Articles
അങ്കം തെളിയുമ്പോള്‍
നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ ഡി എ) നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥി തന്നെ വിജയിക്കുമെന്നാണ് കരുതപ്പെടുന്നതെങ്കിലും ഒരു പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനായാല്‍ തിരഞ്ഞെടുപ്പ് രംഗത്തെ കണക്കുകള്‍ വെച്ച് പ്രതിപക്ഷത്തിനും സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പൊതുചിത്രം തന്നെ മാറ്റി മറിച്ചേക്കാം.

ഈ വര്‍ഷം ജൂലൈയില്‍ നിലവിലെ രാഷ്ട്രപതി രംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുകയാണ്. പുതിയ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് അങ്കം തെളിയുമ്പോള്‍ അത് ഈ നൂറ്റാണ്ടിലെ ഏറ്റവും ആവേശം ജനിപ്പിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് കൂടിയായി മാറ്റാന്‍ പ്രതിപക്ഷത്തിന് മുന്നില്‍ ഇപ്പോഴും സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നിടത്താണ് അടുത്ത കാലത്ത് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ നിന്ന് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. ഇരു മുന്നണികള്‍ക്കും 2024ലേക്കുള്ള പാത സുഗമമാക്കുന്നതിനുള്ള അവസരം കൂടിയാണിത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ഇരു മുന്നണികളും കരുക്കള്‍ നീക്കുന്നത്.
നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ ഡി എ) നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥി തന്നെ വിജയിക്കുമെന്നാണ് കരുതപ്പെടുന്നതെങ്കിലും ഒരു പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനായാല്‍ തിരഞ്ഞെടുപ്പ് രംഗത്തെ കണക്കുകള്‍ വെച്ച് പ്രതിപക്ഷത്തിനും സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പൊതുചിത്രം തന്നെ മാറ്റി മറിച്ചേക്കാം. മോദി-അമിത് ഷാ ദ്വയത്തിലേക്ക് ചുരുങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി മാറ്റാന്‍ പാകത്തിലുള്ള ഒരു രാഷ്ട്രീയ പരീക്ഷണത്തിന്റെ ട്രയല്‍ റണ്‍ നടത്താനുള്ള അവസരം കൂടിയായി പ്രതിപക്ഷത്തിന് ഈ അങ്കത്തെ ഉപയോഗപ്പെടുത്താം. അവിടെയാണ് പ്രശാന്ത് കിഷോറിനെപ്പോലുള്ള ഒരു പൊളിറ്റിക്കല്‍ എന്‍ജിനീയറുടെ സേവനം പ്രതിപക്ഷ മുന്നണിക്ക് ആവശ്യമായി വരുന്നത്. മുന്നണി സംവിധാനങ്ങളുടെ വോട്ടുകണക്കിലും പ്രത്യയശാസ്ത്ര ചേരിയുടെ സ്ഥാനമാറ്റങ്ങളിലുമുള്ള വൈരുധ്യങ്ങളാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
തിരഞ്ഞെടുപ്പ് രീതി
പാര്‍ലിമെന്റിന്റെ ഇരുസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമനിര്‍മാണ സഭകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ചേര്‍ന്ന ഒരു ഇലക്ടറല്‍ കോളജാണ് ഇന്ത്യന്‍ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യത്തിന്റെ ഭാഗമായി ഏക കൈമാറ്റ വോട്ടിംഗ് സമ്പ്രദായത്തിലാണ് വോട്ടിംഗ് നടക്കുക. വോട്ട് രേഖപ്പെടുത്തുന്നതോടൊപ്പം മുന്‍ഗണനാ വോട്ട് നല്‍കാനും വോട്ടര്‍ക്ക് അവസരമുണ്ട്.
കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് ഒരു നിശ്ചിത ക്വോട്ട വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിയാണ് വിജയം ഉറപ്പിക്കുന്നത്. ക്വാട്ട നിശ്ചയിക്കുന്നത് വോട്ട് മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്. മൊത്തം രേഖപ്പെടുത്തിയ സാധുതാ വോട്ടിന്റെ 50 ശതമാനത്തോട് ഒന്ന് കൂട്ടുന്നതായിരിക്കും ക്വാട്ട.
