും ഈ സമയത്ത് കോട്ടയം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. മറ്റൊരു ക്യാമറയിലും ഇതിനു തുടര്‍ച്ചയായിട്ടുള്ള മറ്റൊന്നും കണ്ടെത്താനുമായില്ല. ഒറ്റക്ക് വാഹനം ഓടിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഹാഷിം തലേദിവസം പീരുമേട്ടില്‍ പോയതായി അവിടെയുള്ള സി സി ക്യാമറയില്‍ നിന്നും കണ്ടെത്താനായതായി പോലീസ് പറയുന്നു. എന്നാല്‍ താന്‍ കോട്ടയത്ത് തന്നെയുണ്ടായിരുന്നതായിട്ടാണ് തലേദിവസം ഹാഷിം വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും പോലീസ് ശക്തമായ പരിശോധന നടത്തിയിരുന്നു. അതീവ ദുഷ്കരമായ മത്തായി കൊക്ക, വളഞ്ഞങ്ങാനം, മുറിഞ്ഞപുഴ, പീര്‍ മുഹമ്മദ് ഖബര്‍സ്ഥാന്‍, പുല്ലുപാറ, ഏദന്‍മൗണ്ട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നീ പ്രദേശങ്ങളിലും അതിസാഹസികമായി നാട്ടുകാരുടെ സഹായത്തോടെ പോലീസ് പരിശോധന നടത്തി. കൂടാതെ തീര്‍ഥാടന കേന്ദ്രങ്ങളായ അജ്മീര്‍, ഏര്‍വാടി, നാഗൂര്‍ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നിരവധി സി സി ടി വി ക്യാമറകളും പരിശോധനക്ക് വിധേയമാക്കി. എന്നിട്ടും ഇവരുടെ തിരോധാനം സംബന്ധിച്ച് ഒരു തുമ്പും കണ്ടെത്താനായില്ല.

പ്രത്യേകിച്ച് ശത്രുക്കളില്ലാതിരുന്ന ഇവര്‍ പിന്നെ എവിടെപ്പോയി എന്ന ചോദ്യം അവശേഷിക്കുമ്പോള്‍ ഇരുവരും ആത്മഹത്യ ചെയ്തിരിക്കാം എന്ന നിഗമനവും ഉയര്‍ന്നിട്ടുണ്ടെങ്കിലും എവിടെ, എങ്ങനെ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനാകുന്നില്ല. ഇവരുടെ മൊബൈല്‍ഫോണ്‍, എ ടി എം കാര്‍ഡ്, പേഴ്‌സ് തുടങ്ങിയവ വീട്ടില്‍ തന്നെ െവച്ചിട്ട് ഇവര്‍ പോയതാണ് ആത്മഹത്യ ചെയ്‌തേക്കാമെന്ന നിഗമനത്തില്‍ നാട്ടുകാരും പോലീസും എത്തിച്ചേരാൻ കാരണം.

അതേസമയം, തൊട്ടടുത്ത കടയില്‍ ഭക്ഷണസാധനം വാങ്ങാന്‍ പോയപ്പോള്‍ അത്യാവശ്യമുള്ള പണം മാത്രം കൈയില്‍ കരുതി മറ്റൊന്നും ബോധപൂര്‍വം കൊണ്ടുപോകാത്തതാണെന്ന നിഗമനത്തിലാണ് വീട്ടുകാര്‍. തന്നെയുമല്ല, ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇവര്‍ക്കില്ലായിരുന്നെന്നും വീട്ടുകാര്‍ വിശ്വസിക്കുന്നു. തലേദിവസം പീരുമേട്ടില്‍ ഹാഷിം ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയെങ്കിലും താന്‍ കോട്ടയത്തുതന്നെ ഉണ്ടായിരുന്നതായി ഹാഷിം വീട്ടുകാരോട് എന്തിന് പറഞ്ഞു എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനായിട്ടില്ല. ഇതിനിടയില്‍ തിരോധാനത്തിന് ഒരു വര്‍ഷം തികഞ്ഞ നാളില്‍ കോട്ടയം ഗാന്ധി പ്രതിമക്ക് മുമ്പില്‍ ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹബീബയുടെ വീട്ടുകാര്‍ സമരം ചെയ്‌തെങ്കിലും മുന്പ് ഒപ്പമുണ്ടായിരുന്നവരാരും പിന്നീട് സമരത്തിനില്ലാതായി.

