Kerala
സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു, ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചു; ഡോ. ഹാരിസ് ചിറയ്ക്കല്‍
എല്ലാവരുമായും സൗഹൃദത്തോടെ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോ. ഹാരിസ്

തിരുവനന്തപുരം| സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു, എന്നാല്‍ ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. ചിലര്‍ ഡോക്ടര്‍മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു. സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. കാലം അവര്‍ക്കെല്ലാം മാപ്പ് നല്‍കട്ടെ എന്നും കെജിഎംസിറ്റിഎ ഗ്രൂപ്പിലെ സന്ദേശത്തില്‍ ഡോ. ഹാരിസ് പ്രതികരിച്ചു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാണുന്നവരും, ഒപ്പം പഠിച്ചവരും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍. എന്തായാലും പിന്നില്‍ നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.
എല്ലാം കണ്ടെത്തി, ഇനി ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു പോയവരാണ്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. എന്താണെന്ന് ഫോണ്‍ വിളിച്ചു ചോദിക്കുക പോലും ചെയ്യാതെയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അതിന് പിന്നില്‍ എന്താണെന്ന് തനിക്കറിയില്ല. ഇവരെല്ലാം എന്താണ് അങ്ങനെ പെരുമാറിയത് എന്നറിയില്ല. താന്‍ വെറുമൊരു ജോലിക്കാരന്‍ മാത്രമാണ്. ഇവരുടെയെല്ലാം പിന്തുണയും സഹായവും ഉണ്ടെങ്കില്‍ മാത്രമേ ഡിപ്പാര്‍ട്ട്മെന്റിനെ മുന്നോട്ടു കൊണ്ടുപോകാനാകൂ. എല്ലാ സംവിധാനവും ഒരുക്കിത്തരേണ്ടത് അവരാണ്. ശത്രുപക്ഷത്തു നിന്ന് പോകാന്‍ പറ്റുന്ന രംഗമല്ല ഇതെന്നും ഒരു രോഗിക്ക് ബുദ്ധിമുട്ട് നേരിട്ടാല്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാരും ചേര്‍ന്ന് നോക്കിയാലാണ് രോഗിയെ രക്ഷിക്കാനാകൂവെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. എല്ലാവരും തമ്മില്‍ സൗഹാര്‍ദ്ദത്തോടെയും വിട്ടുവീഴ്ചയോടെയും പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് മെഡിക്കല്‍ കോളജ്. കുറച്ചുപേര്‍ ശത്രുപക്ഷത്ത് നിന്നാല്‍ നല്ല പ്രവര്‍ത്തനം സാധ്യമാകില്ല. എല്ലാവരുമായും സൗഹൃദത്തോടെ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡോ. ഹാരിസ് പ്രതികരിച്ചു.