നിലവിലെ വോട്ട് മൂല്യങ്ങള്‍
ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്ക് ഒരു വോട്ട് മൂല്യവും സംസ്ഥാന നിയമസഭകളിലെ അംഗങ്ങള്‍ക്ക് ജനസംഖ്യാ നുപാതികമായി വ്യത്യസ്ത വോട്ട് മൂല്യവുമാണുള്ളത്. 2001ലെ 84-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് 1971ലെ സെന്‍സസിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലവിലെ വോട്ട് മൂല്യം കണക്കാക്കിയിട്ടുള്ളത്. രാജ്യസഭയിലെയും ലോക്‌സഭയിലെയും ഒരു എം പിയുടെ ഓരോ വോട്ടിന്റെയും നിശ്ചിത മൂല്യം 708 ആണ്. എം എല്‍ എമാരുടെ വോട്ട് മൂല്യത്തില്‍ ഉത്തര്‍ പ്രദേശിലാണ് ഓരോ എം എല്‍ എമാര്‍ക്കും ഏറ്റവും ഉയര്‍ന്ന വോട്ട് മൂല്യമുള്ളത്. 208 ആണ് നിലവിലെ മൂല്യം. തമിഴ്നാട്ടില്‍ 176, മഹാരാഷ്ട്രയില്‍ 175 എന്നിങ്ങനെ വരുന്നു വോട്ട് മൂല്യ കണക്ക്. അതേസമയം അരുണാചല്‍ പ്രദേശ്, മിസോറാം എന്നിവിടങ്ങളിലെ മൂല്യം വെറും എട്ടാണ്. അതുകൊണ്ട് തന്നെ എത്ര എം എല്‍ എമാര്‍ തങ്ങള്‍ക്കുണ്ട് എന്നതിനേക്കാള്‍ പ്രധാനം അവര്‍ ഏതെല്ലാം സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ്. യു പിയില്‍ നിന്നുള്ള എം എല്‍ എമാരുടെ വോട്ട് വിഹിതം മാത്രമെടുത്താല്‍ അത് രാജ്യത്തെ മൊത്തം എം എല്‍ എമാരുടെ വോട്ടു വിഹിതത്തിന്റെ 15 ശതമാനം വരും. നിലവിലെ കണക്കനുസരിച്ച് ഇലക്ടറല്‍ കോളജില്‍ ആകെ 10,98,903 വോട്ടുകളാണുള്ളത്. 6,264 വോട്ട് മൂല്യമുള്ള ജമ്മു കശ്മീര്‍ നിയമസഭ സസ്പെന്‍ഡ് ചെയ്തതോടെ ഭൂരിപക്ഷം 5,46,320 വോട്ടായി കുറയും. ബി ജെ പിക്ക് 4,65,797 വോട്ടുകളും സഖ്യകക്ഷികള്‍ക്ക് 71,329 വോട്ടുകളുമാണുള്ളത്. ഇത് ആകെ 5,37,126 വോട്ടുകളായി മാറും എന്നിരുന്നാലും 9,194 വോട്ടുകളുടെ കുറവുണ്ട്. അവിടെയാണ് പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ അത്ഭുതം സംഭവിക്കാന്‍ സാധ്യത തെളിയുന്നത്. പക്ഷേ ഈ വോട്ട് പ്രതിപക്ഷത്ത് നിന്ന് പിടിച്ചു വാങ്ങുക എന്നത് അമിത് ഷാ നയിക്കുന്ന എന്‍ ഡി എക്ക് അത്ര പ്രയാസമുള്ള ഒന്നല്ല. ആന്ധ്രയില്‍ ജഗ്്‌മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ്സ്, ഒഡീഷയിലെ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികള്‍ ഭരണകക്ഷിയായ ബി ജെ പിക്കെതിരെ പ്രതിപക്ഷത്തിനൊപ്പം ഉണ്ടാകില്ലെന്ന് അറിയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ആ വോട്ടുകള്‍ പിടിച്ചാല്‍ തന്നെ എന്‍ ഡി എക്ക് പാട്ടുംപാടി ജയിക്കാനാകും.