അതേസമയം, ഹാഷിമിനും ഹബീബക്കും ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും സംസാരമുണ്ട്. വീട്ടില്‍ നിസ്സാര കാരണത്തിന്റെ പേരില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നും പറയപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹബീബ അവരുടെ വീട്ടില്‍ പോയി നില്‍ക്കുന്നത് പതിവായിരുന്നു. അതേസമയം, തുടക്കത്തിൽ തന്നെ പോലീസ് കൂടുതല്‍ ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ സംഭവത്തിന് എന്തെങ്കിലും തുമ്പുണ്ടാക്കാന്‍ കഴിയുമായിരുന്നുവെന്ന അഭിപ്രായമുള്ളവരുമുണ്ട്.

***************************************

2018 മാര്‍ച്ച് 22. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടില്‍ പോകുന്നു എന്നു പറഞ്ഞു രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട കാഞ്ഞിരപ്പള്ളി സെന്റ്ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ പത്തനംതിട്ട കൊല്ലമുള കുന്നത്തുവീട്ടില്‍ ജസ്‌ന മരിയയുടെ തിരോധാനവും ഇതിന് സമാനമാണ്. രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട ജസ്‌ന അയല്‍ക്കാരന്റെ ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ വരെ പോയി. അവിടെ നിന്ന് സ്വകാര്യ ബസില്‍ എരുമേലിയില്‍ എത്തിയതായി സാക്ഷിമൊഴിയുണ്ട്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. പോകുമ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല. എന്നാല്‍, ജസ്‌ന ബന്ധുവീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് പിതാവ് ജെയിംസ് രാത്രി ഏഴരയോടെ എരുമേലി പോലീസിലും തുടര്‍ന്ന് വെച്ചൂച്ചിറ പോലീസിലും പരാതി നല്‍കി. സി ഐ, ഡിവൈ എസ് പി എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ അന്വേഷണം നടത്തിയെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല.

തുടര്‍ന്ന് സി ബി ഐ തിരുവനന്തപുരം യൂനിറ്റ് നടത്തിയ അന്വേഷണത്തില്‍ ആയിരക്കണക്കിന് ഫോണ്‍കോളുകളും പരിശോധനക്ക് വിധേയമാക്കി. പക്ഷേ, ഒരു തുമ്പും കണ്ടെത്താനായില്ല. കൂടാതെ ഏറ്റവും ഒടുവില്‍ ജസ്‌നയെ വിളിച്ച ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും ജസ്‌ന എവിടെ എന്നതിന് ഒരു തെളിവും ലഭിച്ചില്ല. തമിഴ്‌നാട്ടിലും െബംഗളൂരുവിലും വടക്കേ ഇന്ത്യയിലേക്കുമൊക്കെ അന്വേഷണം വ്യാപിപ്പിച്ചു. ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടയില്‍ ജസ്‌നയെ സിറിയയില്‍ കണ്ടെത്തിയതായി ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും പ്രചരിപ്പിച്ചു. ആ വാര്‍ത്തകളെല്ലാം കള്ളമാണെന്ന് പോലീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. പോലീസിന്റെ വിവിധ ഏജന്‍സികള്‍ അന്വേഷണം ഇപ്പോഴും തുടരുമ്പോഴും ജസ്‌ന എവിടെ എന്ന ചോദ്യത്തിന് മാത്രം ഉത്തരം കണ്ടെത്താനാകുന്നില്ല. ആ അന്വേഷണവും എങ്ങും എത്താതെ നീണ്ടുപോകുന്നു.

***************************************

2005 മെയ് 18നായിരുന്നു ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ എ ആര്‍ രാജു- മിനി ദമ്പതികളുടെ മകന്‍ ഏഴ് വയസ്സുകാരന്‍ രാഹുലിനെ കാണാതാകുന്നത്. രാവിലെ ട്യൂഷന് പോയി മടങ്ങിവന്ന ശേഷം ഉച്ചക്ക് രണ്ട് മണിയോടെ കൂട്ടുകാരുമൊത്ത് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന രാഹുല്‍ വെള്ളം കുടിക്കാനെന്നുപറഞ്ഞ് കളിക്കളത്തില്‍ നിന്നു പോയതാണ്. വീട്ടില്‍ എത്തിയില്ല. നാല് മണിയായിട്ടും കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരുമെല്ലാം ഒന്നടങ്കം അന്വേഷണം നടത്തിയെങ്കിലും രാഹുല്‍ എവിടെയെന്ന് കണ്ടെത്താനായില്ല. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും സി ബി ഐയുടെ മൂന്ന് സംഘങ്ങളും പല ഘട്ടങ്ങളിലായി കേസ് അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. സംശയമുള്ള ഒട്ടനവധി ആളുകളെ ചോദ്യം ചെയ്തു. സമീപപ്രദേശങ്ങളിലെല്ലാം അന്വേഷണം വ്യാപിപ്പിച്ചു.

സംശയമുള്ള കേന്ദ്രങ്ങളിലെല്ലാം ശക്തമായ അന്വേഷണം നടത്തി. കുട്ടികളെ സംശയകരമായി കണ്ടെത്തുമ്പോള്‍ വീട്ടുകാരെ അവിടെ വിളിപ്പിച്ചു പരിശോധിക്കുകയും ചെയ്തിരുന്നു. രാഹുലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. കുട്ടികളെ കാണാതാകുമ്പോള്‍ കേരളത്തിലെ അമ്മമാരുടെ മനസ്സില്‍ ആദ്യമെത്തുന്നത് ഈ കൊച്ചു ബാലന്റെ ചിത്രമാണ്. പോലീസിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിച്ചിട്ടും കണ്ടെത്താനാകാത്ത മറ്റൊരു സംഭവം കൂടിയായി ഇതുമാറി. രാഹുലിനെ കാണാതായിട്ട് ഇപ്പോള്‍ 17 വര്‍ഷമാകുകയാണ്. രാഹുലിന്റെ തിരോധാനവും ഏവരുടെയും മനസ്സിൽ നെരിപ്പോടുണർത്തി ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

***************************************

2012 സെപ്തംബര്‍ 22ന് ശേഷം ആകാശവാണി ഡല്‍ഹി യൂനിറ്റിലെ വാര്‍ത്താ അവതാരകനും സിനിമാ നടനും ചലച്ചിത അക്കാദമി മുന്‍ അംഗവുമായിരുന്ന മാവേലിക്കര രാമചന്ദ്രനെ ആരും കണ്ടിട്ടില്ല. എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അന്വേഷണം പലവഴിക്ക് നീങ്ങി. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും എല്ലാം തുടങ്ങിയയിടത്തു തന്നെ നില്‍ക്കുന്നു. 20 വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് വിരമിച്ച രാമചന്ദ്രന്‍ തിരിച്ചെത്തി സ്വദേശമായ മാവേലിക്കരയില്‍ താമസിച്ച ശേഷം തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു. ട്രിവാന്‍ഡ്രം ഹോട്ടല്‍, പി ആര്‍ എസ് കോര്‍ട്ട് എന്നിവിടങ്ങളിലായി വാടകക്ക് താമസിച്ച അദ്ദേഹം അവസാന കാലത്ത് ശംഖുമുഖത്തെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിന് സമീപം ഒരു കെട്ടിടത്തിലായിരുന്നു താമസം. 2011ല്‍ അന്നത്തെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന കെ ശങ്കരനാരായണനെ കാണാന്‍ പോയിരുന്ന രാമചന്ദ്രന്‍ 2012ലും അദ്ദേഹത്തെ കാണാന്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അനാരോഗ്യം കാരണം പോകേണ്ടെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. എന്നിട്ടും അദ്ദേഹം പോയിരുന്നതായി പറയുന്നു.