പ്രതിപക്ഷത്തിന്റെ സാധ്യതകള്‍
നിലവില്‍ മുന്നണി സംവിധാനം അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് പരിശോധിച്ചാല്‍ രണ്ട് ശതമാനത്തിനും താഴെ വോട്ടിന്റെ കുറവ് മാത്രമാണ് എന്‍ ഡി എക്കുള്ളത്. എന്നാല്‍ ബി ജെ ഡിയുടെയും വൈ എസ് ആര്‍ കോണ്‍ഗ്രസ്സിന്റെയും വോട്ട് കൂട്ടിയാല്‍ അത് പരിഹരിക്കപ്പെടും. നിലവില്‍ എന്‍ ഡി എയുടെ ഭാഗമല്ലാത്ത ഈ കക്ഷികളെ പ്രതിപക്ഷത്ത് തന്നെ പിടിച്ചു നിര്‍ത്താനായാല്‍ പ്രതിപക്ഷത്തിന് അത് വലിയ കരുത്താകും. മാത്രവുമല്ല എന്‍ ഡി എ പാളയത്തില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അടര്‍ത്തിയെടുത്ത് നിലവിലെ പ്രതിപക്ഷ വോട്ടുകളില്‍ വിള്ളലുകളില്ലാതെ സൂക്ഷിച്ചാലും ചിത്രം മാറും. നിലവില്‍ ബിഹാറില്‍ ബി ജെ പിയും നിതീഷ് കുമാറും അത്ര രസത്തിലല്ല മുന്നോട്ട് പോകുന്നത്. അത് മുതലെടുക്കാനുള്ള ഒരു വഴി ആര്‍ ജെ ഡി-ജെ ഡി യു സഖ്യം അധികാരം പിടിക്കുകയും ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ തന്നെ പരിഗണിക്കുകയും ചെയ്യുക എന്നതാണ്. അത് ചെറിയ ശ്രമമായിരിക്കില്ല. അതുകൊണ്ട് തന്നെ ആ സാധ്യതകള്‍ക്ക് ബലമില്ല എന്നതാണ് സത്യം. പക്ഷേ ഇതുവരെ ഒരു മുന്നണിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതിനാല്‍ വരും ദിവസങ്ങളിലെ ചര്‍ച്ചകളിലും പ്രതീക്ഷയുണ്ട്. ഒരു പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ പ്രതിപക്ഷത്തിന് കണ്ടെത്താനായാല്‍ നിലവിലെ മുന്നണി സമവാക്യങ്ങളെയും മാറ്റാന്‍ കഴിയും. കോണ്‍ഗ്രസ്സ് വലിയ കടുംപിടിത്തം ഒഴിവാക്കി ശരത് പവാറിനെ പോലെ ഒരാളെ മുന്നില്‍ നിര്‍ത്തിയാല്‍ പ്രതിപക്ഷ നിരയില്‍ അതുണ്ടാക്കുന്ന ഉണര്‍വ് ചെറുതായിരിക്കില്ല. വെറ്ററന്‍ നേതാവ് എന്ന നിലയില്‍ പ്രാദേശിക കക്ഷികള്‍ക്കും കൂടി സ്വീകാര്യനായി പവാറിനെ പോലെ മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ്. മമതക്ക് മാത്രമാണ് പവാറിനോട് ചെറിയ ഈഗോ ക്ലാഷുള്ളത്. കോണ്‍ഗ്രസ്സിന് മുന്നിലുള്ള മറ്റൊരു സാധ്യത കോണ്‍ഗ്രസ്സിന്റെ തന്നെ മുതിര്‍ന്ന നേതാവായ ഗുലാംനബി ആസാദാണ്. ഗുലാംനബി ആസാദിനെ ബി ജെ പി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന ഗോസിപ്പുകളും പപ്പരാസികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ ഇത്തവണ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതടക്കം അവര്‍ ഇതിനോട് ചേര്‍ത്തു വായിക്കുന്നുണ്ട്. പക്ഷേ അടിമുടി കോണ്‍ഗ്രസ്സുകാരനായ ഗുലാംനബി ആസാദ് ബി ജെ പി സ്ഥാനാര്‍ഥിയാകാന്‍ ഇപ്പോള്‍ സാധ്യതയില്ല. പക്ഷേ ഇതുവരെ സ്ഥാനാര്‍ഥി ആരാകണമെന്നത് സംബന്ധിച്ച് ഒരു പൊതുധാരണ പോലും പ്രതിപക്ഷത്ത് ഉണ്ടായതായി കേള്‍ക്കുന്നില്ല. മാത്രമല്ല ഒരു പേര് മുന്നോട്ട് വെക്കാന്‍ പോലും ഇതുവരെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുമില്ല എന്നതാണ് പ്രതിപക്ഷ സാധ്യതകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നത്.
ബി ജെ പിയുടെ തന്ത്രങ്ങള്‍
രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നത് സംബന്ധിച്ച് ബി ജെ പിക്ക് കൃത്യമായ ധാരണയുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബി ജെ പിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെയും പേരുകളാണ് സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ വെങ്കയ്യ നായിഡു മോദി-അമിത് ഷാ ദ്വയത്തോട് അത്രകണ്ട് വിധേയപ്പെടുന്ന ആളല്ല. മാത്രവുമല്ല പ്രതിപക്ഷ ബഹുമാനം സൂക്ഷിക്കുകയും പാര്‍ട്ടി ലൈനില്‍ മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന വാജ്പെയിയെ പോലുള്ള ഒരു നേതാവാണ് അദ്ദേഹം. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ അഡ്വാനിയെ വെട്ടിയ പോലെ അവസാന നിമിഷം നായിഡുവിനെ വെട്ടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ രാജ്നാഥ് സിംഗ് തികഞ്ഞ മോദി ഭക്തനാണ്. വാജ്പെയ് സര്‍ക്കാറിന്റെ കാലത്ത് അബ്ദുല്‍ കലാമിനെ രാഷ്ട്രപതിയാക്കി കോണ്‍ഗ്രസ്സിന്റെ അടക്കം വോട്ട് പെട്ടിയിലാക്കിയ പോലെ ഒരു ചാണക്യ തന്ത്രം ഇത്തവണയും മോദി-അമിത് ഷാ കൂട്ടുകെട്ടില്‍ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഗോത്രവര്‍ഗ വനിതാ നേതാവായ ഛത്തീസ്ഗഢ് ഗവര്‍ണര്‍ അനുസൂയ ഉയ്കെയും മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവും പ്രസിഡന്റ് സ്ഥാനത്തേക്ക് ബി ജെ പി പരിഗണിക്കുന്ന ലിസ്റ്റിലുണ്ട്. കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്്‌ലോട്ടിന്റെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും പേരുകളും അന്തരീക്ഷത്തിലുണ്ട്. അബ്ദുല്‍ കലാമിന് ശേഷം വീണ്ടുമൊരു മുസ്ലിമിനെ ബി ജെ പിക്ക് രാഷ്ട്രപതി ഭവനിലെത്തിക്കാനായാല്‍ അത് ബി ജെ പിയുടെ ഹിന്ദുത്വ മുഖം മറച്ചു പിടിക്കാനും തിരഞ്ഞെടുപ്പ് രംഗത്ത് വലിയ രീതിയില്‍ പ്രൊജക്ട് ചെയ്യാനും അവരെ സഹായിക്കും. രാഷ്ട്രപതി സ്ഥാനത്തേക്ക് വന്നില്ലെങ്കില്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ഈ പേരുകള്‍ പരിഗണിച്ചേക്കാം എന്ന് റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ തവണ രാംനാഥ് കോവിന്ദ് വന്ന പോലെ ഇവരൊന്നുമല്ലാത്ത ഒരു പുതുമുഖത്തെ ബി ജെ പി മുന്നോട്ട് വെച്ചാലും അതില്‍ അത്ഭുതപ്പെടാനുണ്ടാകില്ല. ജൂണ്‍ പകുതിയോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യപ്പെടുകയും ഒരു മാസത്തിന് ശേഷം വോട്ടെടുപ്പ് നടത്തുകയും ചെയ്യുക എന്നതാണ് രീതി.
സ്ഥാനാര്‍ഥി ചിത്രം തെളിയുന്നത് വരെ ഇപ്പോഴത്തെ എല്ലാ സമവാക്യങ്ങളും സാധ്യതകളും മാറി മാറിയും. പക്ഷേ ഇരു മുന്നണികള്‍ക്കും ഈ തിരഞ്ഞെടുപ്പ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നണി സാധ്യതകളുടെ അടിത്തറ സ്ഥാപിക്കലാണ് എന്നിടത്താണ് ഇത്തവണത്തെ പോരാട്ടം അടുത്ത കാലത്ത് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്.