എഴുപത് വയസ്സുണ്ടായിരുന്ന അദ്ദേഹം 2012 സെപ്തംബര്‍ 26ന് വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനോട് മുംെബെക്കെന്ന് പറഞ്ഞ് ഒരു ചെറിയ ബാഗുമായി ടാക്‌സിയില്‍ പോയ അദ്ദേഹത്തെ കുറച്ചു നാള്‍ കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് എന്നാണ് അറിയാനായതെന്ന് രാമചന്ദ്രന്‍ നായരുടെ ജീവനക്കാരനായ മുരളീധരന്‍ നായര്‍ വലിയതുറ പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. 2013 മാര്‍ച്ച് ആറിന് കേസ് രജിസ്റ്റര്‍ ചെയ്ത് വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. അന്നത്തെ ആഭ്യന്തരമന്ത്രിക്ക് സുഹൃത്തുക്കളും മറ്റും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലും പോലീസ് ശക്തമായ അന്വേഷണം നടത്തിയെങ്കിലും രാമചന്ദ്രനെ കണ്ടെത്താനായില്ല. മറ്റ് പലതും പോലെ രാമചന്ദ്രന്റെ തിരോധാനവും ഉത്തരം കിട്ടാത്ത സമസ്യയായി ഇന്നും അവശേഷിക്കുന്നു.

***************************************

2021 സെപ്തംബര്‍ 29. മത്സ്യബന്ധന തൊഴിലാളിയും സി പി എം ആലപ്പുഴ തോട്ടപ്പള്ളി പൂന്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ തോട്ടപ്പള്ളി പൊരിയന്റെ പറമ്പില്‍ സജീവന്‍(54) ഉച്ചക്ക് കടലില്‍ നിന്നെത്തിയ ശേഷം തോട്ടപ്പള്ളി ജംഗ്ഷനിലെത്തിയ അദ്ദേഹത്തെ പിന്നെ കണ്ടവരാരുമില്ല. തുടർന്ന് ബന്ധുക്കള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി. നാലാം ദിവസം സജീവനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ സജിത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സജീവനെ കണ്ടെത്താന്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് എച്ച് സലാം എം എല്‍ എയും മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് തിരോധാനത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് പങ്കുണ്ടെന്നാരോപിച്ചു സജിത ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജിയും നൽകുകയുണ്ടായി. ഇതിനിടയില്‍ പോലീസ് ഒട്ടനവധി പേരെ ചോദ്യം ചെയ്‌തെങ്കിലും ഒരു തുമ്പും കിട്ടിയില്ല. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച അദ്ദേഹത്തിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം നടക്കുമ്പോഴും അദ്ദേഹം എവിടെ എന്ന ചോദ്യവും നാട്ടിലെങ്ങും ഉയര്‍ന്നു നില്‍ക്കുകയാണ്.

കേരളത്തില്‍ നിന്ന് ഒട്ടനവധിപേര്‍ ഇതിന് സമാനമായി കാണാതാകുകയും പിന്നീട് കണ്ടെത്താനാകാതെ വരികയും ചെയ്തിട്ടുണ്ട്. കുടുംബത്തില്‍ നിന്ന് പിണങ്ങി നാടുവിട്ടുപോകുന്ന ചിലര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു തിരിച്ചുവന്ന കഥകളേറെയുണ്ട് പഴയകാലത്ത്. ഇന്ന് കാലമേറെ മാറിയിരിക്കുന്നു. സൈബര്‍ സങ്കേതങ്ങള്‍ മനുഷ്യനെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും മനുഷ്യര്‍ അപ്രത്യക്ഷരാകുന്നു. അന്വേഷണ ഏജന്‍സികൾക്ക് കണ്ടെത്താന്‍ കഴിയാത്ത ഏതോ ദുരൂഹമായ ഇടങ്ങളില്‍ അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എന്തായിരിക്കാം തുമ്പില്ലാതെ പോകുന്ന ഈ അപ്രത്യക്ഷമാകലിന് പിന്നില്‍?
.

Latest